മഞ്ഞ്-- എം.ടി.
മഞ്ഞിന്‍റെ പുനര്‍ വായന
എത്രയോ വര്‍ഷങ്ങള്‍ക്ക്
ശേഷം മഞ്ഞിന്‍റെ പുനര്‍ വായന നടത്തി. നൈനിത്താളൊക്കെ ഒരു സ്വപ്നലോകം പോലെ മനസ്സില്‍
നിന്ന കാലത്തെ, ആ പ്രായത്തിലെ വായനയുടെ സുഖം ഇന്ന് മഞ്ഞ് നല്കുന്നില്ല. മനസ്സ്
മലിനമായതാകാം കാരണം, അതോ ലോകം ഒരുപാട് കണ്ടതിന്‍റെയും ഒത്തിരി വായിച്ചതിന്‍റെയും
കുഴപ്പമാണോ. പുസ്തകത്തില്‍ നിന്നും കെ.പി.ശങ്കരന്‍റെ പഠനം ഒഴിവാക്കിയിരുന്നെങ്കില്‍
കുറേക്കൂടി വായനാ സുഖം ലഭിക്കുമായിരുന്നു എന്നും തോന്നി.
ഒരുപാട് പറയാതെ ഒതുക്കി
എന്നതും നായര്‍ കൂട്ടുകുടുംബം കടന്നുവരുന്നില്ല എന്നതും ആശ്വാസകരമായ കാര്യങ്ങള്‍
തന്നെയാണ്. എംടി ഇന്ന് ഈ പുസ്തകത്തില്‍ കൈവച്ചാല്‍ ഇതില്‍ നിന്നും
മൂന്നിലൊന്നുകൂടി കുറയും എന്ന കാര്യത്തിലും സംശയമില്ല. ഇത് എംടിക്ക് മാത്രമല്ല ഏത്
എഴുത്തുകാരനും ബാധകമാണ് എന്നും പറയാതെ വയ്യ.
നൈനിത്താളിന്‍റെ കാഴ്ചകള്‍
കഴിവതും ഭംഗിയായി പറഞ്ഞു പോകാനും മനോഹരമായി കഥയില്‍ ഉള്‍ച്ചേര്‍ക്കാനും മഹാനായ
എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. വായനക്കാരന് പൂര്‍ത്തിയാക്കാന്‍ ഒരു പാട്
ബാക്കിയിട്ടുള്ള രചന പ്രശംസനീയം തന്നെ. ഒരു സത്രത്തില്‍ താമസിക്കാന്‍ വന്ന്
പരസ്പ്പരം അധികമൊന്നുമറിയാതെ മിണ്ടിയും ചിരിച്ചും കടന്നു പോകുന്ന മനുഷ്യരെ
പോലെയാണ് സുഖവാസ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നവരും. വന്നു പോകുന്നവരുടെ ആനന്ദം
അവിടെ സ്ഥിരവാസമാക്കുന്നവര്‍ക്കുണ്ടാവില്ല. ഒരുപാട് നോവിപ്പിക്കുന്ന ഓര്‍മ്മകള്‍
അവര്‍ക്കുണ്ടാവും. വിമലയും ബുദ്ദുവും അത്തരം കഥാപാത്രങ്ങളാണ്, എന്നാല്‍ സുധീര്‍
കുമാര്‍ മിശ്രക്കും സര്‍ദാര്‍ജിക്കും
അനുഭവങ്ങള്‍ മറ്റൊരു തരത്തിലാണ്. എംടിഭാഷയുടെ സംഗീതം ഇതിലുമേറെ അനുഭവപ്പെടുന്നത്
രണ്ടാമൂഴത്തിലല്ലേ എന്ന് സംശയം. മഞ്ഞില്‍ ആംഗലേയത്തിന്‍റെ ഒരു പരിഭാഷാ സ്വഭാവം
ഇടയ്ക്കൊക്കെ അനുഭവപ്പെടുന്നു. മനസ്സില്‍ ആവേശം നഷ്ടപ്പെട്ട ഈ കാലത്തും മഞ്ഞിന്‍റെ
വായന നിരാശപ്പെടുത്തുന്നില്ല എന്നു പറയാന്‍ കഴിയും.