വിപിആര്‍ റീവിസിറ്റഡ്
സംസ്ഥാന സര്‍ക്കാരിന്‍റെ
2013ലെ സ്വദേശാഭിമാനി കേസരി പുരസ്ക്കാര ജേതാവായ വി.പി.രാമചന്ദ്രന്‍റെ
ജീവിതാനുഭവങ്ങളുടെ പുസ്തക രൂപമാണ് വിപിആര്‍ റീവിസിറ്റഡ്. അങ്കിത ചീരകത്തിലാണ്
പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു നോവല്‍ വായിക്കും വിധം ഒറ്റയിരുപ്പില്‍
വായിച്ചു പോകാവുന്ന പുസ്തകമാണിത് എന്നതാണ്
ഇതിന്‍റെ പ്രത്യേകത. പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാത്തരം വായനക്കാര്‍ക്കും
നല്ലൊരു വയനാനുഭവം പുസ്തകം പകര്‍ന്നു നല്കും.
എത്തിച്ചേരേണ്ട ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ
ധാരണ,നിരന്തരമായ കഠിനാധ്വാനം,ഗുണമോ ദോഷമോ എന്നു നോക്കാതെ വന്നു ചേരുന്ന എല്ലാ
അനുഭവങ്ങളെയും സ്വീകരിക്കാനുള്ള മനസ്സ്, ഇവയാണ് വി.രാമദാസ് എന്ന വ്യക്തിത്വത്തെ
വി.പി.രാമചന്ദ്രനെന്ന അസാധാരണ പത്രപ്രവര്‍ത്തകനാക്കിയതെന്ന് ജീവചരിത്രം നമ്മെ
അറിയിക്കുന്നു.
1924 ഏപ്രില്‍ 21ന്
ദാരിദ്ര്യം അനുഭവിക്കുന്ന ഒരു നായര്‍ കുടുംബത്തില്‍ പിറന്ന അസുന്ദരനായ കുട്ടി,
അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ലാതെ വളരുന്നു. പഠന
തത്പ്പരത കുറഞ്ഞവനും കളികളില്‍ താത്പ്പര്യമേറിയവലുമായ അവന്‍ വീട്ടിലെ ദുരിതങ്ങളില്‍
നിന്നും പടിയിറങ്ങുന്നത് പത്താം തരവും ടൈപ്പ്റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍റും പഠിച്ച്
പൂനയിലേക്ക് യാത്രയാവുന്നതോടെയാണ്. ആ കാലത്തെ മലയാളികളില്‍ ഭൂരിപക്ഷവും അവരുടെ
മറുനാടന്‍ യാത്ര തുടങ്ങുന്നത് ഇങ്ങിനെയായിരുന്നു. രാമചന്ദ്രന്‍ പക്ഷെ ഒരു
മിലിട്ടറി ക്ലാര്‍ക്കായി ഒതുങ്ങാന്‍ ആഗ്രഹിച്ചില്ല. സൌഹൃദങ്ങളുടെ ഗുണഫലം കൊണ്ട്
അസോസിയേറ്റ് പ്രസ്സ് ഓഫ് ഇന്ത്യയില്‍ ടെലിപ്രിന്‍റര്‍ ഓപ്പറേറ്ററായി. താത്ക്കാലിക
ജോലിയായിട്ടും അതേറ്റെടുക്കാന്‍ തയ്യാറായത് വിപിആറിന്‍റെ ജീവിതം മാറ്റിമറിച്ച തീരുമാനമായി.
ജോലിയിലുള്ള ആത്മാര്‍ത്ഥത ഒന്നുകൊണ്ടു മാത്രം അവിടെ തുടരാന്‍
കഴിഞ്ഞു. 1947ല്‍ ഇന്ത്യ സ്വതന്ത്രയായപ്പോള്‍ സ്ഥാപനം പ്രസ്സ് ട്രസ്റ്റ് ഓഫ്
ഇന്ത്യയായി മാറി. ജീവിത ദുരിതം സഹിക്കാന്‍ കഴിയാതെ ടെലിപ്രിന്‍റര്‍ ഓപ്പറേറ്റര്‍മാര്‍
നടത്തിയ സമരത്തിന് നേതൃത്വം നല്കി. ശമ്പളം കൂട്ടിക്കിട്ടി. എന്നാല്‍ ഭാവിയില്‍ ഒരു
സമരം ഒഴിവാക്കാനായി സ്ഥാപനം സമര നേതാക്കളെ ബോംബെയില്‍ നിന്നും സ്ഥലം മാറ്റി. വിപി
രാമചന്ദ്രന്‍ എത്തിപ്പെട്ടത് ആ കാലത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത
ഗോഹട്ടിയിലായിരുന്നു.പത്രപ്രവര്‍ത്തകനാകാന്‍ എന്ത് ത്യാഗവും സഹിക്കുമെന്ന
സമീപനത്തിലായിരുന്നു വിപിആര്‍.അദ്ദേഹം ഗോഹട്ടിയിലെത്തി. മഴയും പ്രകൃതി ഭംഗിയും
സ്നേഹമുള്ള മനുഷ്യരും ഒത്തിണങ്ങിയ ഗോഹട്ടിയിലെ ജീവിതം ആസ്വദിക്കാന്‍ വിപിആറിന്
ബുദ്ധിമുട്ടുണ്ടായില്ല.
1950ല്‍ മടങ്ങി
ബോംബെയിലെത്തുമ്പോള്‍ ഒരു പത്രപ്രര്‍ത്തകന്‍റെ ജോലി തനിക്ക് ലഭിക്കും എന്ന്
അദ്ദേഹം ആത്മാര്‍ത്ഥമായി കരുതി. ഗോഹട്ടിയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയ
അനുഭവങ്ങളുള്ളതിനാല്‍ അത് ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടായിരുന്നില്ല. എന്നാല്‍
ന്യൂസ്സ് എഡിറ്റര്‍ അത് അംഗീകരിച്ചില്ല. വളരെ ശ്രമപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍
അസിസ്റ്റന്‍റ് ആക്കി. എന്നാല്‍ മോശമായി പെരുമാറുകയും ചെയ്തു. ഉന്നത
ഉദ്യോഗസ്ഥരുമായുള്ള ആരോഗ്യകരമായ സൌഹൃദം തുണച്ചതുവഴി ന്യൂഡല്‍ഹിയിലേക്ക് മാറ്റം
വാങ്ങി. അവിടെ പ്രവര്‍ത്തിക്കുന്ന കാലം ഏ.കെ.ഗോപാലന്‍ ഉള്‍പ്പെടെ പല
പ്രശസ്തരുമായും സൌഹൃദത്തിലായി. ഡല്‍ഹി മലയാളി അസ്സോസ്സിയേഷനിലെ പ്രധാനപ്പെട്ട
അംഗമായും മാറി. പഞ്ചാബ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പല പ്രധാന സംഭവങ്ങളും റിപ്പോര്‍ട്ടു
ചെയ്യാന്‍ അവസരം കിട്ടി.
1956ലാണ് ലാഹോര്‍ പ്രതിനിധിയായി മാറ്റം കിട്ടുന്നത്.
പാകിസ്ഥാനില്‍ വലിയ നിയന്ത്രണങ്ങളുള്ള കാലം. 1957 ഏപ്രില്‍ 21നായിരുന്നു ഗൌരിയെ
വിവാഹം ചെയ്തത്. പാകിസ്ഥാനിലെ അടിയന്തിരാവസ്ഥ റിപ്പോര്‍ട്ടിംഗ് ഉള്‍പ്പെടെ അതീവ ജാഗ്രത ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍
ഈ കാലത്ത് ഏര്‍പ്പെട്ടത് പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നവര്‍
വായിച്ചിരിക്കേണ്ടതാണ്. തുടര്‍ന്ന് റാവല്‍പിണ്ടിയിലേക്ക് മാറ്റം ലഭിച്ചു. വളരെ ശ്രമപ്പെട്ട ശേഷമാണ് 1960ല്‍
തിരികെ ന്യൂഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ പുതിയ റിക്രൂട്ടുകള്‍ക്ക് പരിശീലനം
നല്കാനുള്ള ചുമതലയാണ് എഡിറ്റര്‍ ഏല്പ്പിച്ചത്. തീരെ താത്പ്പര്യമില്ലാത്ത ജോലി
എങ്ങിനെ നിര്‍വ്വഹിക്കും എന്നതായിരുന്നു പിന്നീട് വിപിആറിനെ അലട്ടിയ വിഷയം.
ഒടുവില്‍ അതില്‍ നിന്നും രക്ഷപെടാനായി മൂന്നുമാസം ജയ്പ്പൂര്‍ ലേഖകനായി. തിരികെ
വന്നിട്ടും സാഹചര്യം മാറാതിരുന്നപ്പോള്‍ മാനേജരുടെ സഹായത്തോടെ അക്രഡിറ്റഡ്
കറസ്പോണ്ടന്‍റായി, മാനേജരുടെ കുരുക്കില്‍ നിന്നും മോചിതനായി.
തുടര്‍ന്ന് 1961ല്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയില്‍
ചേര്‍ന്നു. ഇന്തോ ചൈന യുദ്ധകാലത്ത് അതിര്‍ത്തിയില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍
പോയ അനുഭവങ്ങള്‍ വിപിആര്‍ വിവരിക്കുന്നുണ്ട്. നെഹ്റുവിന്‍റെ മരണം,തുടര്‍ന്നുള്ള
രാഷ്ട്രീയ സാഹചര്യങ്ങള്‍,അധികാര ദ്രുവീകരണം ഒക്കെയും കണ്ടും ഒപ്പം കൂടിയും
മനസ്സിലാക്കുന്ന വിപിആര്‍ സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം ഒരു നാടിന്‍റെ ചരിത്രം
കൂടിയാണ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ കിച്ചന്‍ കാബിനറ്റുമായി ഉണ്ടായിരുന്ന
അടുപ്പവും ആര്‍.കെ.ധവാന്‍റെ ശത്രുത, ഒരു പ്രമുഖ പത്രപ്രവര്‍ത്തകനായി മാറിയിരുന്ന
വിപിആറിനെ അടിയന്തിരാവസ്ഥക്കാലത്ത് എത്രമാത്രം ബുദ്ധിമുട്ടിച്ചു എന്ന
അനുഭവവുമൊക്കെ സത്യസന്ധമായി പറയുന്നുണ്ട്
വിപിആര്‍. അനേകം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാനുഭവങ്ങളും വിപിആര്‍
പറയുന്നു. രാഷ്ട്രീയരംഗത്ത് വലിയ സൌഹൃദ വലയം സൂക്ഷിച്ചിരുന്ന വിപിആറിന്‍റെ
ശ്രദ്ധേയമായ ചില വിലയിരുത്തലുകളും ഈ പുസ്തകത്തില്‍ വായനക്കാരന് കാണാന്‍ കഴിയും.
അടിയന്തിരാവസ്ഥക്കാലത്ത് ,ധവാന്‍റെ താത്പ്പര്യത്തിനു
വഴങ്ങി ,യുഎന്‍ഐ ,വിപിആറിനെ റാഞ്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ കറസ്പോന്‍ണ്ടന്‍റാക്കി.
അതും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഏറ്റെടുത്ത വിപിആര്‍ , വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന്‍റെ
പുതിയ പാത തുറക്കുകയാണുണ്ടായത്. 1977ല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ വിപിആറും ഡല്‍ഹിയിലെത്തി.
യുഎന്‍ഐ ഡപ്യൂട്ടി ജനറല്‍ മാനേജരായി. എന്നാല്‍ ജനറല്‍ മാനേജരുമായി പൊരുത്തപ്പെടാന്‍
കഴിയാത്ത അവസ്ഥയിലായിരുന്നു. അപ്പോഴാണ് മാതൃഭൂമിയുടെ പുതിയ ചെയര്‍മാന്‍ കൃഷ്ണമോഹന്‍
പത്രത്തിന്‍റെ എഡിറ്ററാകാന്‍ ക്ഷണിച്ചത്.
1978 ആഗസ്റ്റില്‍ മാത്ൃഭൂമിയില്‍ ചേര്‍ന്നു. പത്രത്തിന്‍റെ
തിരുവനന്തപുരം എഡിഷന്‍ തുടങ്ങാനും സര്‍ക്കുലേഷന്‍ കൂട്ടാനും ആധുനികവത്ക്കരിക്കാനും
വലിയ സംഭാവന നല്കി. കൃഷ്ണമോഹന്‍റെ മരണം വളരെ പെട്ടെന്നായിരുന്നു. തുടര്‍ന്ന്
വീരേന്ദ്ര കുമാര്‍ ചെ.ര്‍മാനായി. മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്ത പഴമക്കാര്‍ സംഘം ചേര്‍ന്നുനടത്തിയ
ഗൂഢാലോചനയുടെ ഭാഗമായി എഡിറ്ററും ചെയര്‍മാനും തമ്മിലുള്ള നല്ല ബന്ധം ഉലയാന്‍
തുടങ്ങി. ഒടുവില്‍ 1983ല്‍ മാതൃഭൂമി ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഊര്‍ജ്ജം
വറ്റാത്ത മനസ്സുള്ള വിപിആര്‍ 1984ല്‍ എക്സ്പ്രസ്സ് പത്രത്തിലും തുടര്‍ന്ന്
കേരളപത്രികയിലും തന്‍റേതായ സംഭാവനകള്‍ ചെയ്തു. 1991ലാണ് കേരള പ്രസ്സ് അക്കാദമി ഇന്‍സ്റ്റിട്യൂട്ട്
ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാകുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍
പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറാകാന്‍ ക്ഷണിച്ച കഥയും വിപിആര്‍ പറയുന്നുണ്ട്.
വകുപ്പിലെ അടിയൊഴുക്കുകളും രാഷ്ട്രീയവും അറിയാവുന്നതിനാല്‍ ഏറ്റെടുത്തില്ല . തുടര്‍ന്നാണ്
കേരള പ്രസ്സ് അക്കാദമി ചെയര്‍മാനാകുന്നത്.
ഔദ്യോഗിക ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകളുടെ ഗ്രാഫ്
ഒരു നിസ്സംഗനെപോലെ പറഞ്ഞുപോകാന്‍ കഴിയുന്ന സ്ഥൈര്യം ഒരു പക്ഷെ വിപിആറിന് നല്കിയത്
വ്യക്തിജീവിതത്തിലെ തിരിച്ചടികളാവാം. ഭാര്യ ഗൌരിയുടെ മാനസ്സിക പ്രശ്നങ്ങള്‍
നിരന്തരം വേട്ടയാടുമ്പോള്‍ അതില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു വിപിആറിന്‍റെ
തിരക്കുകളുള്ള ജീവിതമെന്നു പറയാം. ഇപ്പോള്‍ മാറിനിന്ന് കൌതുകത്തോടെ ജീവിതത്തെ
വീക്ഷിക്കാന്‍ കഴിയുന്നതും അതുകൊണ്ടാകാം.
പാകിസ്ഥാനില്‍
സുഹൃത്തായിരുന്ന ബി.എം.കുട്ടി, യുഎന്‍ഐയില്‍ ഉണ്ടായിരുന്ന മോഹന്‍ദാസ്,ഡല്‍ഹി
മലയാളി അസ്സോസ്സിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പി.ഗോപിനാഥ മേനോന്‍,മാതൃഭൂമിയിലെ
വി.രാജഗോപാല്‍,ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍
എം.രാമചന്ദ്രന്‍ എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകളും പുസ്തകത്തിലുണ്ട്. കേരള പ്രസ്സ്
അക്കാദമി പുറത്തിറക്കിയ ആദ്യ ഇംഗ്ലീഷ് പ്രസിദ്ധീകരണം എന്ന പ്രത്യേകതയും വിപിആര്‍
റീവിസിറ്റഡിനുണ്ട്.
