Monday, November 21, 2016

Kashmir enna swapnabhoomi

കശ്മീര്‍  എന്ന  സ്വപ്ന ഭൂമി
പി.ആര്‍.വിജയലക്ഷ്മിയുടെ  കശ്മീര്‍ എന്ന സ്വപ്നഭൂമി യാത്രാവിവരണം എന്ന സാഹിത്യ ശാഖയിലല്ല, യാത്രാനുഭവം എന്ന പട്ടികയിലാണ് അവര്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരിക്കും അത് അന്വര്‍ത്ഥമാക്കുംവിധമുള്ള സംഭാഷണങ്ങളും പ്രതിധ്വനികളുമാണ് ഈ പുസ്തകം നമുക്ക് തരുന്നത്. സാധാരണ യാത്രാവിവരണം എഴുതുന്നവര്‍ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ കണ്ടെത്തി വായനക്കാരനില്‍ പരമാവധി അറിവ് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വിജയലക്ഷ്മി  കാറ്റും പൂക്കളും മഞ്ഞും മണവും ജലവും ഭക്ഷണവും തന്ന് കശ്മീരിലെ നിസ്സഹായരും പാവങ്ങളുമായ ജനങ്ങള്‍ക്കൊപ്പം നമ്മെ കൊണ്ടുപോവുകയാണ്. സൌന്ദര്യാസ്വാദകയായ എഴുത്തുകാരിക്ക് അവിടത്തെ പ്രകൃതിയെയും സുന്ദരന്മാരെയും സുന്ദരികളെയും വാഴ്ത്താന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ ഭൂമിയിലെ സ്വര്‍ഗ്ഗം ,അതിതാണ്,അതിതാണ് എന്നു പറയുകയല്ലെ എഴുത്തുകാരി എന്ന് തോന്നിപ്പോകും. പ്രൊഫ.മധുസൂദനന്‍ നായര്‍ അവതാരികയില്‍ പറയുംപോലെ പറക്കും പരവതാനിയിലേക്ക് കയറൂ,പറക്കൂ എന്നോടൊപ്പം കശ്മീരിലേക്ക് എന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ മിസിസ്സ് .സി.ജി.ഡ്രൂസ് നമ്മെ ക്ഷണിച്ചെങ്കില്‍ ഏതാണ്ട് അമ്മട്ടിലാണ് വിജയലക്ഷ്മിയുടെ ക്ഷണവും.
                 ഭാഷയുടെ പരിമിതികള്‍ മറികടന്ന് കശ്മീരികളുമായി നടത്തുന്ന സംഭാഷണവും കൈമാറുന്ന സ്നേഹവുമാണ് ഈ പുസ്തകത്തിന്‍റെ മാധുര്യം. ഫറൂഖ് എന്ന മിതഭാഷിയും ഗുലാംജിയും കാദിര്‍ ഭയ്യയും ഹുസൈനും നസീറും രാജയെന്ന കുതിരപോലും മനോഹരമായി ആശയവിനിമയം നടത്തുന്നു. പ്രായത്തിന്‍റെ പരിമിതികള്‍ കടന്ന് വിജയലക്ഷ്മി ഒരു കുട്ടിയായും കൌമാരക്കാരിയായും വളരുന്ന ഒരുപാട് നിമിഷങ്ങള്‍ ഇതിലുണ്ട്. സുഖമില്ലാതെ ഒററയ്ക്കിരിക്കുമ്പോഴുള്ള ഭയവും തീവ്രവാദികളെക്കുറിച്ചുള്ള ചിന്തയുമൊക്കെ ഒരു ചെറുകഥയുടെ ഓരങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. ലിദര്‍ നദിയും ദാല്‍ തടാകവും ഗുര്‍മാര്‍ഗ്ഗുമെല്ലാം കണ്ടും തൊട്ടും അറിഞ്ഞ പ്രതീതി. നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം മറയില്ലാതെ കടന്നു വരുമ്പോള്‍ പൌരബോധമുള്ള ഒരു നേതാവിന്‍റെ സ്വഭാവവും എഴുത്തുകാരി കാണിക്കുന്നുണ്ട്. കേരളത്തിലെ ശൌചാലയങ്ങളുടെ അഭാവവും കശ്മീരിലെ വൃത്തിയുള്ള ശൌചാലയങ്ങളുമായുള്ള  താരതമ്യം, ഭക്ഷണം നല്‍കുന്നതിലുള്ള മര്യാദകള്‍, ഹോട്ടലുകളിലെ പെരുമാറ്റം, മനുഷ്യരുടെ കളങ്കമറ്റ സമീപനങ്ങള്‍ ഒക്കെയും കശ്മീരിലേക്ക് നമ്മെകൂടി ആകര്‍ഷിക്കുന്ന കാന്തശക്തിയുള്ള വാക്കുകളാണ്. മനോഹരമായ ഫോട്ടോഗ്രാഫുകള്‍ പുസ്തകത്തിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. കവര്‍ ഗ്ലോസി പേപ്പറിന് പകരം മാറ്റ്ആയിരുന്നു നല്ലത് എന്നു തോന്നി.
പതിനൊന്നു വര്‍ഷം ദല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും കാലാവസ്ഥയെക്കുറിച്ചുള്ള അകാരണമായ ഭയം കാരണമാണ് ഞാന്‍ കശ്മീരില്‍ പോകാതിരുന്നത്. ഇനി ശരിക്കും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാം എന്നു തീരുമാനിക്കാന്‍  എഴുത്തുകാരി സഹായിച്ചു. ഈ പുസ്തകമാകട്ടെ വഴികാട്ടി. ഈ വഴികളിലൂടെയെല്ലാം സഞ്ചരിക്കണം. സംഗീത വിരുന്നുകള്‍ നഷ്ടമായേക്കാം,മറ്റെല്ലാം അനുഭവവേദ്യമാകുമെന്നു കരുതാം. കശ്മീര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരുതലായി കൈയ്യില്‍ വയ്ക്കാവുന്ന പുസ്തകമാണ് കശ്മീര്‍ എന്ന സ്വപ്നഭൂമി. ആവാച്യമായ അനുഭൂതിയോടെ വായിച്ചു തീര്‍ത്ത പുസ്തകം. യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന പ്രയാസങ്ങളും സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നുണ്ട് ഈ കൃതിയില്‍. തണുപ്പ് അധികം ഏറ്റാലുണ്ടാകാവുന്ന വിശപ്പില്ലായ്മയുടെ അവസ്ഥ ഭീകരമാണ്. അതിനായി പിപ്പല്യാസവം കരുതണം എന്നൊരു പ്രതിരോധരീതിയും പറഞ്ഞുതരുന്നുണ്ട്. യാത്ര വേഗം അവസാനിച്ചുവോ എന്നു തോന്നിപ്പോയി, വായന കഴിഞ്ഞപ്പോള്‍. യാത്രാസംഘത്തിലെ അംഗങ്ങളെപ്പോലെ ഞാനും അല്പ്പസമയം മൌനിയായി ഇരുന്നുപോയി.

കാലം ഇത്രയും ദുരിതങ്ങള്‍ അനുഭവിപ്പിക്കത്തക്കവിധം ഈ ജനത എന്തുപിഴച്ചു എന്നൊരു ചോദ്യവും മനസ്സില്‍ ഊറിവന്നു.പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് കരുണാമയന്‍ മാപ്പുകൊടുക്കട്ടെ എന്ന് എഴുത്തുകാരിക്കൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു. (ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 125 രൂപയാണ് വില. എഴുത്തുകാരിയുടെ നമ്പര്‍-- 9020596287) 

Tuesday, April 26, 2016

MINNU

മിന്നു
ലളിതാ ലെനിന്‍ എഴുതിയ ബാലസാഹിത്യ കൃതിയാണ്  മിന്നു. മിന്നു എന്ന മഞ്ഞക്കിളിക്കുഞ്ഞിന്  അനുസരണയില്ലാത്ത സഹോദരന്‍ കാരണം ഉണ്ടാകുന്ന അപകടങ്ങളാണ് കഥയില്‍ പറയുന്നത്. സഹോദരന്‍റെ മരണവും മിന്നു വേടന്‍റെ കെണിയില്‍ പെടുന്നതുമാണ് കഥയുടെ ആദ്യഭാഗം. പിന്നീടവള്‍  ഒരു പെണ്‍കുട്ടിയുടെ വാത്സല്യഭാജനമായി വിദേശത്തേക്ക് പോകുന്നു. അവിടെവച്ച് വളര്‍ച്ചയുടെ  ഒരു ഘട്ടത്തില്‍  യജമാനത്തിക്ക് അവളില്‍ താത്പ്പര്യം നഷ്ടപ്പെടുന്നു. മിന്നു അവിടെ ചില പക്ഷിച്ചങ്ങാത്തങ്ങളുണ്ടാക്കുന്നു. ഒടുവില്‍ യജമാനത്തി നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ അവളെ വിദേശത്ത് ഉപേക്ഷിച്ചു വരുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മിന്നു അവരുടെ കപ്പലില്‍ ഒളിച്ചു കയറി നാട്ടില്‍ മടങ്ങിയെത്തുന്നു. അവള്‍ അച്ഛനമ്മാമാരെ അന്വേഷിച്ചിറങ്ങി ,ജീവിച്ചിരിക്കുന്ന അച്ഛനെ കണ്ടെത്തുന്നു. എല്ലാ മനുഷ്യജീവിതങ്ങളുടെയും പോലെ സുഖദുഃഖസമ്മിശ്ര ജീവിതമാണ് പക്ഷിക്കുഞ്ഞിനും ഇതില്‍  നല്‍കിയിരിക്കുന്നത്. തൂവലുകള്‍ നിറഞ്ഞ ശരീരമുള്ള പക്ഷിക്കുഞ്ഞിന് നുണക്കുഴിയുണ്ടെന്നൊക്കെ പറയുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ നല്ല വായനാനുഭവം നല്‍കുന്നതാണ് കൃതി. 1999ല്‍ ഒന്നാം പതിപ്പായും 2008ല്‍ രണ്ടാം പതിപ്പായും ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഇറക്കിയ പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ടി.ആര്‍.രാജേഷാണ്

Monday, April 25, 2016

The state in theory and practice


The  State  In  Theory  and  Practice 
ഹരോള്‍ഡ്.ജെ.ലാസ്കിയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍ ഒന്നാണ്  The state in theory and  practice.കാലത്തെ അതിജീവിക്കുന്ന ഒരു ഇതിഹാസ രചന എന്നിതിനെ വിശേഷിപ്പിക്കാവുന്നതാണ്. ലാസ്കി, ബ്രിട്ടീഷ് പൊളിറ്റിക്കല്‍ സയന്‍റിസ്റ്റും എക്കണോമിസ്റ്റും എഴുത്തുകാരനും ലക്ചററുമായിരുന്നു. 1926 മുതല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് &പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രഫസറായിരുന്നു ലാസ്കി.. Karl  Marx, Democracy in crisis,The American presidency, The Rise of European liberalism  എന്നിവ മറ്റു പ്രധാന കൃതികളാണ്.
ഫാസിസവും കമ്മ്യൂണിസവും സോഷ്യലിസവും ജനാധിപത്യവുമുള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങളുടെ വികാസ പരിണാമങ്ങള്‍ ഇഴകീറി പരിശോധിക്കുന്ന കൃതിയാണ്  ദ സ്റ്റേറ്റ്. സോഷ്യലിസത്തിന്‍റെ സാധ്യതകളും പോരായ്മകളും അദ്ദേഹം കൃത്യമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നു.

1945-46ല്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ  ചെയര്‍മാനായിരുന്ന ലാസ്കി സായുധ വിപ്ലവത്തിലൂടെ തൊഴിലാളികളുടെ ഭരണം ഇംഗ്ലണ്ടില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലേബര്‍ പാര്‍ട്ടിതന്നെ അദ്ദേഹത്തിന്‍റെ  അഭിപ്രായത്തെ തള്ളിപ്പറയുകയാണുണ്ടായത്. നെഹ്റുവിനെയും  കൃഷ്ണമേനോനെയും  ഏറെ സ്വാധീനിച്ച  സോഷ്യലിസ്റ്റായിരുന്നു ലാസ്കി. കെ.ആര്‍.നാരായണന്‍റെ  ജീവിതം മാറ്റി മറിച്ച  ഗുരുവായിരുന്നു അദ്ദേഹം. ലാസ്കിയുടെ  ശുപാര്‍ശയിലാണ്   നെഹ്റു  അദ്ദേഹത്തെ  വിദേശകാര്യ വകുപ്പില്‍  ജോലിക്കെടുത്തത്.  

Tuesday, April 19, 2016

Thulavarsham paythozhinjappol

തുലാവര്‍ഷം  പെയ്തൊഴിഞ്ഞപ്പോള്‍
മനസ്സില്‍ അനുഭവങ്ങളും കാഴ്ചകളും വന്നുനിറഞ്ഞ് വീര്‍പ്പുമുട്ടുമ്പോഴാണ് എഴുത്തുകാരനില്‍ നിന്ന് അത് സൃഷ്ടിയായി പുറത്തേക്ക് വരുന്നത്. അതിശക്തമായ ഒരു ലാവാ പ്രവാഹമോ പ്രളയമായി മാറുന്ന ഒരു കുത്തൊഴുക്കോ ആയത് മാറാം. ചിലപ്പോള്‍ ശാന്തമായൊഴുകുന്ന ഒരു നദിയുടെ രീതിയാകാം അതിലുണ്ടാവുക. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളില്‍ നമ്മള്‍ ആ ശാന്തത കാണാറുണ്ട്. ജലോപരിതലത്തിലും ഉള്ളിലുമുള്ള ഓരോ വസ്തുവും വ്യക്തതയോടെ നമുക്ക് കാണാന്‍ കഴിയും. ഒരു ദാര്‍ശനിക ഭാവം ആ എഴുത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഉറൂബിന്‍റെ രചനകളില്‍ തീവ്രമായ സംഘര്‍ഷങ്ങള്‍ വായനക്കാര്‍ അനുഭവിച്ചറിയും.അത് ഉള്ളില്‍ കിടന്നുനീറും.സാമൂഹിക പ്രശ്നങ്ങളും അതില്  അറിഞ്ഞോ അറിയാതെയോ കക്ഷി ചേരേണ്ടിവരുന്ന വ്യക്തികളും ഈ സംഘര്‍ഷത്തിന്‍റെ ഭാഗമായി തീരുന്നു. എം.മുകുന്ദന്‍റെ രചനകളിലും വ്യക്തിസംഘര്‍ഷം ഗൌരവമായിത്തന്നെ വായനക്കാര്‍ക്ക് അനുഭവപ്പെടും.കേന്ദ്രകഥാപാത്രം മെല്ലെ മെല്ലെ വായനക്കാരിലേക്ക് സന്നിവേശിക്കുന്ന ഒരു രീതിയുണ്ട് അതില്‍.എംടിയുടെ രചനകളിലെ ധിക്കാരിയായ ചെറുപ്പക്കാരനും ആ കാലഘട്ടത്തില്‍ നിലനിന്ന സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണുണ്ടായത്.
എല്ലാ എഴുത്തുകാരും അവരുടെ ആത്മാശം ചാലിച്ച് കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോള് താന്‍ എന്നോ കണ്ടുപരിചയിച്ച പല വ്യക്തികളുടെ ഒരു നിറക്കൂട്ടുതന്നെ മിശ്രിതമാക്കുകയും രചനയ്ക്ക് ഉപയുക്തമാക്കുകയുമാണ് ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ ഓര്‍മ്മകളില്‍ തങ്ങിക്കിടക്കുന്ന ബിംബങ്ങള്‍ പേനത്തുമ്പിലൂടെ പ്രവഹിക്കുന്നു എന്നുപറയുന്നതാവും ഏറെ ശരി.സന്ദര്ഭങ്ങളും കഥാപാത്രങ്ങളും ആവര്‍ത്തിച്ചുവരുന്ന ജീവന്‍റെ തനിയാവര്‍ത്തനങ്ങളാണ് ഭൂമിയുടെ സംഭാവന എന്നു പറയാം.ആദി കവിയുടെ കഥ മുതല്‍ ഏറ്റവും ആധുനികമായ കഥ വരെ ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങളും ധര്‍മ്മങ്ങളും അധാര്‍മ്മികതയും അധികാരവും അടിച്ചമര്‍ത്തലുമെല്ലാം സമാനതയുള്ളവയാണ്. അവ അവതരിപ്പിക്കുന്ന രീതിയിലാണ് ,ശൈലിയിലാണ് മാറ്റം കാണുന്നത്.കാവാലം മാധവന്‍കുട്ടിയുടെ തുലാവര്ഷം പെയ്തൊഴിഞ്ഞപ്പോള് എന്ന നോവലും ഇതിനൊരപവാദമല്ല.
തീവ്രമായ ജീവിതാനുഭവങ്ങളും ജന്മത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതമായ യാത്രയും മനോഹരമായി ചിത്രീകരിക്കുന്ന ഒരു നോവലാണ് തുലാവര്‍ഷം പെയ്തൊഴിഞ്ഞപ്പോള്‍. ഇതിലെ കേന്ദ്രകഥാപാത്രം തന്നെയാണ് കഥ പറയുന്നയാള്‍. അതുകൊണ്ടുതന്നെ ആ വ്യക്തിക്ക് പേരില്ല. പേരിനും അപ്പുറം ഉയര്‍ന്നു നില്ക്കുന്ന ഒരു ശില്പ്പമായി അയാളെ വളര്‍ത്തിയെടുക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ജീവിതം മുള്ളുനിറഞ്ഞ ഒരു ദുര്‍ഘട പാതയാണെന്നും എപ്പോഴും കൊത്താന്‍ തയ്യാറായി നില്ക്കുന്ന വിഷപ്പാമ്പുകള്‍ പാതയ്ക്കിരുവശവുമുണ്ടെന്നും ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളെയും അവിടെ ആശ്വാസമഴയായി വന്നുചേരുന്ന കുറെ വ്യക്തിത്വങ്ങളെയും കോര്‍ത്തിണക്കിയാണ് നോവലിസ്റ്റ് കഥ പറയുന്നത്. ചെയ്യാത്ത തെറ്റിന് അവഹേളിക്കപ്പെട്ട് വീടും നാടും ഉപേക്ഷിക്കേണ്ടി വരുന്ന ഒരു യുവാവിനുണ്ടാകുന്ന വ്യഥകള്‍, പ്രിയ കാമുകിയെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു പ്രണയാതുരന്‍റെ  നൊമ്പരങ്ങള്‍,തുടര്‍ന്നുള്ള ജീവിതം നല്കുന്ന പാഠങ്ങള്‍ ഒക്കെയും വായനയുടെ രസച്ചരടുപൊട്ടാതെ അവതരിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍. ആശ്രമത്തില്‍ എത്തപ്പെടുന്ന മുഹൂര്‍ത്തത്തില്‍ നിന്നും പിറകോട്ടുള്ള സഞ്ചാരമായാണ്  കഥ പറയുന്നത്. നന്മയുള്ള ഒരുപാട് മനുഷ്യരെയും സന്ദര്ഭങ്ങളെയും നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. കാലം കൈയ്യൊപ്പുചാര്‍ത്തിയ അനുഭവങ്ങള്‍ക്ക് നിറം പിടിപ്പിച്ച ആലങ്കാരികതകളില്ലാതെ , ചിന്തേരിടാതെ ,സത്യസന്ധമായ വിവരണം നല്കാനാണ് മാധവന്‍കുട്ടി ശ്രമിച്ചിട്ടുള്ളത്. അതില്‍ വിജയിക്കുകയും ചെയ്തു.
മാധവന്‍കുട്ടി എഴുതിയ ഗുരുദേവന്‍റെ ജീവിതം പ്രമേയമായ നോവല്‍ കാലത്തിന്റെ കൈയ്യൊപ്പ് മഹാനായ ഒരു ദാര്ശനികന്എങ്ങിനെ ഒരു സാധാരണ മനുഷ്യനില്നിന്നും ഉയിര്ത്തെഴുന്നേറ്റു എന്ന് നമ്മെ അറിയിക്കുന്നുണ്ട്. ആ ദര്ശനം ഇവിടെയും നമുക്ക് കാണാന്കഴിയും. മനഃശാസ്ത്രപരമായും ആധ്യാത്മികമായും ദാര്ശനികമായും വ്യക്തിജീവിതത്തെ മനസിലാക്കി അപഗ്രഥിച്ച് നോവലിലൂടെ പ്രകാശിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലി കാവാലം മാധവന്‍കുട്ടി ഇവിടെ സമര്‍ത്ഥമായി നിര്‍വ്വഹിച്ചിരിക്കുന്നു. ഭാഷയുടെ ലാളിത്യവും കഥാസന്ദര്‍ഭങ്ങള്‍ ഉണര്‍ത്തുന്ന ഉദ്യോഗവുമാണ് ഈ സൃഷ്ടിയുടെ പ്രത്യേകതകള്‍. വായിച്ചുകഴിയുമ്പോള്‍  കേന്ദ്രകഥാപാത്രം നമുക്കൊപ്പം സഞ്ചരിക്കാന് തുടങ്ങുന്നു എന്നതുതന്നെ നോവലിന്‍റെ  ശക്തിയായി കാണാവുന്നതാണ്.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് വളരെ തെളിമയുള്ള എഴുത്താണ് മാധവന്‍കുട്ടിയുടേത്. റാക്കമ്മയും ദേവയാനിയും കാര്‍ത്ത്യായനിയും അമ്മാളുവമ്മയുമെല്ലാം പച്ചയായ മനുഷ്യരാണ്. കാമം,ക്രോധം,സ്നേഹം,വാത്സല്യം ഒക്കെയും ചേര്ന്നാണ് സൃഷ്ടിയെന്നും അതിനെ അതിജീവിക്കാന്‍ അപൂര്‍വ്വംപേര്‍ക്കെ കഴിയൂ എന്നും എഴുത്തുകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.പാരായണസുഖം നല്കുന്ന ഒരു നല്ല സൃഷ്ടിതന്നെയാണ് കാവാലം മാധവന്‍കുട്ടിയുടെ തുലാവര്ഷം പെയ്തൊഴിഞ്ഞപ്പോള്.