കശ്മീര്‍ എന്ന
സ്വപ്ന ഭൂമി
പി.ആര്‍.വിജയലക്ഷ്മിയുടെ “കശ്മീര്‍ എന്ന സ്വപ്നഭൂമി “യാത്രാവിവരണം എന്ന സാഹിത്യ ശാഖയിലല്ല, യാത്രാനുഭവം എന്ന പട്ടികയിലാണ് അവര്‍
തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരിക്കും അത് അന്വര്‍ത്ഥമാക്കുംവിധമുള്ള
സംഭാഷണങ്ങളും പ്രതിധ്വനികളുമാണ് ഈ പുസ്തകം നമുക്ക് തരുന്നത്. സാധാരണ യാത്രാവിവരണം
എഴുതുന്നവര്‍ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ കണ്ടെത്തി വായനക്കാരനില്‍ പരമാവധി
അറിവ് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വിജയലക്ഷ്മി കാറ്റും പൂക്കളും മഞ്ഞും മണവും ജലവും ഭക്ഷണവും
തന്ന് കശ്മീരിലെ നിസ്സഹായരും പാവങ്ങളുമായ ജനങ്ങള്‍ക്കൊപ്പം നമ്മെ കൊണ്ടുപോവുകയാണ്.
സൌന്ദര്യാസ്വാദകയായ എഴുത്തുകാരിക്ക് അവിടത്തെ പ്രകൃതിയെയും സുന്ദരന്മാരെയും
സുന്ദരികളെയും വാഴ്ത്താന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ ഭൂമിയിലെ സ്വര്‍ഗ്ഗം
,അതിതാണ്,അതിതാണ് എന്നു പറയുകയല്ലെ എഴുത്തുകാരി എന്ന് തോന്നിപ്പോകും.
പ്രൊഫ.മധുസൂദനന്‍ നായര്‍ അവതാരികയില്‍ പറയുംപോലെ “പറക്കും പരവതാനിയിലേക്ക് കയറൂ,പറക്കൂ എന്നോടൊപ്പം കശ്മീരിലേക്ക്” എന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ മിസിസ്സ്
.സി.ജി.ഡ്രൂസ് നമ്മെ ക്ഷണിച്ചെങ്കില്‍ ഏതാണ്ട് അമ്മട്ടിലാണ് വിജയലക്ഷ്മിയുടെ
ക്ഷണവും.
ഭാഷയുടെ പരിമിതികള്‍ മറികടന്ന് കശ്മീരികളുമായി നടത്തുന്ന സംഭാഷണവും
കൈമാറുന്ന സ്നേഹവുമാണ് ഈ പുസ്തകത്തിന്‍റെ മാധുര്യം. ഫറൂഖ് എന്ന മിതഭാഷിയും
ഗുലാംജിയും കാദിര്‍ ഭയ്യയും ഹുസൈനും നസീറും രാജയെന്ന കുതിരപോലും മനോഹരമായി
ആശയവിനിമയം നടത്തുന്നു. പ്രായത്തിന്‍റെ പരിമിതികള്‍ കടന്ന് വിജയലക്ഷ്മി ഒരു
കുട്ടിയായും കൌമാരക്കാരിയായും വളരുന്ന ഒരുപാട് നിമിഷങ്ങള്‍ ഇതിലുണ്ട്. സുഖമില്ലാതെ
ഒററയ്ക്കിരിക്കുമ്പോഴുള്ള ഭയവും തീവ്രവാദികളെക്കുറിച്ചുള്ള ചിന്തയുമൊക്കെ ഒരു
ചെറുകഥയുടെ ഓരങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. ലിദര്‍ നദിയും ദാല്‍ തടാകവും ഗുര്‍മാര്‍ഗ്ഗുമെല്ലാം
കണ്ടും തൊട്ടും അറിഞ്ഞ പ്രതീതി. നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം മറയില്ലാതെ
കടന്നു വരുമ്പോള്‍ പൌരബോധമുള്ള ഒരു നേതാവിന്‍റെ സ്വഭാവവും എഴുത്തുകാരി
കാണിക്കുന്നുണ്ട്. കേരളത്തിലെ ശൌചാലയങ്ങളുടെ അഭാവവും കശ്മീരിലെ വൃത്തിയുള്ള
ശൌചാലയങ്ങളുമായുള്ള താരതമ്യം, ഭക്ഷണം നല്‍കുന്നതിലുള്ള
മര്യാദകള്‍, ഹോട്ടലുകളിലെ പെരുമാറ്റം, മനുഷ്യരുടെ കളങ്കമറ്റ സമീപനങ്ങള്‍ ഒക്കെയും
കശ്മീരിലേക്ക് നമ്മെകൂടി ആകര്‍ഷിക്കുന്ന കാന്തശക്തിയുള്ള വാക്കുകളാണ്. മനോഹരമായ
ഫോട്ടോഗ്രാഫുകള്‍ പുസ്തകത്തിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. കവര്‍ ഗ്ലോസി പേപ്പറിന്
പകരം “മാറ്റ്” ആയിരുന്നു നല്ലത് എന്നു തോന്നി.
പതിനൊന്നു വര്‍ഷം
ദല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും കാലാവസ്ഥയെക്കുറിച്ചുള്ള അകാരണമായ ഭയം കാരണമാണ് ഞാന്‍
കശ്മീരില്‍ പോകാതിരുന്നത്. ഇനി ശരിക്കും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍
ആരംഭിക്കാം എന്നു തീരുമാനിക്കാന്‍
എഴുത്തുകാരി സഹായിച്ചു. ഈ പുസ്തകമാകട്ടെ വഴികാട്ടി. ഈ വഴികളിലൂടെയെല്ലാം
സഞ്ചരിക്കണം. സംഗീത വിരുന്നുകള്‍ നഷ്ടമായേക്കാം,മറ്റെല്ലാം അനുഭവവേദ്യമാകുമെന്നു
കരുതാം. കശ്മീര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരുതലായി കൈയ്യില്‍
വയ്ക്കാവുന്ന പുസ്തകമാണ് കശ്മീര്‍ എന്ന സ്വപ്നഭൂമി. ആവാച്യമായ അനുഭൂതിയോടെ
വായിച്ചു തീര്‍ത്ത പുസ്തകം. യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന പ്രയാസങ്ങളും
സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നുണ്ട് ഈ കൃതിയില്‍. തണുപ്പ് അധികം
ഏറ്റാലുണ്ടാകാവുന്ന വിശപ്പില്ലായ്മയുടെ അവസ്ഥ ഭീകരമാണ്. അതിനായി പിപ്പല്യാസവം
കരുതണം എന്നൊരു പ്രതിരോധരീതിയും പറഞ്ഞുതരുന്നുണ്ട്. യാത്ര വേഗം അവസാനിച്ചുവോ എന്നു
തോന്നിപ്പോയി, വായന കഴിഞ്ഞപ്പോള്‍. യാത്രാസംഘത്തിലെ അംഗങ്ങളെപ്പോലെ ഞാനും
അല്പ്പസമയം മൌനിയായി ഇരുന്നുപോയി.
കാലം ഇത്രയും
ദുരിതങ്ങള്‍ അനുഭവിപ്പിക്കത്തക്കവിധം ഈ ജനത എന്തുപിഴച്ചു എന്നൊരു ചോദ്യവും
മനസ്സില്‍ ഊറിവന്നു.പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് കരുണാമയന്‍
മാപ്പുകൊടുക്കട്ടെ എന്ന് എഴുത്തുകാരിക്കൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു. (ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 125 രൂപയാണ് വില. എഴുത്തുകാരിയുടെ നമ്പര്‍-- 9020596287)

No comments:
Post a Comment