സമൂഹത്തിന് നേരെ
പിടിച്ച കണ്ണാടികള്‍
-ഇടവ ഷുക്കൂറിന്‍റെ
നാടകങ്ങളുടെ ഒരാസ്വാദനം
നാടകങ്ങളെ
പൊതുവെ അമച്വര്‍ എന്നും പ്രൊഫഷണല്‍ എന്നും പരീക്ഷണ നാടകങ്ങളെന്നുമൊക്കെ തരം
തിരിക്കാറുണ്ട്. ഇടവ ഷുക്കൂറിന്‍റെ നാടകങ്ങളെ ഇത്തരത്തില്‍ ഏതെങ്കിലുമൊരു
ചങ്ങലയില്‍ കുരുക്കിയിടാന്‍ കഴിയില്ല എന്നതാണ് ഈ നാടകങ്ങളുടെ പ്രത്യേകത. ഗള്‍ഫ്
നാടുകളിലും കേരളത്തിലും അരങ്ങേറുന്ന ദുഷ്ചെയ്തികള്‍ക്കെതിരെ തൂലിക പടവാളാക്കിയുള്ള
പ്രതിഷേധ പ്രകടനങ്ങളാണ് ഷുക്കൂറിന്‍റെ രചനകള്‍.മനുഷ്യര്‍ ജീവിതം ആരംഭിച്ച നാള്‍
മുതല്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമുണ്ട്. അത് എന്നും പലരീതിയിലും ആവര്‍ത്തിക്കപ്പെടുകയും
ചെയ്യുന്നു.ഈ നന്മ തിന്മകളുടെ പോരാട്ടമാണ് ഷുക്കൂറിന്‍റെ രചനകളിലെയും കാമ്പെന്നു
പറയാന്‍ കഴിയും. ധനവും സ്ത്രീയുമാണ് എന്നും സമൂഹത്തിലെ പ്രധാന ആകര്‍ഷണങ്ങളായി
മാറുന്നത്.ഇതില്‍ പ്രണയവും പകവീട്ടലും കാമവും ഇടകലരുന്നു. ഈ ഇടകലര്‍ന്ന ജീവിതമാണ്
ഷുക്കൂര്‍ പ്രമേയമാക്കുന്നതും.പാത്രസൃഷ്ടിയില്‍ ശ്രദ്ധേയമായ ഒതുക്കവും മാനസ്സിക
അപഗ്രഥനവും നടത്തിയിട്ടുണ്ട് എഴുത്തുകാരന്‍. വായനയ്ക്ക് മാത്രമായല്ല ഷുക്കൂര്‍ രചന
നിര്‍വ്വഹിച്ചിരിക്കുന്നത്. രംഗത്ത് അവതരിപ്പിക്കാന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ
പാത്രസൃഷ്ടിയില്‍ ഒരു ഹാസ്യതാരം കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നര്‍മ്മം
കലര്‍ന്ന ഭാഷണത്തിലൂടെ പല കഥാപാത്രങ്ങളും സമൂഹത്തില്‍ ചാക്യാരുടെ പങ്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
നാടകങ്ങളില്‍ അവതരണരീതികൊണ്ട് ഏറ്റവും ആകര്‍ഷണീയമായത്
കുടീചരനാണ്. കുടീചരന്‍ എന്നാല്‍ ഗൃഹകാര്യങ്ങള്‍ പുത്രനെ ഏല്‍പ്പിച്ചിട്ട്
സന്ന്യാസം സ്വീകരിക്കുന്നവന്‍ എന്നാണര്‍ത്ഥം. ഈ നാടകത്തില്‍ ചുടുകാട് വാസുവാണ്
കുടീചരന്‍. എന്നാല്‍ അയാളുടെ സന്ന്യാസം ജീവിതമോഹങ്ങള്‍ ത്യജിച്ച ഒരാളിന്‍റേതല്ല,
മറിച്ച് ധനമോഹവും കാമവും അന്ധവിശ്വാസവും ഇടകലര്‍ന്ന ജീവിതമാണ് അയാള്‍
നയിക്കുന്നത്. മണ്ടന്‍ മൊയ്തു എന്ന തമാശക്കാരനും മക്കളായ പ്രേമനും ഡോക്ടര്‍ സുമവും
സുമയുടെ കാമുകന്‍ രാജനും വേശ്യയായ മീനാക്ഷിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന കുടീചരന്‍റെ
പശ്ചാത്തലവും അവതരണം ആധുനിക നാടകത്തിന്‍റെ രീതിയിലാണ്. എന്നാല്‍ പ്രൊഫഷണല്‍
നാടകത്തിന്‍റെ മേമ്പൊടികള്‍ ചേര്‍ന്നിട്ടുമുണ്ട്. ശരിക്കും ഒരാക്ഷേപഹാസ്യ നാടകം.
സന്ന്യാസത്തെ തട്ടിപ്പാക്കി ജനത്തെ വശീകരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന
അനേകം ആശ്രമങ്ങള്‍ ഇപ്പോഴുമുള്ള കാലത്ത് ഈ നാടകത്തിന്‍റെ പ്രസക്തി കുറയുന്നില്ല
എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
മറ്റൊരു പ്രധാന നാടകം ആരാച്ചാരാണ്. പ്രശസ്ത എഴുത്തുകാരി
കെ.ആര്‍.മീര ആരാച്ചാരെ അവതരിപ്പിക്കും മുന്‍പ് തന്നെ ആരാച്ചാരുടെ ജീവിത സംഘര്‍ഷങ്ങള്‍
അവതരിപ്പിച്ച എഴുത്തുകാരനാണ് ഷുക്കൂര്‍.നിരപരാധിയായ ഏകമകനെ തൂക്കിക്കൊല്ലാന്‍
നിയമിക്കപ്പെട്ട ആരാച്ചാര്‍ അഴകപ്പന്‍റെ ഹൃദയവ്യഥയ്ക്കൊപ്പം രാഷ്ട്രീയത്തിലെ മാലിന്യങ്ങളും
തുറന്നുകാട്ടാന്‍ ഷുക്കൂറിന് കഴിഞ്ഞിട്ടുണ്ട് ഈ രചനയില്‍. ശരിയും തെറ്റും നന്മയും
വക്രബുദ്ധിയുമൊക്കെ സംഘര്‍ഷത്തിലാവുന്ന നാടകത്തിലൂടെ രാഷ്ട്രീയരംഗത്തെ
വികലമനസ്സുകളെ തുറന്നുകാട്ടുകയാണ് ഷുക്കൂര്‍. രാഷ്ട്രീയക്കാരെ അവതരിപ്പിക്കുമ്പോള്‍
ഷുക്കൂറിന്‍റെ രക്തം തിളയ്ക്കുന്നത് നമുക്കനുഭവപ്പെടും. അധികാരത്തിനും പദവി
നിലനിര്‍ത്താനുമായി നീചപ്രവര്‍ത്തികള്‍ ചെയ്യുന്ന രാഷ്ട്രീയക്കാരുണ്ട് എന്ന സത്യം
നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ ഈ നാടകം ഉപകരിക്കുന്നു.
അവതരണത്തിലുള്ള പുതുമ ഇവിടെയും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
ഭ്രമണം എന്ന നാടകത്തിന്‍റെ പ്രമേയം സാധാരണമാണെങ്കിലും അവതരണ
പശ്ചാത്തലം ഗള്‍ഫ് നാടാണ് എന്നത് പ്രത്യേകതയാണ്. ഭര്‍ത്താവിനും കാമുകനുമിടയില്‍
സംഘര്‍ഷത്തില്‍പ്പെട്ടുഴലുന്ന വന്ദന എന്ന സ്ത്രീയുടെ കഥയാണ് ഭ്രമണത്തില്‍
പറയുന്നത്. ഗള്‍ഫ് ജീവിതത്തിന്‍റെ പൊങ്ങച്ചങ്ങളും ഗള്‍ഫ്കാരന്‍റെ വിവാഹത്തിലെ
സങ്കീര്‍ണ്ണതകളും ഇതിന്‍റെ ഭാഗമാണ്.ഗള്‍ഫിലെ പണപ്പിരുവുകളും ഇത്തിള്‍ക്കണ്ണികളുടെ
ജീവിതവുമെല്ലാം ചിത്രീകരിക്കുന്നുണ്ട് ഈ നാടകത്തില്‍.മാപ്പുതരൂ എന്ന നാടകം ഗള്‍ഫില്‍
ചോരനീരാക്കുന്ന ഒരു മകന്‍റെയും സ്വാര്‍ത്ഥനായ ബാപ്പയുടെയും ജീവിതമാണ്
അവതരിപ്പിക്കുന്നത്. നമ്മുടെ ഗ്രമങ്ങളില്‍ 1980-90കളില്‍ ഉണ്ടായിരുന്ന അപകടകരമായ
സാമൂഹിക ജീവിതത്തിന്‍റെ നേര്‍ചിത്രമാണ് മാപ്പുതരൂ. മകന്‍റെ പണം കണ്ട്
അഹങ്കരിക്കുന്ന ബാപ്പയും അയാളുടെ അഹംഭാവത്തെയും അഹങ്കാരത്തെയും ചൂഷണം ചെയ്യുന്ന
ഫൈനാന്‍സിയേഴ്സ് ഉടമയുമാണ് ഇതിലെ ശക്തമായ കഥാപാത്രങ്ങള്‍. നല്ല മുനയും ഉറപ്പുമുള്ള
സംഭാഷണങ്ങളാണ് നാടകത്തിലുടനീളം. മുസ്ലിം സമുദായത്തിലെ ദുര്‍ബ്ബലയായ സ്ത്രീയെയും
ശക്തയായ സ്ത്രീയെയും ഇതില്‍ അവതരിപ്പിക്കുന്നു. ഒന്നിലേറെ വിവാഹം കഴിക്കുന്നതിനും
വഴിതെറ്റി ജീവിക്കുന്നതിനും മതനിയമങ്ങളെ ഉപയോഗപ്പെടുത്തുന്നതും ഇതില്‍ കാണാന്‍
കഴിയും. എല്ലാ മേഖലയിലും നന്മ തിന്മകളുടെ പോരാട്ടമുണ്ടെന്ന് നമുക്കറിയാം.
ആശുപത്രികളിലും നമുക്കിത് കാണാന്‍ കഴിയും. അത്തരമൊരു കാഴ്ചയില്‍ നിന്നാണ് നിറങ്ങള്‍
എന്ന നാടകം ഉദയം ചെയ്തിരിക്കുന്നത്. കര്‍മ്മനിരതനായ ഡോക്ടര്‍ ചന്ദ്രനും ദുര്‍മ്മാര്‍ഗ്ഗിയായ
ഡോക്ടര്‍ തോമസ്സും ഇതില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഇന്നും ഡോക്ടര്‍മാര്‍ക്കിടയില്‍
ഇത്തരം സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നത് നമുക്ക് കാണാം.
ആദിവാസി ചൂഷണം എഴുത്തുകാരുടെ ശ്രദ്ധയില്‍ എന്നും സജീവമാണ്.
അത്തരത്തില്‍ രാഷ്ട്രീയ നേതാവിന്‍റെയും ആദിവാസി മൂപ്പന്‍റെയും ചൂഷണങ്ങള്‍ക്ക്
ഇരയാകുന്ന സമൂഹത്തിന്‍റെ കഥ പറയുന്ന നാടകമാണ് വെള്ളിമലക്കാട്.ഇതില്‍ ആദിവാസി ഭാഷ
പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ഷുക്കൂര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആശയ സംഘര്‍ഷങ്ങളും
ഏറ്റുമുട്ടലുകളും സ്റ്റേജിനെ സജീവമാക്കുന്ന നാടകമാണിത്. കേട്ടാല്‍ അറപ്പുതോന്നും
വിധം കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു മുതലാളിയുടെ ജീവിതകഥ പറയുന്ന നാടകമാണ് ദര്‍ശനം.
സ്റ്റേജിന്‍റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കത്തക്കവിധം തയ്യാറാക്കിയിട്ടുള്ള
നാടകത്തില്‍ പ്രൊഫഷണല്‍ നാടകത്തിന്‍റെ എല്ലാ മസാലകളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ദുബായില്‍ ആഡംബര ജീവിതം നയിച്ച് നശിച്ചിട്ടുള്ള ഒരുപാട്
പേരുടെ കഥകള്‍ കേട്ടിട്ടുണ്ട്. അത്തരമൊരു കഥയാണ് ജീവിതം തേടിയിലുള്ളത്. രാജശേഖരന്‍
എന്ന ബിസ്സിനസ്സുകാരന്‍റെ ഉയര്‍ച്ച താഴ്ചകള്‍ , പണമുള്ളപ്പോള്‍ ചുറ്റും കൂടിനിന്ന
മനുഷ്യര്‍ അതെല്ലാം നഷ്ടമാകുമ്പോള്‍ ഉപേക്ഷിച്ചു പോകുന്ന അനുഭവം, ഒക്കെയും
മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ഈ നാടകത്തില്‍. കൊല്ലം പട്ടണം പശ്ചാത്തലമാക്കി
തയ്യാറാക്കിയ നിശ എന്ന നാടകം ശ്രദ്ധേയമാകുന്നത് നീതിപീഠവും വ്യവസ്ഥിതിയും
തമ്മിലുള്ള സംഘട്ടനത്താലാണ്. ദുര്‍ബ്ബലയായ ഒരു പെണ്‍കുട്ടി ഏല്‍ക്കേണ്ടി വരുന്ന
ആഘാതവും കഥയുടെ കാതലാണ്. എയര്‍പോര്‍ട്ടിലെത്തുന്ന വിദേശമലയാളികള്‍ കസ്റ്റംസുകാരില്‍
നിന്നും അനുഭവിക്കുന്ന ദുരിതങ്ങള്‍ സംബ്ബന്ധിച്ച് എന്നും ചര്‍ച്ച നടക്കാറുണ്ട്. ഈ
മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളും സത്യസന്ധരായ യാത്രക്കാര്‍ അനുഭവിക്കുന്ന
പ്രശ്നങ്ങളും കടുത്ത ഭാഷയിലാണ് ഷുക്കൂര്‍ കസ്റ്റംസ് എന്ന നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.
അവിടെയും നന്മയുടെ ഭാഗത്ത് കല്യാണിയും തിന്മയുടെ ഭാഗത്ത് ജയരാജും കഥാപാത്രങ്ങളാവുന്നു. ഒടുവില്‍ നന്മ
ജയിക്കുന്നു.
ഗള്‍ഫിലെ ദുരിതപൂര്‍ണ്ണമായ ജീവിതവും
തൊഴിലില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആശങ്കകളും മാനസ്സിക സംഘര്‍ഷവും പറയുന്ന
നാടകമാണ് തീരം തേടുന്നവര്‍. കുഞ്ഞാലി എന്ന നന്മയുടെ പ്രതീകവും മനോരോഗിയായ
കലാകാരനും കൂട്ടുകാരും ഡോക്ടറുമൊക്കെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന
കഥാപാത്രങ്ങളാണ്.ഇത്തരത്തില്‍ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം വായിച്ചു തീരുമ്പോള്‍
ഈ നാടകങ്ങള്‍ ഗള്‍ഫില്‍ മാത്രമല്ല കേരളത്തിലും അരങ്ങേറേണ്ടവയായിരുന്നു എന്ന്
നമുക്ക് തോന്നുക സ്വാഭാവികം.ഓരോ നാടകവും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാവുന്നു
എന്നതാണ് എടുത്തു പറയേണ്ട കാര്യം. പ്രഭാത് ബുക്സാണ് പുസ്തകം
പ്രസിദ്ധീകരിച്ചിട്ടുള്ളത്. 900 രൂപയാണ് വില.

No comments:
Post a Comment