Monday, June 29, 2015

And Quiet Flows the Don

ഡോണ്‍  ശാന്തമായൊഴുകുന്നു
പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍  മിഖായേല്‍ ഷോളഖോവിന്‍റെ ഡോണ്‍ ശാന്തമായൊഴുകുന്നു എന്ന കൃതി സാര്‍ ചക്രവര്‍ത്തിയുടെ കാലം,ഒന്നാം ലോക മഹായുദ്ധം,യുദ്ധത്തെത്തുടര്‍ന്നുള്ള ആഭ്യന്നതര യുദ്ധം എന്നിവയിലൂടെ കടന്നുപോകുന്ന പ്രസിദ്ധമായ നോവലാണ്. രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം ഗ്രാമത്തിലെ കര്‍ഷക ജീവിതം,പ്രണയം,കലഹം,പക,ക്രൂരത എന്നിവയൊക്കെയും മനോഹരമായി ചിത്രീകരിക്കുന്ന ഒരു രചനയാണിത്.
നോവലിന്‍റെ ആദ്യ ഭാഗങ്ങള്‍ ഡോണ്‍ നദിയുടെ തീരത്തുള്ള ഗ്രാമത്തിന്‍റെ മനോഹരമായ വിവരണത്തിലൂടെയും അവിടത്തെ കര്‍ഷക ജീവിതത്തിന്‍റെ വര്‍ണ്ണനകളിലൂടെയും അതീവഹൃദ്യമായ ഒരനുഭവം വായനക്കാരന് നല്കുന്നു. മിഖായല്‍ 1928ലാണ് “And Quiet Flows The Don” എഴുതിയത്. ഒക്ടോബര്‍ വിപ്ലവത്തിനെ തുടര്‍ന്നുണ്ടായ ഭീകരമായ സഹനത്തിന്‍റെ കഥയാണ് അവസാനഭാഗം.
ആത്മകഥാംശം നിലനില്ക്കുന്ന ഒരു നോവലാണിത്. ഡോണ്‍ സമതലത്തിലെ വിയഷെന്‍സ്കാ ഗ്രാമത്തിലാണ് മിഖായേല്‍ 1905ല്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ അമ്മവീട്ടുകാര്‍ ടര്‍ക്കിയില്‍ നിന്നുള്ള യുദ്ധത്തടവുകാരായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മനാക്രമണം താറുമാറാക്കിയ വിദ്യാഭ്യാസം,തുടര്‍ന്ന് യുദ്ധത്തിലുള്ള സജീവ ഇടപെടല്‍, പതിനാറാം വയസ്സില്‍ സമരത്തിനിറങ്ങി. ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം നടന്ന ആഭ്യന്തര കലാപകാലത്ത് ലഹളക്കാരെ അടിച്ചമര്‍ത്താനും മിഖായല്‍ ഉണ്ടായിരുന്നു. ഡോണ്‍ കൊസാക്കുകളുടെ ജീവിതമാണ് നോവലിന്‍റെ തന്തു. 14 വര്‍ഷം കൊണ്ടാണ് രചന നടത്തിയത്. വിപ്ലവകാലത്ത് പെട്രോഗ്രാഡിനെതിരായി നടന്ന ആക്രമണങ്ങളില്‍ കൊസാക്കുകളുടെ പങ്കാളിത്തം നന്നായി ചിത്രീകരിച്ചിട്ടുണ്ട് നോവലില്‍. റഷ്യയുടെയും ടാര്‍ട്ടാര്‍  ഭൂമികളുടെയും ഇടയിലെ തര്‍ക്കഭൂമിയില്‍ ഇരുകൂട്ടര്‍ക്കും വഴങ്ങാതെ ,സൌകര്യം കിട്ടുന്നവരെ കൊള്ളയടിച്ചുകൊണ്ട് സ്വതന്ത്രരായി വിഹരിച്ചിരുന്ന സമൂഹമാണ് കൊസാക്കുകള്‍.ശത്രുവിനെ നേരിടാന്‍ അതിസമര്‍ത്ഥരായിരുന്നു ഇവര്‍.എന്നാല്‍ സ്വതന്ത്രചിന്താഗതിക്കാരായ ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അമര്‍ച്ച ചെയ്തു. പലരേയും നാടുകടത്തി.സാമൂഹ്യസമത്വം നഷ്ടപ്പെട്ട ഇവരുടെയിടയില്‍ ജന്മിത്വസമ്പ്രദായം നിലവില്‍ വന്നു. സാധാരണ കൊസാക്കുകള്‍ കൂലിപ്പാട്ടാളക്കാരായി മാറി. പൊതു ഉടമയിലുള്ള ഭൂമിയില്‍ കൃഷിചെയ്യുന്നതിന് ഇവര്‍ക്ക് നികുതി കൊടുക്കേണ്ടിയിരുന്നില്ല. പകരം അടിയന്തിരഘട്ടങ്ങളില്‍ യുദ്ധം ചെയ്യാന്‍ പോകേണ്ടിവന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കൊസാക്കുകളെ ഉപയോഗിച്ചു . 1905ലും 1914-18ലും നടന്ന യുദ്ധങ്ങള്‍ കഥാകാരന്‍ വിവരിക്കുന്നുണ്ട്.
ഗ്രിഗര് മെല്‍ക്കോവും സ്റ്റീഫന്‍റെ ഭാര്യയായ അക്സീനിയയും തമ്മിലുള്ള പ്രേമമാണ് നോവലിന്‍റെ നട്ടെല്ല്. അവസാനഭാഗത്ത് പ്രണയം യുദ്ധത്തിന് വഴിമാറുന്നു. 1914-1917ലെ റൂസ്സോ-ജര്‍മ്മന്‍ സമരവും തുടര്‍ന്നുണ്ടായ ഒക്ടോബര്‍ വിപ്ലവും 1918-21ലെ ആഭ്യന്തര സമരവുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. മലയാളി വായനക്കാര്‍ക്ക് അപരിചിതമായ ഒരു മേഖലയില്‍ നടന്ന യുദ്ധം എന്ന നിലയില്‍ ഈ ഭാഗം വായിച്ചു മനസ്സിലാക്കാന്‍ കുറച്ചുപ്രയാസമാണ്.
1941ല്‍ നാസികള്‍ റഷ്യ ആക്രമിച്ചപ്പോള്‍ ഒരു സമരലേഖകനായി ഷൊളോഖോവ് മുന്നണിയിലുണ്ടായിരുന്നു. ഗ്രാമവസതിയില്‍ താമസിച്ചിരുന്ന സ്വമാതാവ് ,ശത്രുവിന്‍റെ ബോംബിനിരയായ വസ്തുത സമരമുഖത്തുവച്ചാണ് അദ്ദേഹം അറിയുന്നത്. അതെല്ലാം നോവലിന്‍റെ രചന തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നായാട്ടും മീന്‍പിടുത്തവും ഗ്രാമീണ ജീവിതവും സഹജീവിസ്നേഹവും ഒത്തുചേര്‍ന്ന എഴുത്തുകാരന്‍റെ ,രചനയിലും അവയുടെ വിവരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
മാത്യൂ ലൂക്കാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുതിയ കാല വിവര്‍ത്തനങ്ങളേക്കാള്  മനോഹരമാണ് ലൂക്കിന്‍റെ രചനാ രീതി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


  

Sunday, May 24, 2015

chuzhikku pinpae chuzhi

ചുഴിക്ക്  പിമ്പേ ചുഴി

ഉറൂബ് എഴുതിയ  ഒരു ലഘു നോവലാണ്  ചുഴിക്ക് പിമ്പേ ചുഴി. ശേഖരന്‍ എന്ന കോളേജ് ലക്ചറര്‍,ഭാര്യ ലക്ഷ്മി,സഹോദരി ഇന്ദിര, ശേഖരന്‍റെ സുഹൃത്തായ കവി,കല്പ്പണിക്കാരനും സഹൃദയനുമായ പെരച്ചന്‍,ഇന്ദിരയുടെ കൂട്ടുകാരി സാറാമ്മ,കോളേജിലെ ഗോപി മാസ്റ്റര്‍, വിവാഹാലോചനയുമായി വരുന്ന സുകുമാരന്‍,മാത്ത്സ് അയ്യര്‍ എന്ന സ്കൂള്‍ മാസ്റ്റര്‍,ശേഖരന്‍റെ മകന്‍ മോഹനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. നിയതമായ ജീവിതചര്യകള്‍ക്കപ്പുറത്ത് ജീവിക്കുന്ന കവിയുടെ ,ശേഖരനെ കാണാനുള്ള വരവിലാണ് കഥ തുടങ്ങുന്നത്. അവരുടെ കണ്ടുമുട്ടലും വര്‍ത്തമാനവുമെല്ലാം ദാര്‍ശനിക തലത്തിലുള്ളതാണ്. തുടര്‍ന്ന് ചുമടെടുത്ത് സഹായിക്കുന്ന പെരച്ചന്‍,ശക്തമായ വ്യക്തിത്വമുള്ള ഇന്ദിര എന്നിവരിലൂടെ കഥ വളരുമ്പോള്‍ ആദ്യം തോന്നിയ ആസ്വാദന സുഖം എവിടെയോ ചോര്‍ന്നുപോയപോലെ തോന്നി. ജീവിതത്തെ ഓരോരുത്തരും ഓരോ നിലയില് കാണുന്നതിന്‍റെ കൃത്യമായ ഫ്രെയിമുകളിലൂടെയാണ് കഥ തുടരുന്നത്. മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടെന്നുവയ്ക്കുന്ന സ്ത്രീകഥാപാത്രങ്ങളില്‍ മറ്റൊരുവളായി ഇന്ദിര മാറുന്നിടത്ത് കഥ അവസാനിക്കുന്നു. പുസ്തകം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്  പൂര്‍ണ്ണ ബുക്ക്സാണ്. 

Saturday, April 18, 2015

Arjun- novel by Sunil Gangopadhyaya



അര്‍ജുന്‍
പ്രശസ്തനായ ബംഗാളി എഴുത്തുകാരനാണ് സുനില്‍ ഗംഗോപാധ്യായ. 1934-ല്‍ ബംഗ്ലാദേശിലെ ഫരീദ്പൂരില്‍ ജനിച്ച് കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുനിലിന്‍റെ പ്രസിദ്ധ കൃതികളില്‍ ഒന്നാണ് അര്‍ജുന്‍.സത്യജിത് റായ് സിനിമയാക്കിയിട്ടുള്ള ഈ നോവല്‍ പറയുന്നത് ബംഗ്ലാദേശില്‍ നിന്നും പശ്ചിമ ബംഗാളിലെത്തിയ അഭയാര്‍ത്ഥികളുടെ കഥയാണ്.അര്‍ജുന്‍ റായ് ചൌധരിക്ക് പുറമെ അവന്‍റെ അമ്മ ശാന്തി പിഷി,ലാബി,അവളുടെ അമ്മ,സുകന്‍,ദബ്യ,മുത്തച്ഛന്‍ നിഷി,നാരു,ജെതിമാ,ശുക്ല,അംജദ് അലി എന്ന ഹെഡ്മാസ്റ്റര്‍,മകന്‍ യാക്കൂബ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നു.
അര്‍ജുന് ഏറെ പ്രിയപ്പെട്ട അമലാതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെടുന്ന ഭാഗത്ത് സുനില്‍ ഇങ്ങനെ പറയുന്നു,ഈ ലോകത്ത് ചിലരുണ്ട്,ഭംഗിയുള്ള ഒന്നിനെയും അവര്‍ നിലനില്ക്കാനനുവദിക്കില്ല.സൌന്ദര്യമെന്നാല്‍ അവര്‍ക്ക് നശിപ്പിക്കപ്പെടേണ്ട ഒന്നാണ്. പ്രകൃതിയോടായും ജീവികളോടായാലും മനുഷ്യനോടായാലും ഒരുകൂട്ടം ദുഷ്ടബുദ്ധികളുടെ സമീപനം ഇതല്ലെ എന്ന് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ത്തുപോകും.ഇന്ത്യ വിഭജനത്തെ തുടര്‍ന്ന് മുസ്ലീങ്ങളുമായി സൌഹൃദമില്ലാതായ ഹിന്ദുക്കളുടെ യാതനാ നിര്‍ഭരമായ യാത്ര സുനില്‍ വിവരിക്കുന്നുണ്ട്. സ്വാനുഭവത്തിന്‍റെ ചൂരുള്ള എഴുത്ത്. വിധവയായ അമ്മയെ കഴുകന്മാരില്‍ നിന്നും രക്ഷിച്ച് കല്‍ക്കത്തയിലെത്തിക്കുന്ന ഭാഗം ഉദ്യോഗജനകമാണ്. നിങ്ങള്പാടേ തകര്ന്നുപോയാല്‍,മരണത്തെപോലും നിങ്ങള്ക്ക് ഭയമില്ലാതാകും എന്ന് സുനില്ഓര്മ്മപ്പെടുത്തുന്നു.
അഭയാര്ത്ഥികളില്‍ വീര്യം നഷ്ടപ്പെടുക സ്വാഭാവികമാണ്. അവര്‍ ഭിക്ഷ തെണ്ടിയും താഴെത്തട്ടിലുള്ള തൊഴിലെടുത്തും കടത്തിണ്ണകളില്‍ ഉറങ്ങിയും ജീവിതം തള്ളി നീക്കും. ഇവിടെ ബിരാജ് ഠാക്കൂര്‍ എന്ന ഒരു കണ്ണിന് അന്ധതയുള്ള  മനുഷ്യന്‍ അവര്‍ക്ക് കൈത്താങ്ങാവുന്നു. അവരെ ഡംഡമിലെ ഒഴിഞ്ഞുകിടന്ന വീടുകള്‍ കൈയ്യേറി താമസിക്കാന്‍ പ്രേരിപ്പിക്കുന്നു. ജീവിതം മെല്ലെ പച്ചപിടിക്കുമ്പോള്‍,അര്‍ജുന്‍ പഠനം തുടരുന്നു. ലാബിയും പഠിക്കാനിഷ്ടപ്പെടുന്നു.അവള്‍ക്ക് പൂര്‍ണ്ണസഹായം നല്കുന്നത് അര്‍ജ്ജുനാണ്. എന്നാല്‍ അവളില് കണ്ണുവച്ച് നടക്കുകയാണ് സുകന്‍. അവള്‍ക്കവനെ ഇഷ്ടമല്ല താനും. സുകനെയും ദിബ്യയെയും വിലയ്ക്കെടുക്കുന്ന കേള്‍സിംഗ് എന്ന പ്ലൈവുഡ് ഫാക്ടറി ഉടമയ്ക്ക് അതിഗൂഢ ലക്ഷ്യങ്ങുളുണ്ട്. സാവധാനം കോളനിവാസികളെ ഒഴിവാക്കി ഫാക്ടറി വിപുലീകരിക്കണം. അതിന് എതിരു നില്ക്കുന്നവരെ അവരുടെ ഇടയില്‍ നിന്നുള്ളവരെകൊണ്ടുതന്നെ നശിപ്പിക്കണം. കോളനിക്കാര് അര്‍ജുന്‍റെ വാക്കുകള് വിശ്വസിക്കുകയും കൂടെ നില്ക്കുകയും ചെയ്യുന്നതില് പകയുള്ളവനാണ് ദിബ്യ .അവന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം അര്‍ജുനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഗവേഷണം നടത്തുന്ന അര്‍ജുനും പ്രൊഫസര്‍ അബനിഷദയും സഹോദരി ശുക്ലയും സുഹൃത്തുക്കളും ചേര്‍ന്ന ഒരു ലോകത്തെക്കുറിച്ചും സുനില്‍ പറയുന്നുണ്ട്.
ആദ്യം അഞ്ച് വീട്ടുകാരെ ഒഴിപ്പിക്കാനാണ് കേള്‍സിംഗ് ലക്ഷ്യമിടുന്നത്. വഴങ്ങുന്നില്ല എന്നുകണ്ട് ആ വീടുകള്‍ക്ക് തീയിടുന്നു. സുകനെ വിവാഹം ചെയ്യാന് ലാബിയെ ദിബ്യ നിര്ബ്ബന്ധിക്കുമ്പോള്‍ വഴങ്ങാതിരുന്ന അവളെ അതിക്രൂരമായി ദിബ്യ ബലാത്സംഗം ചെയ്യുന്നു.സംഘര്ഷം മുറ്റിയ അന്തരീക്ഷത്തില്  കത്തിയ വീടുകളുടെ ഭാഗത്ത് കേള്‍സിംഗ് മതിലുകെട്ടുന്നു. ഇതിനെ എതിര്‍ക്കുന്ന അര്‍ജുനെയും കൂട്ടരെയും ദിബ്യയുടെ നേതൃത്വത്തില് അടിച്ചു തകര്ക്കുന്നു. ബോധംകെട്ട് ആസ്പത്രിയിലാകുന്ന അര്‍ജുന്‍റെ ഓര്‍മ്മകളിലൂടെയാണ് ഇവിടെ കഥ പറയുന്നത്.
പ്ലസ് ടു അധ്യാപികയായ കെ.കെ.റസീനയാണ് പരിഭാഷ നടത്തിയിരിക്കുന്നത്. ചിന്ത പബ്ലിഷേഴ്സ് ഇറക്കിയ പുസ്തകത്തിന് 115 രൂപയാണ് വില.

Wednesday, April 15, 2015

Ormaayanam by E.Sudhakaran

ഓര്‍മ്മായനം
ഉറൂബിന്‍റെ ജീവിതം,ദര്‍ശനം,നര്‍മ്മം,എഴുത്തിന്‍റെ വഴികള്‍,സൌഹൃദങ്ങള്‍ തുടങ്ങി അറിയുന്നതും അറിയപ്പെടാത്തുമായ ഒരുപാട് വഴികളിലൂടെ  നമ്മെ ഒരു സഞ്ചാരത്തിന് ക്ഷണിക്കുകയാണ്  ഓര്‍മ്മായനത്തിലൂടെ മകന്‍ ഇ.സുധാകരന്‍. പൊന്നാനി പരുത്തുള്ളി ചാലപ്പുറം മേനോന്‍ തറവാട്ടിലെ കാരണവന്മാരെ പരിചയപ്പെടുത്തിയാണ് എഴുത്ത് തുടങ്ങുന്നത്.തുടര്‍ന്ന് വലിയച്ഛനായ ഇടശ്ശേരിയെയാണ് അവതരിപ്പിക്കുന്നത്. ഉറൂബും ഇടശ്ശേരിയും തമ്മിലുള്ള  അടുപ്പം,കുടുംബ സൌഹൃദം,വ്യക്തി പ്രത്യേകതകള്‍ ഒക്കെയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ദൌര്‍ബ്ബല്യത്തെ ഇടശ്ശേരി ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സുകുമാരന്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം കര്‍മ്മത്തിന്‍റെ ഫലം അനുഭവിക്കണം,വിട്ടുവീഴ്ചയുടെ കാര്യമില്ല,മാപ്പിരക്കുന്നവനും കൊടുക്കുന്നവനും ദുര്‍ബ്ബലനാണ് എന്നിങ്ങനെ പോകുന്നു ഇടശ്ശേരിയുടെ ദര്‍ശനങ്ങള്‍. ഇത് ബുദ്ധദര്‍ശനമാണ് എന്നും പറയുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പുതൂരിനെയും കവി പി.കുഞ്ഞിരാമന്‍ നായരെയും പരിചയപ്പെട്ട ഗുരുവായൂര്‍ ഓര്‍മ്മകളാണ് തുടര്‍ന്നുള്ള ആത്മാവിലേക്കൊന്നു നോക്കട്ടെ ഞാന്‍ എന്ന അദ്ധ്യായം പറയുന്നത്. ജോണ്‍ എബ്രഹാമിന്‍റെ പ്രത്യേകത കൂടി ഒരൊറ്റ സന്ദര്‍ഭത്തിലൂടെ വെളിവാക്കുന്നുണ്ട്. ഉറൂബ് പിയെക്കുറിച്ച് എഴുതി, അഗ്നി പര്വ്വതത്തില് നിന്നും തള്ളിയൊഴുകുന്ന ലാവയില്‍ ,ഭൂമിയിലെ വിലപിടിപ്പുള്ള പല ധാതുപദാര്‍ത്ഥങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പോലെ കുഞ്ഞിരാമന്‍ നായരുടെ കവിതയില്‍ ദേശീയ സ്വഭാവമുള്ള എല്ലാം അലിഞ്ഞുചേര്‍ന്നിരിക്കുന്നു.
വ്യവസ്ഥാപിതത്വത്തിനും നീതിനിഷേധത്തിനുമെതിരെ പോരാടിയിരുന്ന ഉറൂബിന്‍റെയും എന്‍ പി മുഹമ്മദിന്‍റെയും സാദൃശ്യങ്ങള്‍ വിവരിക്കുന്നതാണ് മാഹമ്മദം. ഇഷ്ടപ്പെട്ട നാട്ടുനടപ്പുകളെ സ്വാശീകരിക്കുന്നതോടൊപ്പം എതിര്‍ക്കപ്പെടേണ്ടതെന്ന് കരുതുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാനും അവര്‍ മുതിര്‍ന്നിരുന്നു.
നീലക്കുയിലിന്‍റെ തിരക്കഥ എഴുതിയ കാലത്തെ കുറിച്ചാണ് കുയിലിന്‍റെ കാലം പറയുന്നത്. പഥേര്‍ പാഞ്ചാലിക്കും ഒരു വര്‍ഷം മുന്‍പാണ് നീലക്കുയില്‍ ഇറങ്ങിയത് എന്നതും ശ്രദ്ധേയമാണ്.നമ്മള്‍ അറിയാത്ത പല സംഭവങ്ങളും സുകുമാരന്‍ ഇടയ്ക്കിടെ അറിയിച്ചു പോകുന്നു എന്നത് രചനയുടെ പ്രത്യേകതയാണ്.
പി.ഭാസ്ക്കരന്‍ എന്ന അതുല്യ പ്രതിഭയെക്കുറിച്ചാണ് ഭാസ്ക്കരമ്മാമയില്‍ പറയുന്നത്. അനുഭവങ്ങള്‍ ഹൃദയത്തില്‍ തിളയ്ക്കുമ്പോള്‍,ഊര്‍ധ്വതമാകുന്നതാണ് ഭാസ്ക്കരന്‍റെ കവിതയെന്ന് ഉറൂബ് . അവരുടെ  കത്തുകളും ശ്രദ്ധേയങ്ങളാണ്.
ആകാശവാണി ജീവിതത്തിലെ ഗുണദോഷങ്ങള്‍ വിവരിക്കുന്നതാണ് അമരവാണീകാലം.ഉറൂബ് നല്ലൊരു നടനായിരുന്നുവെന്നതും  കോഴിക്കോട്ടുകാരുടെ നാടക പ്രേമവും വ്യക്തമാക്കുന്നതാണ് നാടകക്കാലം.
കോടതി കയറി മുഷിഞ്ഞ കാലമാണ് കഴുകന്‍ ചിറകിന്‍റെ നിഴലില്‍ എന്ന ഭാഗത്ത് പരാമര്‍ശിക്കുന്നത്.എഴുത്തുകാരുടെ മദ്യസദസ്സുകള്‍ പ്രസിദ്ധമാണെങ്കിലും അച്ഛന്‍ ലഹരി കണ്ടത് കവിതയിലായിരുന്നു ,അതുകൊണ്ട് അച്ഛന്‍ ഒരിക്കലും മദ്യിപിച്ചില്ല എന്ന് മകന്‍ എഴുതുന്നു.
അക്കിത്തത്തെ കുറിച്ചുള്ള അനുഭവ സാക്ഷ്യമാണ് അക്കിത്തമ്മാമ.പുരസ്ക്കാരങ്ങള്‍ക്ക് പിന്നാലെ ഓടുന്നവരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കാല്‍ച്ചിലമ്പ് തകര്‍ത്തു കുലുക്കി ഓടുന്നോരെയില് ഈ വാചകം ശ്രദ്ധേയം. ഉറൂബ് പറയുമത്രെ,ഞാണിന്മേല്എത്ര കളിച്ചാലും സമ്മാനം താഴെ വന്നേയുള്ളു എന്ന്.ദാരിദ്ര്യവും ബുദ്ധിമുട്ടും ഉണ്ടെങ്കിലും പ്രസാധകരോട് അദ്ദേഹം പറയുമായിരുന്നു, പണവും കണക്കുമൊക്കെ അവിടെ നില്ക്കട്ടെ, മാര്ക്കറ്റില്എപ്പോഴും എന്റെ പുസ്തകമുണ്ടായിരിക്കണം. എന്നാല്അദ്ദേഹത്തിന്റെ മരണശേഷം  മനഃപൂര്‍വ്വമെന്നവണ്ണം അദ്ദേഹത്തിന്‍റെ രചനകളെ വിസ്മരിക്കാന് ഒരു ശ്രമം നടന്നിരുന്നു എന്ന് നമ്മള് മനസ്സിലാക്കുന്നു.
കടവനാട് കുട്ടികൃഷ്ണന്‍,നാഗവള്ളി,ഓഎന്‍വി  എന്നിവരുമായുള്ള സൌഹൃദവും എഴുതുന്നുണ്ട് സുകുമാരന്‍ ഈ പുസ്തകത്തില്‍. ഉറൂബിന്‍റെ മ്യൂസിയം സ്ഥാപിക്കപ്പെട്ടതും നശിച്ചതും വായിക്കുമ്പോള്‍ വിഷമം തോന്നും. ഉറൂബിന്‍റെ ചില കഥാപാത്രങ്ങള്‍ ജീവനോടെയുള്ളത് എടുത്തുകാട്ടുമ്പോള്‍ എഴുത്തുകാരന്‍റെ കഥാപാത്രങ്ങളെ കണ്ടെത്തുന്ന വൈഭവം നമുക്ക് ബോധ്യമാവും.
എസ്.കെ.പൊറ്റക്കാടുമായുള്ള സൌഹൃദം,പൊറ്റക്കാടും സുകുമാരനുമായുണ്ടായിരുന്ന വ്യക്തിബന്ധത്തിലെ ഇഴയടുപ്പങ്ങളും അകലങ്ങളും എന്നിവയും പരാമര്‍ശിക്കുന്നു അടുത്ത അധ്യായത്തില്‍.
ജ്യേഷ്ടന്‍ കരുണാകരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വൈകാരികമാണ്.വളരെ വ്യത്യസ്തരായ മക്കളാണ് ഉറൂബിനുണ്ടായിരുന്നതെന്ന് വായനക്കാര്‍ ഇതിലൂടെ മനസ്സിലാക്കുന്നു.ഇടശ്ശേരിയുടെ മകന്‍ ഹരികുമാറിനെയും നമ്മള്‍ സുകുമാരന്‍റെ കാഴ്ചയിലൂടെ കാണുന്നുണ്ട്.
എംടിയെക്കുറിച്ച് പറയുന്നിടത്തെല്ലാം ഒരു കൊളുത്ത് നമുക്ക് കാണാം. രണ്ട് എഴുത്തുകാരെ ഒരു ത്രാസിന്‍റെ രണ്ട് തട്ടില്‍ വച്ച് തുലനം ചെയ്യാന്‍ കഴിയില്ലല്ലോ. ചിലര് അവരുടെ സമയം കൊണ്ട് പ്രസിദ്ധിയിലേക്ക് ഉയരും,മറ്റു ചിലര്‍ ആഴങ്ങളിലെ തമസിലേക്ക് താഴ്ത്തപ്പെടും എന്നു മാത്രം. ഉയിര്ത്തെഴുനേല്പ്പുകള്‍ ഉണ്ടാകാറുണ്ട്.കാഫ്കയെപ്പോലെ ഉദാഹരണങ്ങള്‍  ഏറെ.
നന്തനാരും ബഷീറും വികെഎന്നും കോവിലനുമൊക്കെ ചില വാക്കുകളിലൂടെയും സംഭവങ്ങളിലൂടെയും നമ്മുടെ മുന്നില്‍ അവതരിക്കുന്നുണ്ട്. ഉറൂബിന്‍റെ മരണം വിവരിക്കുന്ന ഭാഗം വേദനയുണര്‍ത്തുന്നു. സാഹിത്യത്തിലെ ഈ അതികായന്‍ നമ്മെ വിട്ടുപോകില്ല എന്ന് സുന്ദരികളും സുന്ദരന്മാരും നമ്മെ ഓര്‍മ്മിപ്പിക്കുന്നു  എന്ന് ഓര്‍മ്മായനം അടച്ചു വയ്ക്കുമ്പോള്‍ നാം സ്മരിക്കുന്നു. തികച്ചും വായന അര്‍ഹിക്കുന്ന പുസ്തകം.

ഡിസി ബുക്സ്---- 140 രൂപ. 

Saturday, February 28, 2015

America by Franz Kafka

അമേരിക്ക  
ഇരുപതാം നൂറ്റാണ്ടിലെ ചിന്താലോകത്തിലും അനുഭവ മണ്ഡലത്തിലും ആധിപത്യം സ്ഥാപിച്ച ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ അപൂര്‍ണ്ണമായ ഒന്നാണ് അമേരിക്ക. വേലക്കാരിയുടെ പ്രലോഭനത്തിനടിമയായി അവളുമായി ലൈഗിംകബന്ധം പുലര്‍ത്തിയതിന് ശിക്ഷയായി  അമേരിക്കയിലെ ബന്ധുവീട്ടിലേക്ക്  മാറ്റപ്പെടുന്ന കാള്‍ റോസ്മാന്‍  എന്ന പയ്യന്‍റെ കഥയാണ് ഇതില്‍ പറയുന്നത്. ഒരിക്കലും അമേരിക്കയില്‍ പോയിട്ടില്ലാത്ത കാഫ്ക തന്‍റെ വായനയിലൂടെയും മറ്റുള്ളവരുമായുള്ള സംഭാഷണത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത അറിവാണ്  എഴുത്തിന്  പ്രചോദനമായിട്ടുള്ളത്. പ്രാഗിലെ സ്ലാവ് വംശജര്‍ക്കിടയില്‍ ഒരു ജര്‍മ്മന്‍ യഹൂദനായി കഴിഞ്ഞിരുന്ന കാഫ്ക  തന്‍റെ പല രചനകളും എഴുതി പൂര്‍ത്തിയാക്കിയിരുന്നില്ല. അത്തരത്തില്‍ ഒന്നാണ് അമേരിക്ക.

ലോകത്തിലെ ഏതിടത്താണ് കാള്‍ റോസ്മാന്‍ എത്തിപ്പെട്ടത് എന്നത് ഒരു വിഷയമല്ലാത്തവിധം സങ്കീര്‍ണ്ണമാകുന്ന മനുഷ്യജീവിതമാണ് ഇതില്‍‍ വിവരിക്കുന്നത്. അമേരിക്കയുടെ സൂക്ഷ്മമായ തലങ്ങളൊന്നും രചനയില്‍ വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാളിനെ സഹായിക്കുന്നവരും ചതിക്കുന്നവരുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ഇതിലുണ്ട്. കപ്പലില്‍ യാത്ര ചെയ്ത് തുടങ്ങുന്നിടം മുതല്‍  അവന്‍റെ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളുടെ പരമ്പരകള്‍ ദുരൂഹതകളില്ലാതെ  എഴുതുകയാണ്  കാഫ്ക ചെയ്തിട്ടുള്ളത്. പരിസരങ്ങളുടെയും സംഭാഷണങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണമാണ് നോവലിന്‍റെ പ്രത്യേകത. നമ്മള്‍ എഴുത്തില്‍ സാധാരണ വിട്ടുപോകുന്ന പല കാര്യങ്ങളും കാഫ്ക ഗൌരവം നല്കി  രചനയില്‍ ഉള്‍പ്പെടുത്തുന്നു. ദുരിതവും പട്ടിണിയും മദ്യപാനവും ചതിയും വഞ്ചനയും തുടര്‍ കണ്ണികളാകുന്ന മനുഷ്യജീവിതമാണ് ഇതിലുള്ളത്. കഥാപാത്രങ്ങളെ മനശ്ശാസ്ത്രപരമായി വിശദീകരിക്കാനും ശ്രമം നടന്നിട്ടുണ്ട്. കാഫ്കയുടെ മികച്ച രചന എന്നു പറയാന്‍ കഴിയില്ലെങ്കിലും അതീവ ലളിതമായെഴുതിയ  രചനയെന്ന് അമേരിക്കയെ വിശേഷിപ്പിക്കാം. രാജന്‍ തുവ്വരയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.