Thursday, August 25, 2011

kazantzakis


കസന്‍ദ് സാക്കീസ്

ജീവചരിത്രം/ കത്തുകള്‍/പഠനം

പാപ്പിയോണ്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്‍റെ സമാഹരണം നൌഷാദാണ് നടത്തിയിട്ടുള്ളത്. നിക്കോസ് കസന്‍ദ് സാക്കീസ് ജീവിതവും രചനയുമെന്നൊരു പുസ്തകം 1989-ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഈ പുസ്തകം എന്ന് നൌഷാദ് തുടക്കത്തില്‍ പറയുന്നു്ട്. ഒന്നാം ഭാഗത്തില്‍ ജീവചരിത്രവും രചനകളെ കുറിച്ചുള്ള സംക്ഷിപ്തവും നല്കുയിട്ടുള്ളത് സാക്കിസിനെയും രചനകളെയും കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കും.

ക്രിസ്തുവിന്‍റെ അന്ത്യപ്രലോഭനം,ഗ്രീക്ക് പാഷന്‍(ക്രിസ്തു വീണ്ടും കുരിശ്ശില്‍), റിപ്പോര്‍ട്ട് ടു ഗ്രെക്കോ, ഭ്രാത്രുഹത്യ, ദൈവ രക്ഷകന്‍, ആത്മീയ വ്യായാമങ്ങള്‍, സ്വാതന്ത്രൃം അല്ലെങ്കില്‍ മരണം എന്നീ കൃതികള്‍ വായനക്കാരെ പരിചയപ്പെടുത്തുന്നു ഇവിടെ.

രണ്ടാം ഭാഗത്ത് അദ്ദേഹം എഴുതിയ കത്തുകളാണ് നല്കിയിട്ടുള്ളത്. കത്തുകളുടെ ഒരു നൈര്‍മ്മല്യമുണ്ട് ആ ഭാഗത്തിന്. പിന്നെ ഒരെഴുത്തുകാരന്‍ ,അച്ഛന്‍,അമ്മ,സഹോദരി,ഭാര്യ,സുഹൃത്ത് റാഹേല്‍ എന്നിവര്‍ക്കുള്ള കത്തുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നാം ഭാഗത്ത് പഠനങ്ങളും ആസ്വാദനങ്ങളുമാണുള്ളത്. വൈക്കം മുരളി എഴുതിയ അതിരുകളില്ലാത്ത ആത്മകഥ, ഓഷോ എഴുതിയ സോര്‍ബ എന്‍റെ പ്രേമഭാജനം, ആര്‍.എല്‍.ഹരിലാലിന്‍റെ സോര്‍ബ കടലിരമ്പവും തുളുമ്പും ചഷകവും, അജയ്.പി.മങ്ങാട്ടിന്‍റെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏകാന്തതയുടെ രഹസ്യങ്ങളിലേക്ക്, ഡോ.പി.കെ.പോക്കറുടെ കുരിശ്ശിലെ ആര്‍ത്ത നാദം , ആഷാ മേനോന്‍റെ ഗ്രീസിന്‍റെ ബലരേഖകള്‍, , എം.കൃഷ്ണന്‍ നായരുടെ കസന്‍ദ് സാക്കിസിന്‍റെ മാസ്റ്റര്‍ പീസ്, പി.കെ .രാജീവിന്‍റെ പീഢിതരുടെ ഉയര്‍ത്തെഴുന്നേല്പ്പ്, പീറ്റര്‍ ബീനിന്‍റെ കസന്‍ദ് സാക്കീസും സ്ത്രീകളും , വൈക്കം മുരളിയുടെ കസന്‍ദ് സാക്കീസ് കണ്ട റഷ്യ, പി.എന്‍.ദാസിന്‍റെ സെയ്ന്‍റ് ഫ്രാന്‍സിസ് വേദനയുടെ വെളിച്ചം, ഓഷോയുടെ നിക്കോസ് കസന്‍ദ് സാക്കിസ് നമ്മെ പ്രതിനിധീകരിക്കുന്നു എന്നിവയാണ് ഈ ഭാഗത്തുള്ളത്.

നാലാം ഭാഗത്ത് കൃതികളില്‍ നിന്നും എടുത്തിട്ടുള്ള ഭാഗങ്ങളാണ്. സോര്‍,ബ, കൂട്ടക്കൊല, ലിയോണ് ദാസിന്‍റെ ഡയറി, തോഡാ റാബ, നിങ്ങള്‍ അവനെ കൊന്നു- നിങ്ങള് എന്നിവയാണിവ. ഈ ഭാഗം പുസ്തകത്തില്‍ അനാവശ്യമായിരുന്നു എന്നു പറയാതെ വയ്യ. നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ ആദിമദ്ധ്യാന്തമില്ലാത്തതും മനസ്സിലാക്കാന്‍ കഴിയാത്തതുമായ ഒന്നായി. സത്യത്തില്‍ നോവലുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയല്ല, മറിച്ച് വിരസമാവുമോ വായന എന്ന ആശങ്കയാണ് അതുളവാക്കുന്നത്. എന്നാല്‍ ടോള്‍സ്റ്റോയിയും ദസ്തയെവിസ്ക്കിയും , എഴുത്തും ദേശവും , അമ്മ, റിപ്പോര്‍‍ട്ട് ടു ഗ്രെക്കോയുടെ പിറവി എന്ന ഹെലന‍ കസന്‍ദ് സാക്കിസിന്‍റെ രചന എന്നിവ ഗംഭീരമായ അനുഭവങ്ങള്‍ പകര്‍ന്നു നല്കുന്നു. ഏതായാലും വായന അര്‍ഹിക്കുന്ന ഒരു പുസ്തകമാണ് കസന്‍ദ് സാക്കിസ്.

Friday, August 19, 2011

Swathi thirunal


സ്വാതിതിരുനാള്‍

ഡോക്ടര്‍ ശൂരനാട്ടു കുഞ്ഞന്‍ പിള്ള എഴുതി കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ് പുറത്തിറക്കിയ ഗ്രന്ഥമാണ് സ്വാതി തിരുനാള്‍.. ഇംഗ്ലീഷില്‍ തയ്യാറാക്കിയ നല്ലൊരാമുഖമാണ് ഇതിന്‍റെ ഒന്നാമത്തെ പ്രത്യേകത. രാജഭരണ കാലത്ത് ജനിച്ച വ്യക്തി എന്ന നിലയില്‍ ഗ്രന്ഥകര്‍ത്താവ് കൂടുതല്‍ ഭവ്യതയുള്ള ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന ഒരു ന്യൂനതയും ചൂണ്ടിക്കാട്ടാം. ജനനവും ശൈശവവും എന്നു പറയാവുന്ന ഒന്നാം അദ്ധ്യായത്തിന്റെ തലക്കെട്ടുതന്നെ തിരു അവതാരവും ശൈശവവും എന്നാണ്.

രാജഭക്തിയുടെ ഭാഗമായുള്ള ആലങ്കാരിക ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും വളരെ കൃത്യമായി ചരിത്രം എഴുതിയിട്ടുണ്ട് കുഞ്ഞന്‍ പിള്ള സാര്‍. അന്ന് രാജാധികാരത്തില്‍ വന്നു ചേര്‍ന്ന നിയന്ത്രണം, തിരുവിതാംകൂറിന് മേല്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന മേല്ക്കോയ്മ, രാജ്ഞിമാരുടെ ഭരണം, തുടര്‍ന്ന് സ്വാതി തിരുനാളിന്റെ വരവ്, അദ്ദേഹവും റസിഡന്‍റ്മാരുമായുണ്ടായ അകല്ച്ചയും അതുയര്‍ത്തിയ ഭരണപരമായ പ്രശ്നങ്ങളും ഒക്കെ നന്നായി വിവരിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍.. അധികാരവുമായി ബന്ധപ്പെട്ട മുഷ്ക്കുകള്‍ ഭരണത്തെ എങ്ങിനെ ബാധിക്കുമെന്നത് ഗ്രന്ഥകാരന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.

രോഗിയായ രാജാവ് ഭരണത്തിലുള്ള ശ്രദ്ധ വിട്ട് പൂര്‍ണ്ണ ഭക്തനായി മാറുന്ന ഭാഗം സ്വാതിതിരുനാളിനോടുണ്ടായിരുന്ന ബഹുമാനം കുറച്ചു എന്നു പറയാതെ വയ്യ. രാജ്യഭരണത്തിനുതകേണ്ട പണം പത്മനാഭന് നിവേദ്യമാക്കിയതിന്‍റെയും ആഡംബരങ്ങള്‍ക്കും നൃത്ത സംഗീതാദികള്‍ക്കും അമിതമായി ചിലവാക്കിയതിന്‍റെയും കണക്കുകള്‍ കാണുമ്പോള്‍ സ്വാതി തിരുനാളിനെ കുറിച്ചുണ്ടായിരുന്ന അഭിമാനം കുറഞ്ഞു എന്നത് മറ്റൊരു സത്യം. കുറച്ചൊക്കെ പുരോഗമന പ്രവര്‍ത്തനങ്ങളും നടന്നു എന്നേ പറയാന്‍ കഴിയൂ. കലാപോഷണം, സംഗീതകൃതികളുടെ രചന എന്നിവയാണ് സ്വാതിയെ കീര്‍ത്തിമാനാക്കിയതെന്നും നല്ല ഭരണാധികാരി എന്ന നിലയിലല്ലെന്നും തുറന്നു പറയാതെ തന്നെ പറയാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. തിരുവിതാംകൂര്‍ ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ പുസ്തകം.

Thursday, August 11, 2011

Studies on the Art of Raja Ravi Varma by Prof.Ratan Parimoo


പ്രൊഫസര്‍ രത്തന്‍ പരിമുവിന്‍റെ സ്റ്റഡീസ് ഓണ്‍ ദ ആര്‍ട്ട് ഓഫ് രാജ രവി വര്‍മ്മ , കേരള ലളിതകലാ അക്കാദമിയുടെ പ്രസിദ്ധീകരണമാണ്. രവി വര്‍മ്മ ചിത്രങ്ങളുടെ പ്രത്യേകതകള്‍, അതിലെ പ്രാദേശിക സ്വാധീനം, പാശ്ഛാത്യ സ്വാധീനം എന്നിവ വിലയിരുത്തുന്നതാണ് ഈ രചന. ബറോഡ രാജാവിനു വേണ്ടി പുരാണ കഥകളെ അടിസ്ഥാനമാക്കി രചിച്ച ചിത്രങ്ങള്‍, ഛായാചിത്രങ്ങള്‍ എന്നിവയെല്ലാം രത്തന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രവിവര്‍മ്മ രചിച്ച ശൃംഗാര രസം മുന്നിട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാണെന്ന് രത്തന്‍ അഭിപ്രായപ്പെടുന്നു. അര്‍ജ്ജുന-സുഭദ്ര, വിശ്വാമിത്ര-മേനക, ശന്തനു-മത്സ്യഗന്ധ,രാധമാധവ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ശന്തനുവിനെ ഉപേക്ഷിക്കുന്ന ഗംഗയും ദമയന്തിയെ ഉപേക്ഷിക്കുന്ന നളനും നല്കുന്ന രസം ശോകം നിറഞ്ഞതാണ്. കഥാസന്ദര്‍ഭങ്ങളുടെ മുഴുവന്‍ ഭാവവും ഉള്‍ക്കൊള്ളാനുള്ള രവിവര്‍മ്മയുടെ ചാതുരിയെപറ്റി രത്തന്‍ പ്രത്യേകമായി പറയുന്നുണ്ട്.

രവിവര്‍മ്മയുടെ വലിയ കാന്‍വാസ് ചിത്രങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മോഹിനി-രുഗ്മാംഗദ ചിത്രത്തിലെ പ്രകാശവിന്യാസം ഏറെ ശ്രദ്ധേയമാണെന്ന് രത്തന്‍ അഭിപ്രായപ്പെടുന്നു. കഥാപാത്രങ്ങളുടെ സ്ഥാനനിര്‍ണ്ണയത്തിലും വേഷഭൂഷകളിലും നല്ല ശ്രദ്ധ ചെലുത്തിയിട്ടുണ്ട് വര്‍മ്മ. പുരാണ കഥാപാത്രങ്ങളുടെ വേഷഭൂഷണങ്ങളിലെ ആഢംബരവും ദരിദ്രരുടെ വേഷവും ദൈന്യതയുമെല്ലാം ഒരേ ഏകാഗ്രതയോടെ ചിത്രീകരിക്കാനുള്ള കഴിവാണ് വര്‍മ്മയ്ക്കുണ്ടായിരുന്നത്. കൂടുതല്‍പേരുടെ പങ്കാളിത്തമുള്ള ചിത്രങ്ങളില്‍ ഒരു ക്യാമറമാന്‍റെ ലെന്‍സ് കണ്ണുകള്‍‍ വര്‍മ്മയ്ക്കുണ്ടായിരുന്നു.

രവിവര്‍മ്മ ചിത്രങ്ങളിലെ നാച്വറലിസത്തെക്കുറിച്ച് ആനന്ദ കുമാര സ്വാമികളുടെയും മറ്റും വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. നാച്വറലിസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതപ്പെട്ട ലേഖനങ്ങളും ഗ്രന്ഥകാരന്‍ ഇതില്‍ കൊടുത്തിട്ടുണ്ട്. ഹാവല്‍,ശ്യാം ചരണ്‍ ശ്രിമാനി, ബലേന്ദ്ര നാഥ് ടാഗോര്‍, രാമാനന്ദ് ചാറ്റര്‍ജി, കുമാര സ്വാമി, സുകുമാര്‍ റോയ്, രത്തന്‍ പരിമു എന്നിവരുടെ വിലയിരുത്തലുകളാണ് കൊടുത്തിട്ടുള്ളത്. കളറിലും ബ്ലാക്ക് ആന്‍റ് വൈറ്റിലുമുള്ള 46 ചിത്രങ്ങളും ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. രവിവര്‍മ്മ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ ഗ്രന്ഥം.