Monday, October 6, 2014

vpr revisited

വിപിആര്‍   റീവിസിറ്റഡ്
                                   

   സംസ്ഥാന സര്‍ക്കാരിന്‍റെ 2013ലെ സ്വദേശാഭിമാനി കേസരി പുരസ്ക്കാര ജേതാവായ വി.പി.രാമചന്ദ്രന്‍റെ ജീവിതാനുഭവങ്ങളുടെ പുസ്തക രൂപമാണ് വിപിആര്‍ റീവിസിറ്റഡ്. അങ്കിത ചീരകത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു നോവല്‍ വായിക്കും വിധം ഒറ്റയിരുപ്പില്‍ വായിച്ചു പോകാവുന്ന പുസ്തകമാണിത്  എന്നതാണ് ഇതിന്‍റെ പ്രത്യേകത. പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാത്തരം വായനക്കാര്‍ക്കും നല്ലൊരു വയനാനുഭവം പുസ്തകം പകര്‍ന്നു നല്കും.
എത്തിച്ചേരേണ്ട ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ,നിരന്തരമായ കഠിനാധ്വാനം,ഗുണമോ ദോഷമോ എന്നു നോക്കാതെ വന്നു ചേരുന്ന എല്ലാ അനുഭവങ്ങളെയും സ്വീകരിക്കാനുള്ള മനസ്സ്, ഇവയാണ് വി.രാമദാസ് എന്ന വ്യക്തിത്വത്തെ വി.പി.രാമചന്ദ്രനെന്ന അസാധാരണ പത്രപ്രവര്‍ത്തകനാക്കിയതെന്ന് ജീവചരിത്രം നമ്മെ അറിയിക്കുന്നു.
1924  ഏപ്രില്‍ 21ന് ദാരിദ്ര്യം അനുഭവിക്കുന്ന ഒരു നായര്‍ കുടുംബത്തില്‍ പിറന്ന അസുന്ദരനായ കുട്ടി, അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ലാതെ വളരുന്നു. പഠന തത്പ്പരത കുറഞ്ഞവനും കളികളില്‍ താത്പ്പര്യമേറിയവലുമായ അവന്‍ വീട്ടിലെ ദുരിതങ്ങളില്‍ നിന്നും പടിയിറങ്ങുന്നത് പത്താം തരവും ടൈപ്പ്റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍റും പഠിച്ച് പൂനയിലേക്ക് യാത്രയാവുന്നതോടെയാണ്. ആ കാലത്തെ മലയാളികളില്‍ ഭൂരിപക്ഷവും അവരുടെ മറുനാടന്‍ യാത്ര തുടങ്ങുന്നത് ഇങ്ങിനെയായിരുന്നു. രാമചന്ദ്രന്‍ പക്ഷെ ഒരു മിലിട്ടറി ക്ലാര്‍ക്കായി ഒതുങ്ങാന്‍ ആഗ്രഹിച്ചില്ല. സൌഹൃദങ്ങളുടെ ഗുണഫലം കൊണ്ട് അസോസിയേറ്റ് പ്രസ്സ് ഓഫ് ഇന്ത്യയില്‍ ടെലിപ്രിന്‍റര്‍ ഓപ്പറേറ്ററായി. താത്ക്കാലിക ജോലിയായിട്ടും അതേറ്റെടുക്കാന്‍ തയ്യാറായത് വിപിആറിന്‍റെ  ജീവിതം മാറ്റിമറിച്ച തീരുമാനമായി.
ജോലിയിലുള്ള ആത്മാര്‍ത്ഥത ഒന്നുകൊണ്ടു മാത്രം അവിടെ തുടരാന്‍ കഴിഞ്ഞു. 1947ല്‍ ഇന്ത്യ സ്വതന്ത്രയായപ്പോള്‍ സ്ഥാപനം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയായി മാറി. ജീവിത ദുരിതം സഹിക്കാന്‍ കഴിയാതെ ടെലിപ്രിന്‍റര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തിയ സമരത്തിന് നേതൃത്വം നല്കി. ശമ്പളം കൂട്ടിക്കിട്ടി. എന്നാല്‍ ഭാവിയില്‍ ഒരു സമരം ഒഴിവാക്കാനായി സ്ഥാപനം സമര നേതാക്കളെ ബോംബെയില്‍ നിന്നും സ്ഥലം മാറ്റി. വിപി രാമചന്ദ്രന്‍ എത്തിപ്പെട്ടത് ആ കാലത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത ഗോഹട്ടിയിലായിരുന്നു.പത്രപ്രവര്‍ത്തകനാകാന്‍ എന്ത് ത്യാഗവും സഹിക്കുമെന്ന സമീപനത്തിലായിരുന്നു വിപിആര്‍.അദ്ദേഹം ഗോഹട്ടിയിലെത്തി. മഴയും പ്രകൃതി ഭംഗിയും സ്നേഹമുള്ള മനുഷ്യരും ഒത്തിണങ്ങിയ ഗോഹട്ടിയിലെ ജീവിതം ആസ്വദിക്കാന്‍ വിപിആറിന് ബുദ്ധിമുട്ടുണ്ടായില്ല.
1950ല്‍  മടങ്ങി ബോംബെയിലെത്തുമ്പോള്‍ ഒരു പത്രപ്രര്‍ത്തകന്‍റെ ജോലി തനിക്ക് ലഭിക്കും എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി കരുതി. ഗോഹട്ടിയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയ അനുഭവങ്ങളുള്ളതിനാല്‍ അത് ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടായിരുന്നില്ല. എന്നാല്‍ ന്യൂസ്സ് എഡിറ്റര്‍ അത് അംഗീകരിച്ചില്ല. വളരെ ശ്രമപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് ആക്കി. എന്നാല്‍ മോശമായി പെരുമാറുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആരോഗ്യകരമായ സൌഹൃദം തുണച്ചതുവഴി ന്യൂഡല്‍ഹിയിലേക്ക് മാറ്റം വാങ്ങി. അവിടെ പ്രവര്‍ത്തിക്കുന്ന കാലം ഏ.കെ.ഗോപാലന്‍ ഉള്‍പ്പെടെ പല പ്രശസ്തരുമായും സൌഹൃദത്തിലായി. ഡല്‍ഹി മലയാളി അസ്സോസ്സിയേഷനിലെ പ്രധാനപ്പെട്ട അംഗമായും മാറി. പഞ്ചാബ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പല പ്രധാന സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യാന്‍ അവസരം കിട്ടി.
1956ലാണ് ലാഹോര്‍ പ്രതിനിധിയായി മാറ്റം കിട്ടുന്നത്. പാകിസ്ഥാനില്‍ വലിയ നിയന്ത്രണങ്ങളുള്ള കാലം. 1957 ഏപ്രില്‍ 21നായിരുന്നു ഗൌരിയെ വിവാഹം ചെയ്തത്. പാകിസ്ഥാനിലെ അടിയന്തിരാവസ്ഥ റിപ്പോര്‍ട്ടിംഗ്  ഉള്‍പ്പെടെ അതീവ ജാഗ്രത ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഈ കാലത്ത് ഏര്‍പ്പെട്ടത് പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ടതാണ്. തുടര്‍ന്ന് റാവല്‍പിണ്ടിയിലേക്ക് മാറ്റം  ലഭിച്ചു. വളരെ ശ്രമപ്പെട്ട ശേഷമാണ് 1960ല്‍ തിരികെ ന്യൂഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ പുതിയ റിക്രൂട്ടുകള്‍ക്ക് പരിശീലനം നല്കാനുള്ള ചുമതലയാണ് എഡിറ്റര്‍ ഏല്പ്പിച്ചത്. തീരെ താത്പ്പര്യമില്ലാത്ത ജോലി എങ്ങിനെ നിര്‍വ്വഹിക്കും എന്നതായിരുന്നു പിന്നീട് വിപിആറിനെ അലട്ടിയ വിഷയം. ഒടുവില്‍ അതില്‍ നിന്നും രക്ഷപെടാനായി മൂന്നുമാസം ജയ്പ്പൂര്‍ ലേഖകനായി. തിരികെ വന്നിട്ടും സാഹചര്യം മാറാതിരുന്നപ്പോള്‍ മാനേജരുടെ സഹായത്തോടെ അക്രഡിറ്റഡ് കറസ്പോണ്ടന്‍റായി, മാനേജരുടെ കുരുക്കില്‍ നിന്നും മോചിതനായി.
തുടര്‍ന്ന് 1961ല്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ഇന്തോ ചൈന യുദ്ധകാലത്ത് അതിര്‍ത്തിയില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അനുഭവങ്ങള്‍ വിപിആര്‍ വിവരിക്കുന്നുണ്ട്. നെഹ്റുവിന്‍റെ മരണം,തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍,അധികാര ദ്രുവീകരണം ഒക്കെയും കണ്ടും ഒപ്പം കൂടിയും മനസ്സിലാക്കുന്ന വിപിആര്‍ സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം ഒരു നാടിന്‍റെ ചരിത്രം കൂടിയാണ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ കിച്ചന്‍ കാബിനറ്റുമായി ഉണ്ടായിരുന്ന അടുപ്പവും ആര്‍.കെ.ധവാന്‍റെ ശത്രുത, ഒരു പ്രമുഖ പത്രപ്രവര്‍ത്തകനായി മാറിയിരുന്ന വിപിആറിനെ അടിയന്തിരാവസ്ഥക്കാലത്ത് എത്രമാത്രം ബുദ്ധിമുട്ടിച്ചു എന്ന അനുഭവവുമൊക്കെ സത്യസന്ധമായി പറയുന്നുണ്ട്  വിപിആര്‍. അനേകം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാനുഭവങ്ങളും വിപിആര്‍ പറയുന്നു. രാഷ്ട്രീയരംഗത്ത് വലിയ സൌഹൃദ വലയം സൂക്ഷിച്ചിരുന്ന വിപിആറിന്‍റെ ശ്രദ്ധേയമായ ചില വിലയിരുത്തലുകളും ഈ പുസ്തകത്തില്‍ വായനക്കാരന് കാണാന്‍ കഴിയും.
അടിയന്തിരാവസ്ഥക്കാലത്ത് ,ധവാന്‍റെ താത്പ്പര്യത്തിനു വഴങ്ങി ,യുഎന്‍ഐ ,വിപിആറിനെ റാഞ്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ കറസ്പോന്‍ണ്ടന്‍റാക്കി. അതും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഏറ്റെടുത്ത വിപിആര്‍ , വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന്‍റെ പുതിയ പാത തുറക്കുകയാണുണ്ടായത്. 1977ല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ വിപിആറും ഡല്‍ഹിയിലെത്തി. യുഎന്‍ഐ ഡപ്യൂട്ടി ജനറല്‍ മാനേജരായി. എന്നാല്‍ ജനറല്‍ മാനേജരുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അപ്പോഴാണ് മാതൃഭൂമിയുടെ പുതിയ ചെയര്‍മാന്‍ കൃഷ്ണമോഹന്‍ പത്രത്തിന്‍റെ എഡിറ്ററാകാന്‍ ക്ഷണിച്ചത്.
1978 ആഗസ്റ്റില്‍ മാത്ൃഭൂമിയില്‍ ചേര്‍ന്നു. പത്രത്തിന്‍റെ തിരുവനന്തപുരം എഡിഷന്‍ തുടങ്ങാനും സര്‍ക്കുലേഷന്‍ കൂട്ടാനും ആധുനികവത്ക്കരിക്കാനും വലിയ സംഭാവന നല്കി. കൃഷ്ണമോഹന്‍റെ മരണം വളരെ പെട്ടെന്നായിരുന്നു. തുടര്‍ന്ന് വീരേന്ദ്ര കുമാര്‍ ചെ.ര്‍മാനായി. മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്ത പഴമക്കാര്‍ സംഘം ചേര്‍ന്നുനടത്തിയ ഗൂഢാലോചനയുടെ ഭാഗമായി എഡിറ്ററും ചെയര്‍മാനും തമ്മിലുള്ള നല്ല ബന്ധം ഉലയാന്‍ തുടങ്ങി. ഒടുവില്‍ 1983ല്‍ മാതൃഭൂമി ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഊര്‍ജ്ജം വറ്റാത്ത മനസ്സുള്ള വിപിആര്‍ 1984ല്‍ എക്സ്പ്രസ്സ് പത്രത്തിലും തുടര്‍ന്ന് കേരളപത്രികയിലും തന്‍റേതായ സംഭാവനകള്‍ ചെയ്തു. 1991ലാണ് കേരള പ്രസ്സ് അക്കാദമി ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാകുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറാകാന്‍ ക്ഷണിച്ച കഥയും വിപിആര്‍ പറയുന്നുണ്ട്. വകുപ്പിലെ അടിയൊഴുക്കുകളും രാഷ്ട്രീയവും അറിയാവുന്നതിനാല്‍ ഏറ്റെടുത്തില്ല . തുടര്‍ന്നാണ് കേരള പ്രസ്സ് അക്കാദമി ചെയര്‍മാനാകുന്നത്.
ഔദ്യോഗിക ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകളുടെ ഗ്രാഫ് ഒരു നിസ്സംഗനെപോലെ പറഞ്ഞുപോകാന്‍ കഴിയുന്ന സ്ഥൈര്യം ഒരു പക്ഷെ വിപിആറിന് നല്കിയത് വ്യക്തിജീവിതത്തിലെ തിരിച്ചടികളാവാം. ഭാര്യ ഗൌരിയുടെ മാനസ്സിക പ്രശ്നങ്ങള്‍ നിരന്തരം വേട്ടയാടുമ്പോള്‍ അതില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു വിപിആറിന്‍റെ തിരക്കുകളുള്ള ജീവിതമെന്നു പറയാം. ഇപ്പോള്‍ മാറിനിന്ന് കൌതുകത്തോടെ ജീവിതത്തെ വീക്ഷിക്കാന്‍ കഴിയുന്നതും അതുകൊണ്ടാകാം.

പാകിസ്ഥാനില്‍ സുഹൃത്തായിരുന്ന ബി.എം.കുട്ടി, യുഎന്‍ഐയില്‍ ഉണ്ടായിരുന്ന മോഹന്‍ദാസ്,ഡല്‍ഹി മലയാളി അസ്സോസ്സിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പി.ഗോപിനാഥ മേനോന്‍,മാതൃഭൂമിയിലെ വി.രാജഗോപാല്‍,ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകളും പുസ്തകത്തിലുണ്ട്. കേരള പ്രസ്സ് അക്കാദമി പുറത്തിറക്കിയ ആദ്യ ഇംഗ്ലീഷ് പ്രസിദ്ധീകരണം എന്ന പ്രത്യേകതയും വിപിആര്‍ റീവിസിറ്റഡിനുണ്ട്. 

Saturday, May 24, 2014

The Making of a Newspaper

The  making of a Newspaper
----- Rahul  Mudgal
Sarup Book Publishers Pvt.Ltd,New Delhi—Rs.600/-

രാഹുല്‍  മുദ്ഗലിന്‍റെ ദ മേക്കിംഗ് ഓഫ് എ ന്യൂസ് പേപ്പര്‍, ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ്. പത്രാധിപരുടെ റോള്‍, വായനക്കാരെ സമീപിക്കേണ്ട രീതി,സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍, പരസ്യത്തിന്‍റെ പ്രാധാന്യം, കമ്പനികള്‍ സ്വാധീനിക്കുന്ന രീതി,പബ്ളിക്കേഷന്‍ സംബ്ബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍, ടെര്‍മിനോളജി, പ്രസ്സ് ജാര്‍ഗണുകള്‍,ആധുനിക ശൈലി വഴികാട്ടി,പത്രത്തിന്‍റെ അടിസ്ഥാന മാതൃക തുടങ്ങിയവയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. പക്ഷെ പുസ്തകത്തിന്‍റെ പ്രധാന ന്യൂനത അത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ പരിശോധിക്കുന്നില്ല എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലും ഇംഗ്ലണ്ടിലും ഇറങ്ങിയ പുസ്തകങ്ങള്‍ പരിശോധിച്ച് ഇന്ത്യന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നല്കിയ പുസ്തകമെന്ന് വിശേഷിപ്പിക്കാം. ഇന്ത്യന്‍ പത്രങ്ങളെ കൂടി പഠിക്കുകയും അതിനെയും മറ്റ് വികസിത രാഷ്ട്രങ്ങളിലെ പത്രങ്ങളെയും താരതമ്യം ചെയ്യും വിധം തയ്യാര്‍ ചെയ്തിരുന്നെങ്കില്‍ നല്ലൊരു പുസ്തകമായേനെ. എന്നാല്‍ അതിനൊന്നും മിനക്കെടാന്‍ എഴുത്തുകാരന്‍ തയ്യാറായിരുന്നില്ല എന്ന മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇന്ത്യന്‍‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ ഗുണം ചെയ്യുന്ന പുസ്തകമല്ല ഇത് എന്നു പറയാന്‍ കഴിയും. 

Friday, May 23, 2014

The Moon and Six pence


The  Moon  and Six pence---  W.Somerset Maugham
---  Vintage Classics,UK—Price-- 6.99 pounds
W.Somerset Maugham  എഴുതിയ മനോഹര നോവലാണ് ദ മൂണ്‍ ആന്‍റ് സിക്സ് പെന്‍സ്. 1874ല്‍ പാരീസില്‍ ജനിച്ച് കാന്‍റര്‍ ബറിയിലും ഹീഡല്‍ ബര്‍ഗ് സര്‍വ്വകലാശാലയിലും പഠിച്ച സോമര്‍സെറ്റ് ഡോക്ടറാകാന്‍ സെന്‍റ് തോമസ് ആശുപത്രിയില്‍ പരിശീലനം നേടിയെങ്കിലും 1897ല്‍ എഴുത്തില്‍ പൂര്‍ണ്ണമായും മുഴുകി. 1919ലാണ് ദ മൂണ്‍ ആന്‍റ് സിക്സ് പെന്‍സ് രചിച്ചത്. 1965ല്‍ മരിക്കുവരെയും ദക്ഷിണ ഫ്രാന്‍സിലായിരുന്നു താമസം.
ചാള്‍സ് സ്ട്രിക്ക് ലാന്‍റ് എന്ന സ്റ്റോക്ക് ബ്രോക്കറ്‍ ഒരു ദിവസം തന്‍റെ തൊഴിലും കുടുംബവും ഉപേക്ഷിച്ച് പാരീസിലേക്ക് ചേക്കേറുന്നു. ചിത്രകാരനാവുക എന്നതായിരുന്നു മോഹം. പിന്നീടൊരിക്കലും കുടുംബത്തെക്കുറിച്ച് ചിന്തിക്കാതെ താന്‍ വരച്ച ചിത്രങ്ങളെ മാത്രം സ്നേഹിച്ച് , പലര്‍ക്കും വേദനകള്‍ സമ്മാനിച്ച് .സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി ജീവിതമൊടുക്കുന്നതാണ് കഥ.എഴുത്തുകാരന്‍ കഥാപാത്രമായി എപ്പോഴും അയാള്‍ക്ക് പിന്നാലെയുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം വിഷമങ്ങള്‍ മാത്രം സമ്മാനിച്ച ,ജീവിത ബന്ധങ്ങള്‍ക്ക് അര്‍ത്ഥം കല്പ്പിക്കാത്ത അനാര്‍ക്കിയായിരുന്നു സ്ട്രിക്ക് ലാന്‍റിന്‍റെ ജീവിതം. ജീവിച്ചിരുന്ന കാലത്ത് മഹത്വം തിരിച്ചറിയപ്പെടാതെ പോയ ചിത്രങ്ങള്‍ മരണ ശേഷം വിലയേറിയ സ്വത്തായി മാറുന്നു എന്നതാണ് സെമര്‍സെറ്റ് കഥയിലൂടെ പറയുന്നത്. കാലാകാരന്‍റെ ജീവിതം ഫ്രെയിമുകള്‍ക്ക് പുറത്താണെന്ന സത്യം ഒരിക്കല്‍കൂടി ഓര്‍മ്മിക്കാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു

Saturday, May 17, 2014

The Metamorphosis - Franz Kafka


The Metamorphosis--- Franz  Kafka
Translated   and edited  by Stanley  Corngold
Bantam Classic- Rs.199/-
കാഫ്ക മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. 1883-ല്‍ ഒരു സമ്പന്ന ജൂതകുടുംബത്തില്‍ ജനിച്ച കാഫ്ക,വ്യവസായിയായ അച്ഛന്‍റെ ഇഷ്ടം നേടാന്‍ പരാജയപ്പെട്ട മകനായിരുന്നു. അതുണര്‍ത്തിയ അസന്തുഷ്ടി 1919 ല്‍ എഴുതിയ Letter to  his father”ല്‍ കാണാം. ജര്‍മ്മനിയില്‍ നിയമ ബിരുദം നേടിയെങ്കിലും സാഹിത്യമായിരുന്നു എന്നും കാഫ്കയുടെ മനസ്സില്‍. 1915ല്‍ “The Stocker” ന് Fontaine prize കിട്ടി.1916-1923 കാലത്ത് 3 നോവലുകള്‍ പൂര്‍ത്തിയാക്കാതെ എഴുതി വച്ചു. The Trial,The Castle &  Amerika . 1916ലെ The Judgement, The Metamorphosis,19ലെ The Penal Colony,The Country Doctor എന്നിവ ശ്രദ്ധേയ രചനകള്‍. 1924ല്‍ ക്ഷയരോഗത്താലാണ് കാഫ്ക മരിച്ചത്. അതിനുമുന്‍പ് എല്ലാ രചനകളും കത്തിച്ചുകളയണമെന്ന് സുഹൃത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.അയാള്‍ അതനുസരിക്കാതിരുന്നതിനാല്‍ ഈ രചനകള്‍ തലമുറ കൈമാറി ജീവിക്കുന്നു.

കാഫ്കയുടെ Metamorphosis( രൂപാന്തരം )വായനക്കാര്‍ക്ക് ഒരത്ഭുത രചനയായിരുന്നു. പുതിയ വായനക്കാര്‍ക്കും അതങ്ങിനെ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ഗ്രെഗര്‍ സാംസ എന്ന ബസിനസ് റപ്രസെന്‍റേറ്റീവ് ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ രൂപാന്തരം സംഭവിച്ച് പാറ്റയെപ്പോലെ ഒരു ജീവിയായി മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന് ഒരു വ്യക്തി എന്ന നിലയില്‍ ഗ്രെഗര്‍ അനുഭവിക്കുന്ന ശാരീരിക-മാനസ്സിക പ്രശ്നങ്ങള്‍,വീട്ടുകാരുടെ സമീപനം,പരിചിതരും അല്ലാത്തവരുമായി വീട്ടിലെത്തുന്നവരുമായുള്ള ഇടപെടലുകള്‍ എന്നിവ അതിസൂക്ഷ്മ തലത്തില്‍, ഒരു ഗവേഷകന്‍റെയും ഒപ്പം ഒരു ശില്പ്പിയുടെയും ചാരുതയോടെ വിവരിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുകയാണ് കാഫ്ക. സ്വജീവിതത്തില്‍ ഫാന്‍റസിക്ക് വേണ്ടത്ര ഇടം നല്കുന്ന ഒരാള്‍ക്ക് മാത്രമെ ഇത്ര ഗൌരവത്തോടെ ഇത്തരമൊരു രചന നടത്താന്‍ കഴിയുകയുള്ളു.പുസ്തകത്തില്‍ കഥയുടെ വിവര്‍ത്തനത്തിനു പുറമെ ആമുഖവും വിശദമായ നോട്ടുകളും കാഫ്കയുടെ കത്തുകളും രചനകളെ സംബ്ബന്ധിച്ച ലേഖനങ്ങളും ഇതില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Thursday, April 24, 2014

Lore and Legends of Kerala

Lore and Legends of Kerala --- Kottarathil Sankunny
Translated by T.C.Narayanan. Illustrations—C.N.Karunakaran and Namboodiri
Pblidhed by Malayala Manorama and Oxford University Press

കേരളത്തിന്‍റെ ഐതീഹ്യമാല രചിച്ചത് കൊട്ടരത്തില്‍ ശങ്കുണ്ണിയാണ്. അതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് LORE AND LEGENDS OF KERALA.
വളരെ രസകരമായി വായിക്കാന്‍ കഴിയുന്ന അതിശയ കഥകള്‍ അതിന്‍റെ ചാരുത ഒട്ടും കുറയാത്ത വിധം വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചിരിക്കയാണ് ശ്രീ.നാരായണന്‍. വിശ്വസിക്കാവുന്നയും അങ്ങിനെയല്ലാത്തവയുമായ സംഭവങ്ങളുടെ അവതരണമാണ് ഇതിലാകെയും. ഒപ്പം ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സാമൂഹിക കാലാവസ്ഥ ശരിക്കും മനസ്സിലാക്കാന്‍ ഈ കഥകളില്‍ ഗവേഷണം നടത്തിയാല്‍ മതിയാകും. ബ്രാഹ്മണ മേധിവിത്വത്തിന്‍റെ കാലത്തെ കഥകളാണ് അധികവും. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും ബ്രാഹ്മണരാണ്. അന്ന് മറ്റാര്‍ക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നതിനാല്‍ സ്വാഭാവികമായും അവരുടെ മേല്ക്കോയ്മ സമൂഹത്തില്‍ നടമാടിയിരുന്നു. ഇതിനിടയില്‍ പട്ടിണിക്കാരായ ബ്രാഹ്മണരെക്കുറിച്ചും പറയുന്നുണ്ട്. അതായത് അന്ന് ബ്രാഹ്മണരുടെ ഇടയിലും സ്വത്ത് അടിസ്ഥാനമാക്കിയുള്ള വേറുകൃത്യം നിലനിന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പുരുഷ മേധാവിത്വത്തിന്‍റെയും ആചാരങ്ങളെ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഉദാഹരണങ്ങള്‍ കഥകളിലുണ്ട്. തികച്ചും വായന അര്‍ഹിക്കുന്ന പുസ്തകമാണിത്. പ്രത്യേകിച്ചും കുട്ടികളില്‍ അത്ഭുതം ജനിപ്പിക്കാന്‍ കവിയുന്ന ഒരുപാട് കാര്യങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. സി.എന്‍.കരുണാകരന്‍റെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെയും ചിത്രങ്ങള്‍ പുസ്തകത്തിന് പത്തരമാറ്റ് തിളക്കം നല്കുന്നു.
അറയ്ക്കല്‍ ബീവി, ചക്രോത്തമ്മ, ചെമ്പകശ്ശേരി രാജ, പാമ്പ് മേക്കാട്ട് നമ്പൂതിരി,കാക്കശേരി ഭട്ടതിരി, കല്ലന്താട്ടില്‍ ഗുരുക്കള്‍,കിടങ്ങൂര്‍ കണ്ടങ്കോരന്‍,കോലത്തിരി രാജ,സാമൂതിരി,കോട്ടയത്ത് രാജ,കുട്ടഞ്ചേരി മൂസ്,മണ്ടാക്കാട് ദേവി, പന്തളം നീലകണഠന്‍,അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍,കായംകുളം കൊച്ചുണ്ണി,പാഴൂര്‍ പെരുംതൃക്കോവില്‍,മംഗലത്ത് ശങ്കുണ്ണി,വെണ്മണി നമ്പൂതിരി,ശബരിമല അയ്യപ്പന്‍,കുഞ്ചന്‍ നമ്പ്യാര്‍,വാഗ്ഭടാചാര്യന്‍,പാക്കനാര്‍,അഗ്നിഹോത്രി,വില്വമംഗലം,കടമറ്റത്ത് കത്തനാര്‍, പിലാമന്തോള്‍ മൂസ്സ്, വയ്സ്ക്കര ഭട്ടതിരി തുടങ്ങി അനേകം പേരുടെ ചരിത്രവും അവരുടെ ജീവിതത്തെ സംബ്ബന്ധിച്ച ഐതീഹ്യങ്ങളുമാണ്  ഇതില്‍ പറയുന്നത്.


Tuesday, April 15, 2014

PAX INDICA

PAX   INDICA
ശശി തരൂരിന്‍റെ PAX   INDICA  ഇന്ത്യയുടെ വിദേശ നയത്തെ സംബ്ബന്ധിച്ച ഗൌരവമേറിയ രചനയാണ്. സ്വാതന്ത്യാനന്തര ഇന്ത്യയുടെ ലോകത്തോടുള്ള സമീപനം വ്യക്തമായി പഠനം നടത്തിയിരിക്കുന്നു തരൂര്‍.സംഭവിച്ച പിശകുകള്‍,എടുത്ത പ്രധാന തീരുമാനങ്ങള്‍ ഒക്കെയും ഒരു അന്താരാഷ്ട്ര പൌരനെന്ന നിലയില്‍ തരൂര്‍ വിലയിരുത്തുന്നു. 1947 ആഗസ്റ്റ് 15്‍റെ നെഹ്റുവിന്‍റെ പ്രസംഗത്തില്‍ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. വസുദൈവ കുടുംബകം എന്ന മഹത്തായ സങ്കല്പ്പം ഒരു സങ്കല്പ്പം മാത്രമായി നിലനില്ക്കുന്ന ലോകവ്യവസ്ഥിതിയില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നയതന്ത്രത്തിനുള്ള പ്രാധാന്യം തരൂര്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളും പട്ടാള നേതൃത്വം ഇന്ത്യയെ ശത്രു രാജ്യമായി മുദ്രകുത്തി നടത്തുന്ന അതിക്രമങ്ങളുമാണ് രണ്ടാമധ്യായത്തില്‍ വിശദീകരിക്കുന്നത്. ആ രാജ്യത്ത് ജനാധിപത്യമായാലും പട്ടാള ഭരണമായാലും നിലനില്പ്പിന് ഭരണാധികാരികള്‍ ആയുധമാക്കുന്നത് ഇന്ത്യാ വിരോധമാണ്.
അയല്‍ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്ന അധ്യായത്തില്‍ കടുത്ത അയല്‍ക്കാര്‍ എന്നാണ് തരൂര്‍ അവരെ സംബോധന ചെയ്യുന്നത്. എല്‍ടിടിഇ പ്രശ്നവും ഇന്ത്യയുടെ ഇടപെടലും ചൈന ശ്രീലങ്കയുമായുണ്ടാക്കുന്ന സൌഹൃദവുമൊക്കെ ഇവിടെ ചര്‍ച്ച ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍,അതില്‍ വിവിധ രാജ്യങ്ങളുടെ സമീപനം,നേപ്പാള്‍.ഭൂട്ടാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍,മ്യാന്‍മാര്‍ സംഭവങ്ങള്‍,സാര്‍ക്ക് സൌഹൃദം, അതിന്‍റെ ഗുണവശങ്ങള്‍ ഒക്കെയും ചര്‍ച്ച ചെയ്യുന്നു ഇവിടെ.
ഇന്ത്യ-ചൈന ബന്ധം വളരെ ദീര്‍ഘമായി പഠന വിധേയമാക്കുന്നുണ്ട് തരൂര്‍. ഒരേ സമയം ശത്രവായും മിത്രമായും മാത്രം കണാവുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വലിയ ശക്തികള്‍ എന്ന് ഈ രണ്ട് രാജ്യങ്ങളെയും വിശേഷിപ്പിക്കുന്നു. ചൈന സാമ്പത്തിക കായിക രംഗങ്ങളില്‍ നേടിയ മേല്ക്കൈയും ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളും ഇതില്‍ വിവരിക്കുന്നുണ്ട്.


Thursday, March 27, 2014

A BRIEF HISTORY OF HOW THE INDUSTRIAL REVOLUTION CHANGED THE WORLD

A BRIEF HISTORY OF HOW THE INDUSTRIAL REVOLUTION CHANGED THE WORLD
Thomas Crump-ന്‍റെ A brief history of how the industrial revolution changed the world എന്ന പുസ്തകം യൂറോപ്പില്‍ നടന്ന വ്യവസായ വിപ്ലവത്തിന്‍റെ ചരിത്രവും അതിന്‍റെ ശാസ്ത്രവും ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. 18ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍,പ്രധാനമായും ഇംഗ്ലണ്ടിലുണ്ടായ കണ്ടുപിടുത്തങ്ങള്‍   മനുഷ്യാധ്വാനം അടിസ്ഥാനമാക്കിയുള്ള ചെറുകിട വ്യവസായങ്ങളെ തകര്‍ത്ത് യന്ത്രാധിഷ്ടിത വ്യവസായത്തെ നെഞ്ചേറ്റിയ കഥയാണ് ക്രമ്പ് വിവരിക്കുന്നത്. ബിര്‍മിംഗ്ഹാം സെന്‍ട്രല്‍ ലൈബ്രറിയിലെ പുരാരേഖകള്‍ പഠനം നടത്തിയാണ് ക്രമ്പ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ആ കാലഘട്ടത്തെ പ്രതിപാദിക്കുന്ന നോവലുകള്‍,എംഗല്‍സിന്‍റെയും മറ്റും പുസ്തകങ്ങള്‍ എന്നിവയും പഠനവിധേയമാക്കിയിട്ടുണ്ട്. വ്യവസായ വിപ്ലവത്തിന് നാന്ദി കുറിച്ച ഇടങ്ങള്‍ സന്ദര്‍ശിക്കാനും എഴുത്തുകാരന്‍ സമയം കണ്ടെത്തി. 50 വര്‍ഷത്തോളമുള്ള പഠനം ഇതിന് വേണ്ടിവന്നതായി ക്രമ്പ് പറയുന്നു. കുടുംബപരമായി കാര്‍പറ്റ് വ്യവസായത്തില്‍ ഏര്‍പ്പെട്ടു വരുന്ന അദ്ദേഹത്തിന് ഈ പഠനത്തില്‍ താത്പ്പര്യമുണ്ടായതില്‍ അതിശയിക്കാനില്ല. 1851 ലെ ഗ്രേറ്റ് എക്സിബിഷനില്‍ നിന്നാണ് കഥ പറഞ്ഞുതുടങ്ങുന്നത്. സ്റ്റീം എന്‍ജിന്‍റെ കണ്ടുപിടുത്തം, കോട്ടണ്‍ മില്ലുകളുടെ ജനനം,മാനുഫാക്ചറിംഗ് വ്യവസായത്തിന്‍റെ കുതിച്ചുചാട്ടം, ആ കാലത്തെ ജനത,അവരുടെ രാഷ്ട്രീയം,വ്യവസായം, ബോട്ടുകളുടെ വികാസം,റയില്‍വേ, ഇലക്ട്രിസിറ്റി, കെമിസ്ട്രി എന്നിവയിലൂടെ ഗ്ലോബലൈസേഷനില്‍ എത്തുകയാണ് എഴുത്തുകാരന്‍. ശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നതുകൊണ്ട് സയന്‍സില്‍ താത്പ്പര്യമില്ലാത്ത വായനക്കാര്‍ക്ക് പുസ്തക വായന അത്ര എളുപ്പമാവില്ല. യൂറോപ്പിലെ അപരിചിതമായ നാടുകളും ക്രമ്പ് ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്

Thursday, March 13, 2014

Democracy and Economic Growth

ജനാധിപത്യവും സമ്പത്തിക വളര്‍ച്ചയും
S.L.M.Simha  സതേണ്‍ ഇക്കണോമിസ്റ്റില്‍ എഴുതിയ 83 ലേഖനങ്ങളുടെ സമാഹാരമാണ് “Democracy and Economic Growth”. മൈസൂര്‍ രാജപ്രമുഖായി മാറിയ സതീര്‍ത്ഥ്യന്‍ ജയചാമരാജ വാടിയാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിന്‍റെ ആമുഖം തന്നെ നമ്മുടെ കണ്ണുതുറപ്പിക്കും. രാജകുമാരനും അനാഥാലയത്തില്‍ വളരുന്ന സിംഹയും തമ്മിലുള്ള സൌഹൃദം തലമുറകള്‍ക്ക് പാഠമാകേണ്ടതാണ്.
ഒന്നാം ഭാഗത്തില്‍ മികവുറ്റ ജനാധിപത്യത്തിന് ആവശ്യമായ കാഴ്ചപ്പാടുകള്‍ നല്കുന്ന ലേഖനങ്ങളാണുള്ളത്. കാബിനറ്റ് അംഗങ്ങളുടെയും ഓഫീസ് ജീവനക്കാരുടെയും എണ്ണം കുറയ്ക്കേണ്ടതിന്‍റെ ആവശ്യകത, നിയമ നിര്‍മ്മാണ സഭയില്‍ പാലിക്കേണ്ട മര്യാദകള്‍, വികസനത്തിലെ ജനപങ്കാളിത്തം,ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ സൌജന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ അപാകതകള്‍,സ്വതന്ത്ര ഇന്ത്യയുടെ വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിലെ അപാകതകള്‍,മികച്ച ജനാധിപത്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍,ലോട്ടറി നിരോധിക്കേണ്ടതിന്‍റെ ആവശ്യകത,പരിസ്ഥിതി,ബാങ്കിംഗ്,ആസൂത്രണം,ദാരിദ്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി ധനതത്വശാസ്ത്രം,രാഷ്ട്രമീമാംസ,സാമൂഹ്യപഠനം,വിദ്യാഭ്യാസം എന്നല്ല ദേശീയ അന്തര്‍ദേശീയ മേഖലകളില്‍ പഠനം നടത്തുന്ന എല്ലാ വിഭാഗക്കാര്‍ക്കും ഗുണകരമാകുന്ന ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തൊണ്ണൂറുകളിലെ ലേഖനങ്ങളാകയാല്‍ ചിലതിന്‍റെ പ്രസക്തി നഷ്ടപ്പെടുകയും മറ്റു ചിലതിന് പ്രസക്തി കൂടുകയും ചെയ്തിട്ടുണ്ടെന്നുമാത്രം. ജനാധിപത്യ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരും വിദ്യാര്‍ത്ഥികളും വായിച്ചിരിക്കേണ്ട ലേഖന സമാഹാരമാണിത്.
Publishers--- Deep & Deep Publications Pvt.Ltd,F-159,Rajouri Garden,New Delhi-110027

വില--  രൂ.980/-

Monday, March 10, 2014

Kelappan

കെ.കേളപ്പന്‍

രചയിതാവ്—കെ.ശ്രീകുമാര്‍

പ്രസിദ്ധീകരണം--- കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്


കേരള നവോത്ഥാന ശില്പ്പികള്‍ എന്ന ജീവചരിത്ര പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ലഘുജീവചരിത്രമാണ് കെ.കേളപ്പന്‍.കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്ക്കര്‍ത്താവുമായ കേളപ്പന്‍റെ ജീവിതം കുട്ടികള്ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയും വിധമാണ് ശ്രീകുമാര്‍ എഴുതിയിരിക്കുന്നത്. എല്ലാ സൌകര്യങ്ങളുമുള്ള ,സര്‍വ്വതന്ത്ര സ്വതന്ത്രമായ നാട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടുന്ന പല വിവരങ്ങളും ഈ ജീവചരിത്ര ഗ്രന്ഥം നല്കുന്നു. നാട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ ജീവിതം ഉഴിഞ്ഞുവച്ച ഗാന്ധിജി ഉള്‍പ്പെടെയുള്ള മഹത് വ്യക്തികള്‍ക്ക് അവരുടെ ജീവിതാവസാനം ലക്ഷ്യസാക്ഷാത്കാരമുണ്ടാവാതിരുന്നതിന്‍റെ നിരാശ സ്വാഭാവികം. കേളപ്പനും അതനുഭവിക്കേണ്ടിവന്നതിന്‍റെ കഥകള്‍ വായിക്കുമ്പോള്‍ ശരിക്കും വിഷമം തോന്നും. മറ്റൊരു കാര്യം ജ്യോതിഷം സംബ്ബന്ധിച്ചാണ്. അന്ധവിശ്വാസമെന്ന് പൊതുവെ എഴുതിത്തള്ളുന്ന ആ ശാസ്ത്രത്തില്‍ വിദഗ്ധനായ പണിക്കര്‍ കുട്ടി മിടുക്കനാകുമെങ്കിലും വീടുവിട്ട് ഇരന്നു നടക്കാനാണ് യോഗമെന്നു പറയുന്നതും അത് തന്നെ സംഭവിക്കുന്നതും അത്ഭുതത്തോടെയേ വായിക്കാന്‍ കഴിയൂ. അധ്യാപകരുടെ കണ്ണിലുണ്ണിയായ, കണക്കില്‍ ബഹുമിടുക്കനായ കുട്ടി ,ഒടുവില്‍ എത്തിച്ചേരുന്നത് സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലും സമുദായ പരിഷ്ക്കരണത്തിലും സാമൂഹിക സമത്വത്തിനായുള്ള പോരാട്ടത്തിലുമാണ്. മാതാപിതാക്കളോടും ഭാര്യയോടും അങ്ങേയറ്റം സ്നേഹമുണ്ടായിട്ടും അവരെയൊന്നും വേണ്ടവിധം നോക്കാന്‍ കഴിയാതെ ലോകം നന്നാക്കാന്‍ ശ്രമിക്കയായിരുന്നു കേളപ്പന്‍. അദ്ദേഹം നേതൃത്വം നല്കിയ ഗുരുവായൂര്‍ സത്യാഗ്രഹവും മലബാറിലെ ഉപ്പുസത്യാഗ്രഹവുമൊക്കെ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. നാട് സ്വതന്ത്രമായപ്പോള്‍ വിശാലകേരളത്തിനുള്ള ശ്രമം നടത്തി അദ്ദേഹം. ജനാധിപത്യ കാലത്ത് സ്വാര്‍ത്ഥരായ നേതാക്കളുടെ സമീപനം അദ്ദേഹത്തെ വേദനിപ്പിച്ചതും ശ്രീകുമാര്‍ വിവരിക്കുന്നുണ്ട്. ഒടുവില്‍ കോണ്‍ഗ്രസ്സ് വിട്ടതും സര്‍വ്വോദയ പ്രസ്ഥാനം,ഭൂദാന പ്രസ്ഥാനം തുടങ്ങി പല പരിഷ്ക്കരണ പ്രസ്ഥാനങ്ങളില്‍ ഇടപെട്ട് പ്രവര്ത്തിച്ചതും പുസ്തകത്തില് പറയുന്നു.സ്വന്തം സ്വത്തും കുടുംബസ്വത്തുമെല്ലാം വിശാലമായ കാഴ്ച്ചപ്പാടോടെ നാടിന് നല്കിയ ഈ മനുഷ്യന്‍ ഇന്നത്തെ നേതാക്കളില്‍ പുച്ഛമാകും രസിപ്പിക്കുക. ഇവരുടെ ഊര്‍ജ്ജവും രക്തവുമാണ് നാമിന്നുകാണുന്ന ലോകമെന്ന് മനസ്സിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കേണ്ടതുണ്ട്. അനുബന്ധമായി കൊടുത്തിട്ടുള്ള , ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അനുസ്മരണം കണ്ണുനനയിക്കും.  

Macbeth

മക്ബത്ത്(നാടകം) –വില്യം ഷേക്സ്പിയര്‍

വിവര്ത്തനം—വി.എന്‍.പി

പ്രസാധകര്‍-- സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം

ഷേക്സ്പിയറുടെ നാടകങ്ങളില്‍ ഏറെ ശ്രദ്ധേയമായ മക്ബത്ത് കോളേജ് കാലത്ത് പഠിച്ച ഓര്‍മ്മയുമായാണ് വിഎന്പിയുടെ വിവര്‍ത്തനം വായിച്ചത്. ഷേക്സ്പീരിയന്‍ ഇംഗ്ലീഷ് വായിച്ച് അതിലെ സാഹിത്യവും മനശ്ശാസ്ത്രവും തത്വചിന്തയും മനസ്സിലാക്കുക ശ്രമകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷില്‍ നല്ല പാണ്ഡിത്യമില്ലാത്തവര്‍ക്ക്. മക്ബത്ത് അസ്സല്‍ വായിക്കും മുന്‍പ് ഏകദേശ ധാരണ ലഭിക്കാന്‍ ഉപകരിക്കുന്ന വിവര്‍ത്തനമാണ് വിഎന്‍പിയുടേത്. ഡങ്കന്‍ എന്ന സ്കോട്ട്ലന്‍റ് രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ സൈന്യാധിപന്മാരായ മക്ബത്ത്,ബാങ്കോ എന്നിവരുടെയും ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന നാടകാവിഷ്ക്കാരമാണ് മക്ബത്ത്. മക്ബത്തിന്‍റെയും ഭാര്യയുടെയും ആര്‍ത്തിയും ദുരയും അവരെയും മറ്റുള്ളവരെയും കൊണ്ടെത്തിക്കുന്ന ദുരന്തങ്ങളുടെ കഥയാണ് ഇതില്‍ പറയുന്നത്.സ്റ്റേജില്‍ അഭിനയിക്കത്തക്ക രീതിയിലാണ് വിവര്‍ത്തനം തയ്യാറാക്കിയിട്ടുള്ളത്. വളരെ ശ്രമകരമായ യജ്ഞംതന്നെയാണുതാനും. എങ്കിലും എത്രതന്നെ ശ്രമിച്ചാലും ഷേക്സ്പിയറിന്‍റെ വാക്കുകളുടെ ഊര്‍ജ്ജവും ഓജസ്സും ആവാഹിക്കാന്‍ മലയാള വാക്കുകള്‍ക്ക് കഴിയില്ല എന്ന് ബോദ്ധ്യമാക്കാനും വിവര്‍ത്തനം ഉപകരിക്കുന്നു. സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ഉപകാരപ്പെടുന്ന കുറിപ്പുകളും പുസ്തകത്തിനൊടുവില്‍ നല്കിയിട്ടുണ്ട്

Wednesday, March 5, 2014

Vartha,Katha,Vyavaharam




വാര്‍ത്ത,കഥ,വ്യവഹാരം

എഴുതിയത്—ഡോ.ആന്‍റണി.സി.ഡേവിസ്

പ്രസ് അക്കാദമി പ്രസിദ്ധീകരണം









ഡോ.ആന്‍റണി.സി.ഡേവിസ് വിവരണാത്മക പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ആഴത്തില്‍ നടത്തിയ പഠനമാണ് വാര്‍ത്ത,കഥ,വ്യവഹാരം. പത്രവായനയില്‍ നിന്നും അകന്നുപോകുന്നവരെ തിരിച്ചുകൊണ്ടുവരുവാനുള്ള സങ്കേതങ്ങള്‍ അന്വേഷിക്കുകയാണ് ലോകമെങ്ങുമുള്ള പത്രപ്രവര്‍ത്തകരും ഈ രംഗത്തെ ഗവേഷകരും പത്രസ്ഥാപനങ്ങളും. അതിന്‍റെ ഭാഗമായി കഥ പറച്ചിലിന്‍റെ സാധ്യതകളാണ് നവപത്രപ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നത്. ഗവേഷണോന്മുഖ വാര്‍ത്തകള്‍ പോലും ആഖ്യാന തന്ത്രങ്ങളിലൂടെ വായനക്കാര്‍ക്ക് സ്വീകാര്യമാക്കാനാണ് നവമാധ്യമ ലോകം ശ്രമിക്കുന്നത്. സംഗീതാത്മക ഭാഷയ്ക്ക് പ്രാധാന്യം കൈവന്നിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകന്‍റെ അച്ചടക്കത്തോടെ,നോവലിസ്റ്റിന്‍റെ കാഴ്ചപ്പാടോടെ യഥാര്‍ത്ഥ സംഭവങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് നവപത്രപ്രവര്‍ത്തകന്‍ നടത്തുന്നതെന്ന് പോര്‍ച്ചുഗീസ് മാധ്യമ പ്രവര്‍ത്തകന്‍ പെട്രോ റോസ മെന്‍ഡിസും നോവലോ ചെറുകഥയോ പോലെ വായിക്കാന്‍ കഴിയുന്ന വാര്‍ത്താവതരണ ശൈലിയാണ് വിവരണാത്മക പത്രപ്രവര്‍ത്തനമെന്ന് ടോം വുള്‍ഫും നിരീക്ഷിക്കുന്നതിനെ വികസിപ്പിച്ചാണ് ആന്‍റണി ഗവേഷണം തുടങ്ങുന്നത്.
വിവരണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കം 1962-ല്‍ എസ്ക്വയറില്‍ ജോ ലൂയിസിനെ കുറിച്ച് ഗെ ടെലസ് കഥാരൂപത്തില്‍ എഴുതിയ കുറിപ്പായിരുന്നു.നറേറ്റീവ് ജേര്‍ണലിസത്തിലെ എക്കാലത്തെയും മികച്ച ഉദാഹരണം ട്രൂമാന്‍ കപോട്ടി എഴുതിയ ഇന്‍ കോള്‍ഡ് ബ്ലഡ് എന്ന നോണ്‍ ഫിക്ഷന്‍ നോവലാണ്. മറ്റൊന്ന് മയക്കുമരുന്ന് മാഫിയ തലവന്‍ പാവ്ലോ എസ്കോബാര്‍ നടത്തിയ ഒമ്പത് തട്ടിക്കൊണ്ടു പോകലുകളെ കുറിച്ച് മാര്‍ക്വേസ് എഴുതിയ ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ് ആണ്. ആഖ്യാനത്തിന്‍റെ പ്രധാന ഘടകങ്ങളായ ഫാബുല(സംഭവ ഘടന),സൂഷെ(വ്യവഹാര ഘടന) എന്നിവ സംബ്ബന്ധിച്ചും ഗൌരവമേറിയ പഠനമാണ് ആന്‍റണി നടത്തിയിരിക്കുന്നത്.
കഥ പറച്ചിലിന്‍റെ ശാസ്ത്രമാണ് ആഖ്യാന ശാസ്ത്രം. നവമാധ്യമ ലോകത്ത് വിവരം പ്രധാനം ചെയ്യുന്നത് മാത്രമല്ല വാര്ത്താ ലേഖകന്‍റെ ധര്‍മ്മമെന്നും അവയെ മനുഷ്യതാത്പ്പര്യങ്ങളുമായി ബന്ധിപ്പിക്കാന്‍ കൂടി ലേഖകന്‍ ചുമതലപ്പെട്ടിരിക്കുന്നുവെന്നും ആന്‍റണി പറയുന്നു.ആഖ്യാനശാസ്ത്രത്തിന്‍റെ ചരിത്രവും വിശദമായി പറയുന്നുണ്ട് പുസ്തകത്തില്‍. വിവിധ മാധ്യമങ്ങളായ നോവല്‍,ചലച്ചിത്രം,കാര്‍ട്ടൂണ്‍,നൃത്തം,ഗോസിപ്പ്,നിയമരേഖ,പത്രവാര്‍ത്ത,ചരിത്ര രചന,ഡയറിക്കുറിപ്പ്,ആത്മകഥ എന്നിവയിലെ ആഖ്യാനരീതികളുടെ താരതമ്യവും ഗവേഷണ വിഷയമാക്കിയിരിക്കുന്നു.
വാര്‍ത്തയ്ക്ക് പിന്നിലെ വിനോദ മൂല്യത്തിന് പ്രാധാന്യമേറിയതോടെ യാഥാര്‍ത്ഥ്യം,ഭാവന എന്നിവയുടെ അതിര്‍വരമ്പിന് മങ്ങലേറ്റതായി ഉദാഹരണ സഹിതം ലേഖകന്‍ വിവരിക്കുന്നു. വാര്‍ത്ത വിനോദവും വിനോദം വാര്ത്തയുമായി മാറുന്ന അവസ്ഥയുടെ അപകടം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു.
വാര്‍ത്തകള്‍ തലതിരിഞ്ഞ പിരമിഡ് രൂപമാണ് കൈക്കൊണ്ടിട്ടുള്ളത്. തുടക്കത്തില്‍ പ്രധാന വസ്തുതയും ഇടയ്ക്ക് പ്രാധാന്യം കുറഞ്ഞ വസ്തുതകളും ഒടുവില്‍ അപ്രധാന വസ്തുതകളും ഉള്‍ക്കൊള്ളുന്ന പ്രതിലോമ മാതൃക എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ടെലഗ്രാഫിലൂടെ വാര്‍ത്ത എത്തിച്ച കാലത്തിന്‍റെ ഈ രീതിക്ക് മാറ്റം വന്നു കഴിഞ്ഞതായും നറേഷന്‍റെ പ്രസക്തി വര്‍ദ്ധിച്ചതായും എഴുത്തുകാരന്‍ കണ്ടെത്തുന്നു. ചുരുക്ക വിവരണം എന്ന സാമ്പ്രദായിക വാര്‍ത്താഖ്യാന രീതിയില്‍ നിന്നും നാടകീയ അവതരണ രീതിയിലേക്കാണ് വാര്ത്തയുടെ പരിണാമം.ഇത് വാര്ത്തയെ ചലനാത്മകമാക്കുന്നു.
സാധാരമ റിപ്പോര്‍ട്ടിംഗ് വിവരദാനം എന്ന പ്രാഥമിക കര്ത്തവ്യത്തില്‍ ഒതുങ്ങുമ്പോള്‍ ആഖ്യാന പത്രപ്രവര്‍ത്തനം വായനക്കാരെ ആ സംഭവം അനുഭവിപ്പിക്കയാണ് ചെയ്യുന്നത്. ഇതിലൂടെ ഒരു പൊതുബോധം രൂപവത്ക്കരിക്കുന്നതിന് വാര്‍ത്തയ്ക്ക് കഴിയുന്നു എന്ന് ഗവേഷകന്‍ വിലയിരുത്തുന്നു. ഗൌരവമേറിയ വാര്ത്തയും മൃദുവാര്ത്തയുമെന്ന് വാര്‍ത്തയെ രണ്ടുതരമാക്കി തിരിച്ച് അവയുടെ രീതികള്‍ വിശകലനം ചെയ്യുന്നുണ്ട് ഗ്രന്ഥത്തില്‍.
കാഴ്ചകള്‍ക്കു പകരമായി വാക്കുകള്‍ ഉപയോഗിക്കേണ്ട പുത്തന്‍ വെല്ലുവിളിയെ നവമാധ്യമകാരന്‍ അതിജീവിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണ സഹിതം പുസ്തകത്തില്‍ പറയുന്നുണ്ട്. പ്രതീക്ഷകളും ദുഖങ്ങളും സന്തോഷവും പ്രതിഫലിപ്പിക്കുന്ന ജീവനുള്ള ചിത്രങ്ങള്‍ കോറിയിടാന്‍ വാക്കുകള്‍ക്ക് കഴിയണം. അല്ലെങ്കില് വായനക്കാരന്‍റെ കണ്ണുകള്‍ മറ്റൊരു വാര്‌‍ത്തയിലേക്ക് ഓടിനീങ്ങുമെന്ന സത്യം നവമാധ്യമകാരന് തിരിച്ചറിയേണ്ടതുണ്ട്. ഇന്‍റര്‍ നെറ്റിന്‍റെയും ദൃശ്യമാധ്യമത്തിന്‍റെയും പുതിയ ലോകത്തും സംഭവത്തിന്‍റെ യഥാര്‍ത്ഥഭാവം വായനാനുഭവത്തിലൂടെ മാത്രമെ ലഭിക്കൂ എന്ന വിന്‍ബേണിന്‍റെ വിലയിരുത്തലാണ് അച്ചടി മാധ്യമത്തിന്‍റെ ഭാവിയെ ദീപ്തമാക്കുന്നത്. നേരിട്ട് കാണുന്ന കായിക മത്സരങ്ങള്‍ പോലും അടുത്ത ദിവസം പത്രവാര്‍ത്തയായി വരുമ്പോള്‍ കാഴ്ച കണ്ട വ്യക്തിപോലും അതൊന്നു വായിക്കുന്നത് ഈ മായാജാലം മൂലമാണ്.കാഴ്ചകള്‍ക്കപ്പുറത്തെ ചില ഭാവങ്ങള്‍ പത്രപ്രവര്‍ത്തകന്‍ അവനു മുന്നില്‍ വയ്ക്കുന്നുണ്ടാവും. ഈ വിധം വിവരണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെ നാനാമേഖലകള്‍ വിശകലനം ചെയ്യുന്ന പുസ്തകമാണ് വാര്‍ത്ത,കഥ,വ്യവഹാരം. ജേര്‍ണലിസം വിദ്യര്1ത്ഥികള്‍ക്ക് പാഠപുസ്തകമായി നിശ്ചയിക്കേണ്ട ഗവേഷണ ഗ്രന്ഥം എന്നു പറയാം. അക്കാദമിക് ഗവേഷണത്തിന്‍റെ ഫലമായി പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ മലയാള കൃതിയാണിതെന്ന് എന്‍.പി.രാജേന്ദ്രന്‍ പ്രസാധകക്കുറിപ്പില്‍ പറയുന്നു. ഇത്തരം പ്രസിദ്ധീകരണത്തില്‍ അക്കാദമി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.
നവപത്രപ്രവര്‍ത്തനത്തിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ച് പുലിറ്റ്സര്‍ സമ്മാന ജേതാവ് ബാരി ബെരാക് എഴുതിയ ജീവിക്കുന്ന ദുസ്വപ്നം എന്ന ഫീച്ചറും അനക്സറായി ചേര്‍ത്തിട്ടുണ്ട്. ഏറ്റവും ഞെട്ടലുളവാക്കുന്ന ഒരു ഫീച്ചര്‍ എന്നേ അതിനെ പറയാന്‍ കഴിയൂ.


Tuesday, March 4, 2014

Kambisseri Karunakaran


കാമ്പിശ്ശേരി-  കാലം കാത്തുവച്ച പത്രാധിപര്‍
പ്രസിദ്ധീകരണം- കേരള പ്രസ് അക്കാദമി
എഴുതിയത്  -- കെ.സുരേന്ദ്രന്‍
വളരെ പ്രശസ്തനായ ഒരു പത്രാധിപര്‍,കമ്മ്യൂണിസ്റ്റ്,പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന കാമ്പിശ്ശേരി കരുണാകരന്‍റെ ജീവചരിത്രമാണ് കെ.സുരേന്ദ്രന്‍ തയ്യാറാക്കിയിരുന്നത്. അനാരോഗ്യം ശ്വാസം മുട്ടിക്കുന്ന ജീവിതത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ഈ യാത്ര എന്നത് ജീവചരിത്രകാരന്‍ വിവരിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. കാര്യമായ രോഗങ്ങള്‍ ഒന്നുമില്ലാത്തവര്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങളാണ് ഈ മനുഷ്യന്‍ രോഗത്തിനൊപ്പം നടന്നുകൊണ്ട് ചെയ്തുതീര്‍ത്തത്. ഒരു കഥ പറയുന്ന രീതിയിലാണ് സുന്ദരേശന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ താത്പ്പര്യമുളവാക്കുന്ന ഭാഷയും സന്ദര്‍ഭ ചിത്രീകരണവും. സിനിമയിലെപ്പോലെ ഫ്ലാഷ്ബാക്കില്‍ കഥ പറയുന്ന രീതിയാണ് സുന്ദരേശന്‍ അവലംബിച്ചിരിക്കുന്നത്.
മരണ ശയ്യയില്‍ കിടക്കുമ്പോഴും അനാചാരങ്ങള്‍ക്കെതിരെ പോരാടിയ കാമ്പിശ്ശേരിയെയാണ് നമ്മള്‍ തുടക്കത്തിലെ പരിചയപ്പെടുന്നത്. യുക്തിവാദിയായ കാമ്പിശ്ശേരി ഭാര്യ പ്രേമയോട് പറയുന്നത് മൃതദേഹത്തില്‍ വായ്ക്കരിയോ കോടിയോ ഇടാന്‍ പാടില്ല എന്നും മതാചാരങ്ങളും അനുസ്മരണയോഗവും നടത്തരുത് എന്നുമാണ്. പുരോഗമനകാരിയായി വളര്‍ന്ന് അങ്ങിനെതന്നെ ജീവിതം അവസാനിപ്പിച്ച വിപ്ലവകാരി.
വ്യവസ്ഥിതിക്കെതിരെ പോരാടിയ കൊച്ചിക്കാചാത്തനാരുടെ മകന്‍ കരുണാകരന്‍ ഇങ്ങനെ ആയില്ലെങ്കിലേ കുറ്റം പറയേണ്ടൂ എന്ന് ബാല്യകാലം നമ്മെ ഓര്‍മ്മിപ്പിക്കും. ചെറുപ്പത്തിലേയുള്ള അമ്മയുടെ മരണം, സ്കൂള്‍ ജീവിതം, തോപ്പില്‍ ഭാസിയുമായുള്ള ചങ്ങാത്തം ഒക്കെ തുടര്‍ന്ന് വിശദീകരിക്കുന്നു. ഭാസിയുടെ വാക്കുകള്‍ കടമെടുത്താല്‍ കാമ്പിശ്ശേരിയുടെ വഴിയെ സഞ്ചരിച്ച ആളായിരുന്നു ഭാസി എന്നു കാണാന്‍ കഴിയും. കാമ്പിശ്ശേരി കള്ളനും കള്ളക്കടത്തുകാരനുമായിതീര്‍ന്നിരുന്നെങ്കില്‍ ഞാനും അതുപോലെയാകുമായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിക്കാലത്തേ ചെറിയ കേള്‍വിക്കുറവുണ്ടായിരുന്നു  കാമ്പിശ്ശേരിക്ക്. എന്നാല്‍ മഹാവികൃതിയും .മുതിര്‍ന്നപ്പോള്‍ ആ രീതി മാറി ശാന്തശീലനായതായി സഹോദരന്‍ ശങ്കരന്‍ വൈദ്യര്‍ ഓര്‍ക്കുന്നു.
കാമ്പിശ്ശേരി തോപ്പില്‍ ഭാസി സംഘത്തിലെ മറ്റൊരംഗം പുതുശ്ശേരി രാമചന്ദ്രനായിരുന്നു. ഇവര്‍ യുവജന സംസത് എന്ന സാംസ്ക്കാരിക സംഘടന രൂപികരിക്കുകയും ഭാരതത്തൊഴിലാളി എന്ന കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ക്വിറ്റ് ഇന്ത്യ സമരകാലത്താണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. സമരത്തില്‍ ജയില്‍വാസം വരിച്ച പയ്യനെ കുമ്പളത്ത് ശങ്കുപ്പിള്ളയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. വളരെ വേഗം പ്രശസ്തനായ പ്രാസംഗികനായും മാറി. ജന്മിമാര്‍ക്കെതിരെ പുലയരെ സംഘടിപ്പിക്കാന്‍ ഇവര്‍ നടത്തിയ യജ്ഞങ്ങള്‍ പല പ്രതിബന്ധങ്ങളേയും തകര്‍ത്ത് മുന്നേറി. സര്‍ സി പി രാമസ്വാമിയുടെ ദുര്‍ഭരണത്തിനെതിരെയും ഇവര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. തുടര്‍ന്ന് വീട്ടുതടങ്കലിലായി.
1946ല് കായംകുളം ജില്ല കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറിയായി , സിപിയുടെ സ്വതന്ത്ര തിരുവിതാംകൂറിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്കി ഒളിവില്‍ പോയി. ശക്തമായ സമരത്തിനൊടുവില്‍ അറസ്റ്റു വരിച്ചു. ജാതിനോക്കിയല്ല കാമ്പിശ്ശേരി തൊഴിലാളികളെ സംഘടിപ്പിച്ചത്. എന്നാല്‍ ജാതിയുടെ അവഗണന അദ്ദേഹം പലപ്പോഴും അനുഭവിക്കേണ്ടിവന്നു. അത്തരം സന്ദര്‍ഭങ്ങള് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പരമു പിള്ളയുടെ വേഷമാണ് കാമ്പിശ്ശേരിയെ അഭിനയ ലോകത്ത് ചിരപ്രതിഷ്ഠനാക്കിയത്. ഈ സമയം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സാമാജികനുമായിരുന്നു. നാടക കാലത്തെ രസകരമായ അനുഭവങ്ങളും തുടര്‍ന്നുള്ള സിനിമ അഭിനയ കാലവും വായിച്ചറിയേണ്ടതുതന്നെ.
കേരളത്തില്‍ ദിനപ്പത്രത്തില്‍ ആദ്യത്തെ ബോക്സ് കാര്‍ട്ടൂണ്‍ കിട്ടുമ്മാവന്‍,വനിത പംക്തി,ഡോക്ടറോട് ചോദിക്കാം, ബാലപംക്തി,നാടക പംക്തി,സിനിമ പംക്തി,ജനയുഗം വാരിക,ബാലയുഗം,സിനിരമ,നോവല്‍പ്പതിപ്പ് തുടങ്ങി പത്രാധിപര്‍ എന്ന നിലയിലുള്ള അതുല്യ സംഭാവനകള്‍ നമ്മെ അത്ഭുതപ്പെടുത്തും.
വലിയ ഫലിതക്കാരനല്ലാതിരുന്ന കാമ്പിശ്ശേരിയുടെ തൂലികയില്‍ നിന്നുവന്ന നര്‍മ്മങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നതാണ്. ചിരിച്ചതിനേക്കാള്‍ ചിരിപ്പിച്ച കാമ്പിശ്ശേരി എന്ന ഭാഗം ഈ കഥകളാണ് പറഞ്ഞുതരുന്നത്. രോഗങ്ങളുടെ സഹയാത്രികനായ ഒരു മനുഷ്യന് ഇത്രയേറെ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു എന്നത് നമ്മെ കൂടുതല്‍ കര്‍മ്മനിരതനാക്കും എന്നതില് സംശയമില്ല.

എഴുതിയ പുസ്തകങ്ങള്‍,ലേഖനങ്ങള്‍,നിയമസഭാ പ്രസംഗങ്ങള് ഒക്കെയും ഗവേഷണം അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. പുസ്തകത്തില്‍ ഏറ്റവുമൊടുവില്‍ ഭാര്യ പ്രേമയുടെ ഒരു ലേഖനവുമുണ്ട്. ഏറെ ഹൃദയ സ്പര്‍ശിയായ ഒന്നാണത്. ഒരു മനുഷ്യസ്നേഹിയുടെ അന്ത്യം എന്ന ഭാഗം കണ്ണുനനയിക്കും. കഥാശേഷത്തില്‍ കാമ്പിശ്ശേരിയുടെ പുതിയ തലമുറയെ കൂടി പരിചയപ്പെടുത്തിയാണ് സുന്ദരേശന്‍ പുസ്തകം അവസാനിപ്പിക്കുന്നത്. പ്രസ് അക്കാദമിയുടെ പഠന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഗ്രന്ഥം രചിച്ച സുന്ദരേശന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.