Tuesday, April 15, 2014

PAX INDICA

PAX   INDICA
ശശി തരൂരിന്‍റെ PAX   INDICA  ഇന്ത്യയുടെ വിദേശ നയത്തെ സംബ്ബന്ധിച്ച ഗൌരവമേറിയ രചനയാണ്. സ്വാതന്ത്യാനന്തര ഇന്ത്യയുടെ ലോകത്തോടുള്ള സമീപനം വ്യക്തമായി പഠനം നടത്തിയിരിക്കുന്നു തരൂര്‍.സംഭവിച്ച പിശകുകള്‍,എടുത്ത പ്രധാന തീരുമാനങ്ങള്‍ ഒക്കെയും ഒരു അന്താരാഷ്ട്ര പൌരനെന്ന നിലയില്‍ തരൂര്‍ വിലയിരുത്തുന്നു. 1947 ആഗസ്റ്റ് 15്‍റെ നെഹ്റുവിന്‍റെ പ്രസംഗത്തില്‍ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. വസുദൈവ കുടുംബകം എന്ന മഹത്തായ സങ്കല്പ്പം ഒരു സങ്കല്പ്പം മാത്രമായി നിലനില്ക്കുന്ന ലോകവ്യവസ്ഥിതിയില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നയതന്ത്രത്തിനുള്ള പ്രാധാന്യം തരൂര്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളും പട്ടാള നേതൃത്വം ഇന്ത്യയെ ശത്രു രാജ്യമായി മുദ്രകുത്തി നടത്തുന്ന അതിക്രമങ്ങളുമാണ് രണ്ടാമധ്യായത്തില്‍ വിശദീകരിക്കുന്നത്. ആ രാജ്യത്ത് ജനാധിപത്യമായാലും പട്ടാള ഭരണമായാലും നിലനില്പ്പിന് ഭരണാധികാരികള്‍ ആയുധമാക്കുന്നത് ഇന്ത്യാ വിരോധമാണ്.
അയല്‍ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്ന അധ്യായത്തില്‍ കടുത്ത അയല്‍ക്കാര്‍ എന്നാണ് തരൂര്‍ അവരെ സംബോധന ചെയ്യുന്നത്. എല്‍ടിടിഇ പ്രശ്നവും ഇന്ത്യയുടെ ഇടപെടലും ചൈന ശ്രീലങ്കയുമായുണ്ടാക്കുന്ന സൌഹൃദവുമൊക്കെ ഇവിടെ ചര്‍ച്ച ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍,അതില്‍ വിവിധ രാജ്യങ്ങളുടെ സമീപനം,നേപ്പാള്‍.ഭൂട്ടാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍,മ്യാന്‍മാര്‍ സംഭവങ്ങള്‍,സാര്‍ക്ക് സൌഹൃദം, അതിന്‍റെ ഗുണവശങ്ങള്‍ ഒക്കെയും ചര്‍ച്ച ചെയ്യുന്നു ഇവിടെ.
ഇന്ത്യ-ചൈന ബന്ധം വളരെ ദീര്‍ഘമായി പഠന വിധേയമാക്കുന്നുണ്ട് തരൂര്‍. ഒരേ സമയം ശത്രവായും മിത്രമായും മാത്രം കണാവുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വലിയ ശക്തികള്‍ എന്ന് ഈ രണ്ട് രാജ്യങ്ങളെയും വിശേഷിപ്പിക്കുന്നു. ചൈന സാമ്പത്തിക കായിക രംഗങ്ങളില്‍ നേടിയ മേല്ക്കൈയും ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളും ഇതില്‍ വിവരിക്കുന്നുണ്ട്.


No comments:

Post a Comment