Sunday, December 15, 2013

India - Amarthya sen



ഇന്ത്യ- സാമ്പത്തിക വികസനവും സാമൂഹികാവസരവും
ഴാങ്ങ് ദ്രേസ്, അമര്‍ത്യ സെന്‍
വിവര്‍ത്തനം- ഇഗ്നേഷ്യസ് കാക്കനാടന്‍
പബ്ളിഷര്‍- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്










ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക വികസനത്തെ അടിസ്ഥാന വിദ്യാഭ്യാസം,ആരോഗ്യ സേവനങ്ങള്‍,ഉടമാവകാശ രീതികള്‍,സാമൂഹിക വര്‍ഗ്ഗീകരണം, ലിംഗ ബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകമാണിത്. പ്രധാനമായും കേരളം,പശ്ചിമ ബംഗാള്‍,ഉത്തര്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സാമൂഹികാവസ്ഥയുടെ താരതമ്യത്തിലൂടെയാണ് പഠനം നടത്തിയിട്ടുള്ളത്. കേരളത്തിന്‍റെ ഈ രംഗത്തെ വളര്‍ച്ചയെ ചൈനയുമായും മറ്റ് വികസിത വികസ്വര രാഷ്ട്രങ്ങളുമായും തുലനം ചെയ്ത് പരിശോധിക്കുന്നുണ്ട്.
ദാരിദ്ര്യവും അജ്ഞതയും രോഗവും അവസര സമത്വമില്ലായ്മയും അവസാനിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന് 1947 ആഗസ്റ്റ് 14 ന് നെഹ്റു പ്രഖ്യാപിച്ചെങ്കിലും കേരളം പോലെ അപൂര്‍വ്വം ചിലയിടങ്ങളിലെ അത് സാധിതമായുള്ളു എന്ന് ധനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.1943-ല്‍ 20 ലക്ഷത്തിലേറെ പേര്‍ മരിച്ച ബംഗാളിലെ ക്ഷാമം പോലെയൊന്നും സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെങ്കിലും പട്ടിണി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
ഇന്ത്യയില്‍ ഇന്നു കാണുന്ന സാമൂഹികമായ പിറകോട്ടടികള്‍ക്ക് കാരണം വിദ്യാഭ്യാസം പ്രധാന അജണ്ടയായി കാണാത്ത ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് അവര്‍ പറയുന്നു.സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള കേരളം സാമൂഹിക സുരക്ഷയില്‍ യൂറോപ്പിന്‍റെ ഇന്‍ഡക്സില്‍ എത്തിയത് ഉദാഹരണമായി പറയുന്നുണ്ട്. ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 60 വയസ്സും ചൈനയിലേത് 69-ം ആകുമ്പോള്‍ കേരളത്തില്‍ ഇത് 72 ആണ്.ശിശുമരണം ഇന്ത്യയില്‍ 1000ന് 79-ം ചൈനയില്‍ 31-ം ആകുമ്പോള്‍ കേരളത്തില്‍ 17 മാത്രമാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സാമൂഹികമായ ഈ ചലനം ഒരിക്കലും സാമ്പത്തിക ഉന്നമനത്തിന് സഹായിച്ചിട്ടില്ല. മലയാളികള്‍ അന്യ ദേശങ്ങളില്‍ ചേക്കേറി നാട്ടിലേക്ക് പണമയിച്ചില്ലായിരുന്നെങ്കില്‍ കേരള മാതൃക മറ്റൊരു തരത്തിലായേനെ.
സാമ്പത്തിക വികസനത്തില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഇന്ത്യ അവഗണിക്കുന്നതാണ് നാടിന്‍റെ പുരോഗതിക്ക് തടസ്സമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ ഏത് ഇന്‍ഡക്സിലും ആന്തരിക വൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം 91-92 ല്‍ 5583 രൂപയായിരുന്നപ്പോള്‍ പഞ്ചാബില്‍ 9643-ം ഹരിയാനയില്‍ 8690-ം ആയിരുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഇന്ത്യയില്‍ 45 ശതമാനമായിരുന്നപ്പോള്‍ പഞ്ചാബില്‍ ഇത് 21-ം ഹരിയാനയില്‍ 23-ം ആയിരുന്നു. എന്നാല്‍ ബീഹാറിലും ഒറീസ്സയിലും ഇത് 66 ശതമാനമായിരുന്നു. സാക്ഷരതയുടെ നിരക്കിലും ഇത് കാണാം. രാജസ്ഥാനില്‍ സാക്ഷര വനിതകള്‍ 20 ശതമാനമാകുമ്പോള്‍ കേരളത്തില്‍ 86 ശതമാനമായിരുന്നു. 91-ല്‍ കേരളത്തിലെ സന്താനോത്പ്പാദന നിരക്ക് 1.8 ആയിരുന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ 5.1 ആയിരുന്നു.സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ഈ അന്തരം പ്രകടമാണ്. കേരളത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകരില്‍ മൂന്നില്‍ രണ്ട് സ്ത്രീകളാണ്, എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് 18 ശതമാനം മാത്രമാണ്.അതിക്രൂരമായ ലിംഗാധിഷ്ടിത ബന്ധമാണ് മിക്ക വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ളത്.
പബ്ളിക് സര്‍വ്വീസുകള്‍ നല്കുന്നതില്‍ കേരളം കൈവരിച്ച നേട്ടത്തിലേക്ക് ഉത്തര്‍പ്രദേശ് എത്തുക എളുപ്പമല്ലെന്ന സ്ഥിതിയാണുള്ളത്. സാക്ഷരത രാഷ്ട്രീയത്തിലും സാമൂഹിക കാര്യങ്ങളിലും സജീവ പങ്ക് വഹിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കിയതാണ് ഈ നേട്ടത്തിന് കാരണം. ഉത്തര്‍പ്രദേശ് ഗ്രാമത്തില്‍ സര്‍ക്കാര്‍ ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിന് പ്രബലനായ ജന്മി മനപ്പൂര്‍വ്വം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥ നിലനില്ക്കുന്നു. ജോലിക്കാരെ അടിമകളാക്കി നിലനിര്‍ത്താനുള്ള സ്വാര്‍ത്ഥമാണ്  അവരിലുള്ളത്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമല്ല എന്നത് ശ്രദ്ധേയമാണ്. ബംഗാളിലും അവശ വര്‍ഗ്ഗങ്ങളുടെ രാഷ്ട്രീയ സംഘാടനം രാഷ്ട്രീയാധികാരത്തിന്‍റെ ബലാബലത്തില്‍ സുപ്രധാനമായ മാറ്റം വരുത്തുന്നതില്‍ വിജയം വരിച്ചിട്ടുണ്ട്.
ക്ഷമാശീലനായ മനുഷ്യന്‍റെ കോപം സൂക്ഷിക്കുക എന്ന 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍ ഡ്രൈഡന്‍ നല്കിയ മുന്നറിയിപ്പ് ഇന്ത്യന്‍ ഭരണാധികാരികള്‍ മനസ്സിലാക്കുന്നത് തെരഞ്ഞെടുപ്പു കാലത്താണ്. ചാഞ്ചാടുന്ന സര്‍ക്കാര്‍ നയത്തിലൂടെ പ്രവര്‍ത്തിക്കാതെ അനന്തര ഫലങ്ങളെ സ്വാധീനിക്കാന്‍ ബഹുജനപ്രവര്‍ത്തനത്തിന് കഴിയും. കേരളത്തില്‍ ലിംഗാധിഷ്ടിത പക്ഷപാതത്തിനെതിരായ സാംസ്ക്കാരികാന്തരീക്ഷം സൃഷ്ടിക്കാന്‍ പൊതുചര്‍ച്ചകള്‍ക്ക് കഴിഞ്ഞത് ഇതിനാലാണ്. ജനന നിയന്ത്രണത്തിന്‍റെ പ്രയോജനം പ്രചരിപ്പിക്കുന്നതിലും ഈ ചര്‍ച്ചകള്‍ പങ്ക് വഹിച്ചതായി കാണാന്‍ കഴിയും. തദ്ദേശ ജനാധിപത്യം വികസിച്ചിട്ടുള്ള ഇടങ്ങളില്‍ വികസനം മെച്ചമായിട്ടുള്ളതിന്‍റെ ഉദാഹരണങ്ങളും പുസ്തകത്തില്‍ പറയുന്നു.
സ്വാതന്ത്യാനന്തര കാലത്ത് സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തില്‍ വളരെ കുറച്ച് ശ്രദ്ധമാത്രമെ പതിപ്പിക്കുന്നുള്ളു എന്നതില്‍ എന്തോ ദുരൂഹത അടങ്ങിയിട്ടുണ്ടെന്ന് എഴുത്തുകാര്‍ കരുതുന്നു. വിദ്യാഭ്യാസത്തോടുള്ള അശ്രദ്ധ സര്‍ക്കാര്‍ വൃത്തങ്ങളില്‍ ഒതുങ്ങി നില്ക്കുന്നില്ല. രാഷ്ട്രീയ കക്ഷികളുടെയും തൊഴിലാളി യൂണിയനുകളുടെയും വിപ്ലവ സംഘടനകളുടെയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും പൊതുമനോഭാവവും ഇതുതന്നെ. ഭരണഘടനയുടെ 45ആം വകുപ്പ് 14 വയസ്സുവരെ സൌജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം നല്കണമെന്ന നിര്‍ദ്ദേശം നല്കുന്നു. ഇത് ഉത്കൃഷ്ടമായ ലക്ഷ്യമായിരുന്നു.പക്ഷെ വേണ്ടവിധം നടപ്പിലാക്കിയില്ല. പദ്ധതികള്‍ ഏറെയാണെങ്കിലും ഫലം തരുന്നില്ല എന്നതാണ് സത്യം.
ലിംഗാധിഷ്ടിതമായ അസമത്വമാണ് ഇന്ത്യയുടെ മറ്റൊരു സാമൂഹിക പ്രശ്നമെന്ന് എഴുത്തുകാര്‍ വിലയിരുത്തുന്നു. സ്ത്രീ പുരുഷ അനുപാതം ശ്രദ്ധേയമായ ഒരു വിഷയമാണ്. ഹരിയാനയില്‍ 0.87,പഞ്ചാബ്,ഉത്തര്‍ പ്രദേശ്-0.88,രാജസ്ഥാന്‍-0.91 എന്ന നിരക്കിലാവുമ്പോള്‍ തമിഴ് നാട്,ആന്ധ്ര പ്രദേശ് -0.97-ം കര്‍ണ്ണാടക-0.96-ം കേരളത്തില്‍ 1.04 ആണെന്നുകാണാം. കേരളം ഈ നിലയില്‍ യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും തുല്യമായ നിലയിലാണ്. സമത്വരഹിതമായ ലിംഗാധിഷ്ടിത ബന്ധങ്ങളുടെ അറിയപ്പെടുന്ന മാതൃകകളാണ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. സാമ്പത്തിക വളര്‍ച്ചയുടെ സാര്‍ത്ഥകതയിലും ആ വളര്‍ച്ചയുടെ പങ്കാളിത്ത സ്വഭാവത്തിന്‍റെ പ്രാധാന്യത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഇവര്‍ അധിപ്രായപ്പെടുന്നു.
ലോകത്ത് നിലവിലുള്ള തീസിസ് മാമൂലുകളുടെ രീതിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. ആവര്‍ത്തനങ്ങളും പരത്തിപ്പറച്ചിലും പഠനം നടത്തുന്ന ഇക്കണോമിസ്റ്റുകള്‍ക്ക് ആവശ്യമായേക്കാമെങ്കിലും അന്‍പത് പേജില്‍ ഒതുങ്ങുന്ന ഒരു ലേഖനത്തിലൂടെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിന്‍റെ കാമ്പ്. മനോഹരമായ വിവര്‍ത്തനമാണ് കാക്കനാടന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. വായന അര്‍ഹിക്കുന്ന പുസ്തകമാണിത്.
വില -130 രൂപ, പേജ്- 376

Wednesday, December 11, 2013

Dasthayovsky- life ,philosophy and letters


ദസ്തയേ്വ്സ്കി- ജീവിതം,ദര്‍ശനം,കത്തുകള്‍
പരിഭാഷ-  പി.വിജയലക്ഷ്മി
വില-180 രൂപ
ഒലീവ്  പബ്ളിക്കേഷന്‍സ്
ഫ്യോദോര്‍  ദസ്തയേവ്സ്കി അദ്ദേഹത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. അവരെന്നെ മനശാസ്ത്രജ്ഞന്‍ എന്നു വിളിക്കുന്നു. അത് സത്യമല്ല.ശരിയായ അര്‍ത്ഥത്തില്‍ ഞാനൊരു യാഥാര്‍ത്ഥ്യവാദിയാണ്. അതായത് മനുഷ്യാത്മാവിന്‍റെ ആഴങ്ങളെ ഞാന്‍  ചിത്രീകരിക്കുന്നു. എഴുത്തുകാരില്‍ നിന്നെന്തെങ്കിലും പഠിക്കേണ്ട ഒരേയൊരു മനശാസ്ത്രജ്ഞന്‍ എന്ന് ജര്‍മ്മന്‍ ദാര്‍ശനികനായ ഫ്രെഡറിക് നീഷേ,പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ കാള്‍മാക്സ് എന്ന് ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബര്‍ട്ട് കാമ, ഏതൊരു ശാസ്ത്രജ്ഞനിലുപരി വിജ്ഞാനം പകരുന്ന ശാസ്ത്രകാരന്‍ എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്നിവര്‍ വിശേഷിപ്പിച്ച വിശ്വസാഹിത്യകാരനായ ദസ്തയേവിസ്കിയുടെ ജീവചരിത്രം ഈ പുസ്തകം പറയുന്നു. എഴുത്തും ജീവിതവും ഇഴപിരിക്കാന്‍ കഴിയാത്തവിധം ചേര്‍ന്നുപോകുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ലോകത്ത് ആവശ്യം നിലനില്ക്കേണ്ട വ്യക്തികള്‍ തമ്മിലുള്ള പരസ്പ്പര വിശ്വാസവും സാഹോദര്യവുമാണ് അദ്ദേഹത്തിന്‍റെ സൃഷ്ടികളെ വ്യത്യസ്തമാക്കുന്നത്.
ശക്തമായ തൂലികയുടെ ഉടമയും മികച്ച പത്രപ്രവര്‍ത്തകനും ധാരാളം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്‍റെ ജനനം,ബാല്യം,വിദ്യാഭ്യാസം,മാതാപിതാക്കള്‍ ,സഹോദരങ്ങള്‍ തുടങ്ങിയ ഒരു വിവരണം ആദ്യം തന്നെ പുസ്തകം നല്കുന്നു. 1844ലാണ് ആദ്യ കഥ പുവര്‍ ഫോക്ക് പ്രസിദ്ധീകരിക്കുന്നത്. അതിന് നല്ല സ്വീകരണം കിട്ടി.തുടര്‍ന്ന് ദ ഡബിള്‍ പ്രസിദ്ധീകരിച്ചു.അതിനെ വിമര്‍ശകര്‍ ഗൌരവമായെടുത്തില്ല. തുടര്‍ന്നും സൃഷ്ടികള്‍ നടത്തിയെങ്കിലും കുറേക്കാലം രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1849 ഏപ്രില്‍ 23ന് ജയിലിലായി. മരണ ശിക്ഷ വിധിച്ചു. എങ്കിലും ശിക്ഷ നടപ്പിലാക്കിയില്ല. 4 വര്‍ഷത്തെ സൈബീരിയന്‍ ജയില്‍ ജീവിതം യഥാതഥമായി അവതരിപ്പിച്ച നോവലാണ് പരേതരുടെ ഭവനം.ദ ലിറ്റില്‍ ഹീറോയിലും പരാമര്‍ശമുണ്ട്.
കുറ്റവാളി എന്ന നിലയില്‍ ഓംസ്ക് കോട്ടയിലെ ജീവിതാനുഭവം നോട്ട്സ് ഫ്രം ഹൌസ് ഓഫ് ദി ഡെഡില്‍ പ്രതിപാദിക്കുന്നു.മരണ ശിക്ഷ വിശദമാക്കുന്നത് ദി ഇഡിയറ്റിലാണ്.
ഒരു പട്ടാള മേധാവിയുടെ ഭാര്യയായിരുന്ന മറിയ ഡിമിട്രിയേവ്നയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. എന്നാല്‍ ഒരു സന്നിരോഗിയാണ് ദസ്തയേവ്സ്കി എന്നത് അവരെ വല്ലാതെ ഉലച്ചു. അപസ്മാര ബാധയ്ക്ക് മുന്‍പായി അദ്ദേഹം ഒരു തരം ആനന്ദമൂര്‍ച്ച അനുഭവിച്ചിരുന്നു. സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന് എന്നെ വലിച്ചെടുക്കുന്നതായി എനിക്കു തോന്നി. സത്യം പറഞ്ഞാല്‍ എനിക്ക് ദൈവത്തെ കാണാനും അദ്ദേഹത്തില്‍ ലയിക്കാനും കഴിഞ്ഞു. അപസ്മാര ബാധയുടെ സമയത്ത് ഞാന്‍ പറുദീസയിലായിരുന്നതുപോലെയാണ്.ഈ ലോകത്തിലെ മറ്റു സുഖങ്ങളെല്ലാം തരാമെന്ന് പറഞ്ഞാലും ഈ പറുദീസ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല, അദ്ദേഹം എഴുതി.
1859ല്‍ പുറത്തുവന്ന സ്റ്റെപ്പാന്‍ ചിക്കാവോ ഗ്രാമവും അതിലെ താമസക്കാരും എന്ന നോവലും അമ്മാവന്‍റെ സ്വപ്നം എന്ന കഥയും ശ്രദ്ധേയമായില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തി തിരിച്ചെടുക്കാനും എഴുത്ത് ജീവിതോപാധിയാക്കാനും അദ്ദേഹം ഏറെ പരിശ്രമിച്ചു. അങ്ങിനെ നിന്ദിതരും പീഡിതരും , പരേതരുടെ ഭവനം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.
സാമ്പത്തിക വിഷമങ്ങള്‍ക്കിടയിലും പണം കടം വാങ്ങി പോളിന സുസ്ലോവ എന്ന റഷ്യന്‍ യുവതിക്കൊപ്പം യൂറോപ്പില്‍ പോയി ചൂതാട്ടം നടത്തുക പതിവായിരുന്നു. തുടര്‍ന്ന് ഒളിവിലെ കുറിപ്പുകള്‍ എഴുതി.മറിയ 1864 ഏപ്രില്‍ 14ന് മരിച്ചു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു ദസ്തയേവ്സ്കി. അത് പലപ്പോഴും ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമായിരുന്നു. ദ ഗാംബ്ലര്‍ ചൂതാട്ടത്തിന്‍റെ കഥയാണ് പറയുന്നത്. കുറ്റവും ശിക്ഷയും എഴുതുന്ന കാലം കടുത്ത സമ്മര്‍ദ്ദത്തിന്‍റേതായിരുന്നു. കടബാദ്ധ്യതകളും രോഗവും ശരിക്കും ഗ്രസിച്ച കാലം. എഴുത്തില്‍ സഹായിക്കാന്‍ വന്ന പകര്‍ത്തെഴുത്തുകാരിയായ അന്ന ഗ്രിഗറോയേവ്ന പിന്നീട് ഭാര്യയായി മാറി. അവര്‍ തമ്മില്‍ 22 വയസ്സിന്‍റെ പ്രായവ്യത്യാസമുണ്ടായിരുന്നു. എഴുത്തിന് കിട്ടിയ മുന്‍കൂര്‍ തുകയെല്ലാം ചൂതാട്ടത്തില്‍ നശിപ്പിച്ച അദ്ദേഹത്തിന്‍റെ കളിഭ്രാന്ത് , ചുഴലി, പ്രായോഗിക കാര്യങ്ങളിലെ പ്രാപ്തിക്കുറവ് എന്നിവ അതേയര്‍ത്ഥത്തില്‍ അന്ന ഉള്‍ക്കൊണ്ടിരുന്നു. 1872ലാണ് ദ ഡെവിള്‍സ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ദ അഡോളസന്‍റ് ഇറങ്ങി.
ദസ്തയേവ്സ്ക്കിയുടെ ഏറ്റവും ശ്രേഷ്ഠമായ കൃതി കാരമസോവ് സഹോദരന്മാരാണ്. കലാപരമായ പക്വത,അദ്ദേഹം വിശ്വസിച്ച ആശയങ്ങള്‍,തിരിച്ചറിവുകള്‍,സംശയങ്ങള്‍ എന്നിവയുടെ സങ്കലനം ഇതൊക്കെയാണ് ആ നോവല്‍. ഇതിലെ കേന്ദ്ര കഥാപാത്രമായ ഡമിത്രി അദ്ദേഹം സൃഷ്ടിച്ചവയില്‍ ഏറ്റവും ഉജ്വലമായ കഥാപാത്രമാണ്. 1880ലാണ് റഷ്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗം എന്നു പറയാവുന്ന പുഷ്കിന്‍ അനുസ്മരണം നടത്തിയത്. കുട്ടികളെ കഥാപാത്രമാക്കി ഒരു നോവല്‍ രചിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതിനുമുന്‍പ് ആ ജീവന്‍ പൊലിഞ്ഞു.
പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തില് അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങള്‍ വിശദീകരിക്കുന്നു. മഹത്തായ മതദ്രോഹ വിചാരകന്‍റെ ഇതിഹാസം കാരമസോവ് സഹോദരന്മാരിലെ ഗദ്യകവിതയാണ് രേഖപ്പെടുത്തുന്നത്.കാരമസോവിലെ തന്നെ വിപ്ലവം എന്ന ഭാഗം തുടര്‍ച്ചയായി നല്കുന്നു. ഇഡിയറ്റിലെ അന്ത്യഭാഗത്തു വരുന്ന ക്രിസ്തുലോകത്തിലെ പരാജയവും ഇവിടെ വായിക്കാം. ഭൂമിക്കടിയിലെ ജനങ്ങളുടെ പ്രര്‍ത്ഥനാഗീതം കാരമസോവിന്‍റെ വാക്കുകളാണ്.ഉള്ളിയും കാരമസോവില്‍ നിന്നും എടുത്തിട്ടുള്ള ഭാഗമാണ്.

തുടര്‍ന്ന് കത്തുകള് എന്ന മൂന്നാം ഭാഗം വരുന്നു. ചില കത്തുകള്‍ ശ്രദ്ധേയങ്ങളാണ് എങ്കിലും എല്ലാമൊന്നും വായനാസുഖം നല്കുന്നതല്ല. വിവര്‍ത്തനം എത്രമാത്രം മികച്ചതാണ് എന്നു പറയുക വയ്യ എങ്കിലും വായന ആവശ്യപ്പെടുന്ന ഒരു പുസ്തകമാണിത്.  

Thursday, October 10, 2013

Swaraj


സ്വരാജ്

മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജിന്‍റെ ആധുനിക പതിപ്പാണ് അരവിന്ദ്  കെജ്രിവാള്‍ സ്വപ്നം കാണുന്ന ഗ്രാമസ്വരാജും. അണ്ണാ ഹസാരെ ഇതിനെ ഈ കാലഘട്ടത്തിലെ അഴിമതിക്കെതിരായ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കുന്നു. ഇതില്‍ നിരവധി ഉദാഹരണങ്ങളിലൂടെ കെജ്രിവാള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം കേന്ദ്രാവിഷ്കൃത –സംസ്ഥാന ആവിഷ്കൃത ടൈഡ് ഫണ്ടുകള്‍ അശാസ്ത്രീയമാണ് എന്നതാണ്. ഗ്രാമത്തിലെ കാര്യം ന്യൂഡല്‍ഹിയില്‍ ഇരുന്നു തീരുമാനിച്ച് കളക്ടര്‍ വഴി നടപ്പിലാക്കുന്ന രീതി മാറണമെന്നും ഗ്രാമത്തിന്‍റെ ആവശ്യങ്ങള്‍ ഗ്രാമീണര്‍ നിശ്ചയിക്കണമെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. എല്ലാറ്റിനും പരമാധികാരി ഗ്രാമസഭയാകണമെന്നാണ് അഭിപ്രായപ്പെടുന്നത്. അതിന്‍റെ നന്മകളുടെ അനേകം ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി സ്വരാജിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അത് പ്രയോഗത്തില്‍  വരുത്താന്‍ കഴിയുമോ എന്ന സംശയം സ്വാഭാവികമായും ഉദിക്കും. ഒരേ വിഷയം തന്നെ പല ഭാഗത്തായി പല വിധത്തില്‍ പറയുന്നുണ്ട് ഈ മാനിഫെസ്റ്റോയില്‍. ഒരിടത്ത് നടപ്പാക്കിയ രീതി പറയുമ്പോള്‍ മറ്റൊരിടത്ത് മേന്മ പറയുന്നു. വേറൊരിടത്ത് മറ്റു വിധത്തില്‍ നടപ്പിലാക്കിയാലുള്ള തകരാറുകളാണ് പറയുന്നത്. വായനയും തുടര്‍ ചര്‍ച്ചയും ആവശ്യമാകുന്ന ഒരു പുസ്തകമാണ് സ്വരാജ്.ഹാര്‍പെര്‍ കോളിന്‍സ് പബ്ളിഷേഴ്സ് ഇന്ത്യ ഇറക്കിയിട്ടുള്ള പുസ്തകത്തിന്‍റെ വില 150 രൂപയാണ്. 

Monday, October 7, 2013

അനുഭവങ്ങളെ , നന്ദി

അനുഭവങ്ങളെ ,നന്ദി
എൻ.എൻ.സത്യവ്രതൻ എന്ന പത്രപ്രവര്ത്തകൻറെ ഓര്മ്മക്കുറിപ്പുകളാണ് അനുഭവങ്ങളെ,നന്ദി. അസുഖം ബാധിച്ച് കിടന്ന കാലത്താണ് അദ്ദേഹം പറഞ്ഞുകൊടുത്ത് ഈ പുസ്തകം എഴുതിച്ചത്.അതുകൊണ്ടുതന്നെ ചിതറിയ ഓര്മ്മകളുടെ ആത്മാംശം ഉള്ക്കൊണ്ട കുറച്ചു ചീളുകള് മാത്രമാണ് ഇതിലുള്ളതെന്നു പറയാം.അസുഖത്തിൻറെ തീഷ്ണതയില് നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുന്ന ഭാഗത്താണ് ഓര്മ്മകള് തുടങ്ങുന്നത്.
കുമ്പളങ്ങിയിലെ ബാല്യം,ബാല്യകാല വികൃതികള്,നാട്ടിലെ പ്രമാണിയായ അച്ഛൻ ശ്രീ നാരായണ ഗുരുവിനെ കുമ്പളങ്ങിയില് കൊണ്ടുവരുന്ന സംഭവം ഒക്കെ വിവരിക്കുന്നു എഴുത്തുകാരൻ.കെ.രാമചന്ദ്രൻ എന്ന സുഹൃത്ത് വഴി മാതൃഭൂമിയില് എത്തി.കോഴിക്കോട്ട് താമസമാക്കി.അവിടെ തുടരുന്ന കാലം വി.പി.രാമചന്ദ്രൻ എഡിറ്ററായെത്തി.
മുനിസിപ്പാലിറ്റി കേസുകള് നോക്കുന്ന ,കളക്ടറുടെ നോമിനിയായ മജിസ്ട്രേറ്റായി ഇടയ്ക്ക് കൊച്ചുകോടതിയില് പോയിരുന്ന സത്യവ്രതനെ സൈക്കിളില് ലൈറ്റില്ലാതിരുന്നതിന് പോലീസ് പിടിച്ച കഥയാണ് മജിസ്ട്രേറ്റ് പോലീസിൻറെ പിടിയില് എന്നത്.ഇടുക്കി പദ്ധതിയുടെ വിവിധ ഘട്ടങ്ങള് കണ്ട സംഭവങ്ങളുടെ ചിമിഴാണ് കുറവനും കുറത്തിയും.
ടി.വേണുഗോപാല്,ടി.കെ.ജി.നായര് എന്നിവരെ പരിചയപ്പെടുത്തുന്നതാണ് പത്രഭാഷയുടെ ഗുരു. എഴുതിയത് രണ്ടുപ്രാവശ്യം വായിച്ചാലെ മനസ്സിലാകൂ എന്നുണ്ടെങ്കില് അത് വെട്ടിക്കളയുകഎന്ന ഹരോള്ഡ് ഇവാൻസിൻറെ വാചകവും ഇതില് കൊടുത്തിട്ടുണ്ട്.പത്രപ്രവര്ത്തക പത്മജ മേനോനെ പരിചയപ്പെടുത്തുന്ന ഭാഗമാണ് പുലിമടയിലെ മലയാളി കുട്ടി.
വാര്ത്തകളുടെ കാര്യത്തില് ഒത്തുതീര്പ്പില്ലാത്ത വിപിആറിനെയും അവതരിപ്പിക്കുന്നുണ്ട് പുസ്തകത്തില്. മാതൃഭൂമിയില് നിന്നും മാനേജ്മെൻറിനോട് പിണങ്ങി വിട്ടുപോരേണ്ടിവന്നപ്പോള് ആ ദിവസം ശ്രീധരൻ നായര് ചോദിച്ചു,എന്നാ ഇനി ഇങ്ങോട്ട്മറുപടി ഇങ്ങനെ.ജീവകാലമില്ല
പത്രമോഫീസിലെ പാര വര്ഗ്ഗീസ് എന്ന പത്രപ്രവര്ത്തകനെ മാതൃഭൂമിയില് നിന്നും പുറത്താക്കിയതും അയാളുടെ കഴിവ് അയാളെ മനോരമയില് എത്തിച്ചതും സരസമായി വിവരിക്കുന്നു മറ്റൊരോര്മ്മയില്. സൗമ്യപ്രകൃതിയായ കെ.രാമചന്ദ്രൻ എന്ന പത്രപ്രവര്ത്തകൻ ഖാദി കമ്മീഷൻ ചെയര്മാനും ഗാന്ധിയനുമായ ജി.രാമചന്ദ്രൻറെ ആഡംബര ജീവിതത്തെക്കുറിച്ച്  പത്രസമ്മേളനത്തില് നിശിതമായി വിമര്ശിച്ച കാര്യവും എഴുതിയിട്ടുണ്ട്.ശരിക്കും പത്ര ധര്മ്മം.
മികച്ച പത്രപ്രവര്ത്തകനായിരുന്ന ഉമാശങ്കര് നശിച്ച കഥയും വേദനയോടെ എൻ.എൻ.എഴുതുന്നു.പത്രപ്രവര്ത്തകൻ അധികാരകേന്ദ്രത്തില് നിന്നും പാലിക്കേണ്ട അകലം കൃത്യമായി ഇതില് പറയുന്നു.ഭാഗ്യക്കുറി നടത്തി എറണാകുളം പ്രസ് ക്ലബ്ബുണ്ടാക്കിയ കഥ പുതിയ തലമുറ അറിയേണ്ടതാണ്.രാഷ്ട്രീയക്കാര്ക്കും പത്രക്കാര്ക്കും ആശ്രയമായിരുന്ന എംപി കൃഷ്ണപിള്ള ,അന്ന് യൂത്ത് നേതാക്കളായിരുന്ന വയലാര് രവി,ഏ.കെ.ആൻറണി എന്നിവരുടെ ജീവിതവും പരാമര്ശിക്കുന്നു. കേരള കൗമുദി ലേഖകനായിരുന്ന പെരുന്ന തോമസിൻറെ മരണവുമായി ബന്ധപ്പെട്ട കുറിപ്പ് ചിരിയും സങ്കടവുമുണ്ടാക്കുന്നതാണ്.രാമനാഥൻ,രാമസ്വാമി,പി.എ.കൃഷ്ണൻ എന്നീ പത്രപ്രവര്ത്തകര് അനുഭവിച്ച ദുരിതങ്ങളും വിവരിക്കുന്നുണ്ട്. അഖിലേന്ത്യ പത്രപ്രവര്ത്തക സംഘടനയില് നിന്നും കെ.എം.റോയ് ലേഖകനെ സസ്പെൻറ് ചെയ്തതും രസകരമായി വിവരിക്കുന്നുണ്ട്.
പ്രശസ്തമായ മൈനതെരുവില് കൊലക്കേസ് പ്രതിയായി ചിത്രീകരിക്കപ്പെട്ട ഫാദര് ബെനഡിക്ടിൻറെ ഒരു പ്രസ്താവന ആരും ശ്രദ്ധിക്കാതെ പോയ കാര്യവും ഇതില് പറയുന്നു.ഞാൻ കുറ്റവാളിയല്ല,വലിയ ചില കൈകളാണ് കൊലപാതകത്തിനു പിന്നില്
നാലപ്പാടിൻറെ മാതൃഭൂമി പ്രവേശനവും തുടര് സംഭവങ്ങളും സവിസ്തരം പ്രദിപാതിക്കുന്നു ജീവിതകഥാകാരൻ.കൗമുദിയിലെ ജ്യേഷ്ടാനുജ തര്ക്കകഥയും ഇതില് വായിക്കാം.പ്രസ് അക്കാദമിയില് നിന്നുള്ള പടിയിറക്കവും വേദനയോടെ പറയുന്നുണ്ട് എൻഎൻ.
പാമോയില് സ്റ്റോറിയും താത്പ്പര്യമുളവാക്കുന്നതാണ്. ബള്ഗേറിയൻ യാത്ര,കൗമുദിയിലെ ജീവിതം,സെബാസ്റ്റ്യൻ പോള്,കെബിആര് പിള്ള തുടങ്ങിയ ചില സുഹൃത്തുക്കളെക്കുറിച്ചുള്ള ഓര്മ്മകള്,ലീലാവതി ടീച്ചര് മലയാളമെടുത്തു പഠിച്ച കഥ , അങ്ങിനെ അനേകം നുറുങ്ങുകള് ചേര്ത്തുവച്ച നല്ലൊരു സദ്യയാണീ പുസ്തകം.
ഇല പ്രസിദ്ധീകരണം .വില-70 രൂപ


Saturday, October 5, 2013

വാര്ത്ത  വന്ന  വഴി
പത്രപ്രവര്ത്തന രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം  പ്രവര്ത്തിച്ച  എൻ.എൻ.സത്യവ്രതൻറെ  ഓര്മ്മകളില് നിറഞ്ഞുനിന്ന കുറെ അനുഭവങ്ങളാണ് വാര്ത്ത  വന്ന വഴിയിലുള്ളത്. 1970 നവംബര് 30ന് ഗുരുവായൂര് ക്ഷേത്രം കത്തിയമര്ന്നത് ,കേളപ്പൻ  എന്ന സിംഹത്തിൻറെ  പ്രണയ വാര്ത്ത, നിയമ വിദ്യര്ത്ഥികളുടെ നഗ്ന ഓട്ടം  എക്സ് ക്ല്യൂസീവായി  സംഘടിപ്പിച്ചതിന്റെ  പിന്നമ്പുറ കഥ,സായി ഭക്തനായ ഏറാടിയെ കളിയാക്കാൻ  സന്ന്യസി വേഷമിട്ട  സെബാസ്റ്റ്യൻ  പോള് തുടങ്ങി  രസകരമായ  അനുഭവങ്ങളാണ്  കഥാരൂപത്തില്  സത്യവ്രതൻ  അവതരിപ്പിക്കുന്നത്.
കെ.സി.എബ്രഹാം ഗവര്ണ്ണറാകുന്ന  വാര്ത്ത ആദ്യം അദ്ദേഹത്തെ  അറിയിച്ച  കഥ രസകരമാണ്. മൊബൈലും  ഫോണ്സൗകര്യങ്ങളും ഇല്ലാത്തൊരു കാലത്തിന്റെ  നേര് സാക്ഷ്യമാണ് ആ അനുഭവം.രാഷ്ട്രീയത്തില്  കോളിളക്കം സൃഷ്ടിക്കുന്ന  പല ബഹളങ്ങള്ക്കും വാര്ത്തകള്ക്കും  പിന്നിലുള്ള  തമാശകള്  അദ്ദേഹം  പറയുന്നുണ്ട്. മരണപ്പെട്ടവന്റെ പേര് മാറുന്നതുപോലും സമൂഹത്തില്  വൻ  അലയൊലിയുണ്ടാക്കും. മൂള്ജി  മുരളിയായി,സമരത്തിരയിളകി എന്നത് അത്തരമൊരു സംഭവമാണ്, കെ എസ്സ് യുവിന് പേരുതെറ്റിക്കിട്ടിയ ആദ്യ രക്തസാക്ഷിയായിരുന്നു മുരളി. 1947 ജൂലൈ 25  രാത്രി 7.30ന് സി.പി.രാമസ്വാമിയെ  വെട്ടിയ കഥ മണിയില്  നിന്നും കേട്ടറിഞ്ഞ  കഥയും അതിനായി നടത്തിയ പരിശ്രമങ്ങളും പത്രപ്രവര്ത്തക വിദ്യാര്ത്ഥികള്  അറിഞ്ഞിരിക്കേണ്ടതാണ്.
1968 ഫെബ്രുവരി 8ന് ഇ എം എസ്സിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച സംഭവം വിശദീകരിക്കുന്നുണ്ട് എഴുത്തുകാരൻ. ഭൂനിയമം റദ്ദാക്കിയ സുപ്രീംകോടതി  വിധിക്കെതിരെയുള്ള  പരാമര്സത്തിനായിരുന്നു അത്. കോടതിയേയും കുറേയൊക്കെ വിമര്ശിക്കാം എന്ന ധാരമയുണ്ടാക്കിയ സംഭവമായിരുന്നു അത്. കൊച്ചു കടവന്ത്രയില് വച്ച് വെള്ളത്തൂവല്  സ്റ്റീഫനെ അറസ്റ്റ് ചെയ്ത സംഭവം റിപ്പോര്ട്ടു ചെയ്യുന്നതും ഉദ്യോഗജനകമായ അനുഭവമാണ്.

ഫ്ളയിംഗ് ക്ലബ്ബില് പഠിക്കുന്ന ചെറുപ്പക്കാരന്റെ കുഞ്ഞുവികൃതി വരുത്തിയ അപകടം മറ്റൊരു  ഓര്മ്മയാണ്. കൊലപാതകവും മോഷണവും വ്യാപകമായ ഇന്നും പുതുമ തോന്നുന്ന ഒരു ഓര്മ്മയാണ് നാവികകേന്ദ്രത്തില് 1963 മാര്ച്ച് 30ന് നടന്ന കൊലപാതകം.പ്രശസ്ത വക്കീല് ടി.വി.പ്രഭാകരനും കേരള ചീഫ് ജസ്റ്റീസ് ടി.സി.രാഘവനും സുഹൃത്തുക്കളായിരുന്നു. എന്നാല് ജസ്റ്റീസായപ്പോള് അകല്ച്ച വന്നു. അത് വൈരാഗ്യമായി. ഒടുവില് ഒരന്വേഷണാത്മക റിപ്പോര്ട്ടിലൂടെ വയസ്സുതിരുത്തിയെന്ന് കണ്ടെത്തി രാഘവനെ തല്സ്ഥാനത്തുനിന്നും  മാറ്റിയ കഥ ടി.വി.പ്രഭാകരന് പറയുന്നത് എക്കാലത്തും പ്രസക്തമായ ഒന്നാണ്. കോണ്ഗ്രസ്സിലെ  പിളര്പ്പിന്റെ കഥയും കെപിസിസി  യോഗത്തിലെ തല്ലുമൊക്കെ സരസമായി വിവരിക്കുന്നുണ്ട് സത്യവ്രതൻ. എം.പി.പൗലോസ് എന്ന ന്യൂസ് ഫോട്ടോഗ്രാഫര്ക്ക് വീണുകിട്ടിയ ഭാഗ്യമായിരുന്നു  കേരള വേഷമിട്ട  രാജീവ്-സോണിയ ചിത്രം. അതിന്റെ  സാഹചര്യവും വായനാ സുഖം നല്കുന്നു. എംജിആര്  ആസ്പത്രിയിലായിരുന്നപ്പോള്  വൃക്ക നല്കിയ എം.ജി.ചക്രപാണിയുടെ മകള് ലീലാവതിയെ ഇന്റര്വ്യൂ  ചെയ്ത അനുഭവവും പറയുന്നുണ്ട് അദ്ദേഹം. പത്രപ്രവര്ത്തകന്റെ മൂന്നാംകണ്ണ്  ഒരു ഐഎഎസ്സുകാരന്റെ  സസ്പെന്ഷനില്  അവസാനിച്ച കഥയും ഇതില്  പറയുന്നു. അജിത് സിംഗും കൂട്ടരും  കൂറുമാറി നരസിംഹറാവുവിനെ  തുണച്ചതിന്റെ ഗൂഢാലോചന ഇങ്ങ് തെക്ക് നാഗര്കോവിലിനടുത്ത് നടന്നതിന്റെ കഥ പുറത്തുവന്നതും പത്രപ്രവര്ത്തകന്റെ അന്വേഷണാത്മകതയുടെ  ബാക്കിയായിരുന്നു. സൂത്രധാരന്മാര്  ചന്ദ്രസ്വാമിയും സുബ്രഹ്മണ്യസ്വാമിയും..കൊച്ചിയില്  വന്നിറങ്ങിയ  വിദേശിയായ മയക്കുമരുന്നു റാക്കറ്റിന്റെ  കഥ പറഞ്ഞാണ്  പുസ്തകം  അവസാനിപ്പിക്കുന്നത്. വാര്ത്ത വന്ന വഴികളുടെ നൂറുനൂറനുഭവങ്ങള്  പറയാന് കഴിയുന്ന  സത്യവ്രതന്  ഒരു ചിമിഴില്  വലിയ അനുഭവങ്ങള്  മാത്രം ഒതുക്കിയതാണീ  പുസ്തകം. വെറും  100  പേജില്  തീരുന്ന വലിയ കാര്യങ്ങള്. വായന അര്ഹിക്കുന്ന  പുസ്തകം. പ്രസിദ്ധീകരിച്ചിരിക്കുന്നത്  ഇല ബുക്സാണ്. വില -55 രൂപ   

Tuesday, September 24, 2013

Non Stop India

നോണ്‍  സ്റ്റോപ്പ് ഇന്ത്യ

ഇന്ത്യയുടെ വൈവിദ്ധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബിബിസി ലേഖകന്‍ മാര്‍ക് ടുള്ളിയുടെ യാത്രകളാണ് ഈ പുസ്തകത്തില്‍. .രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍,കച്ചവടക്കാര്‍,പാവപ്പെട്ട ജനങ്ങള്‍,വ്യവസായികള്‍ തുടങ്ങി എല്ലാ മേഖലകളില്‍ ഉള്ളവരുമായും അദ്ദേഹം യാത്രക്കിടയില്‍ സംവദിക്കുന്നുണ്ട്.മിക്കയാത്രകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്.നക്സല്‍ പ്രശ്നത്തിന്‍റെ വേരുകള്‍ അന്വേഷിക്കുന്ന അതേ തൃഷ്ണയോടെ ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയവും ബീഹാറിലെ ലാലു രാഷ്ട്രീയവും മാര്‍ക് ടുള്ളി അന്വേഷിക്കുന്നുണ്ട്.നിതീഷ് കുമാറിനെ എന്തുകൊണ്ട് ജനം സ്വീകരിച്ചു എന്നും വ്യക്തമാക്കുന്നു.

ഒരു നാടിനെ അറിയാന്‍ അതിന്‍റെ ഉള്ളറകളിലേക്ക് യാത്ര ചെയ്യണമെന്നും സാധാരണക്കാരുമായി സംസാരിക്കണമെന്നും നല്ല ബോദ്ധ്യമുള്ള പത്രപ്രവര്‍ത്തകനാണ് മാര്‍ക് ടുള്ളി.ഒരു പക്ഷെ അദ്ദേഹം പറയുന്ന കുറെ കാര്യങ്ങള്‍ നമ്മള്‍ ചരിത്രത്തോടൊപ്പം നടന്ന് മനസ്സിലാക്കിയവയാകാം എങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലാകുന്നു.ഇന്ത്യക്കാരല്ലാത്ത വായനക്കാര്‍ക്ക് അത്ഭുതകരമായ അറിവും.

മായാവതിയെ ദൈവത്തെപോലെ ആരാധിക്കുന്ന ദളിതരുടെ വികാരമൊക്കെ ഭംഗിയായി ആവിഷ്ക്കരിക്കുന്നുണ്ട് അദ്ദേഹം.അഴിമതി പോലും തെറ്റല്ല എന്ന നിലയില്‍ ആരാധകര്‍ സംസാരിക്കുന്ന ദൃശ്യം ഭംഗിയായി അദ്ദേഹം വിവരിക്കുന്നു.

വായന അര്‍ഹിക്കുന്ന പുസ്തകം.

പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരണം, വില- 399 രൂപ 

Saturday, September 14, 2013

പ്രവാസം

പ്രവാസം
മലയാളിയുടെ പ്രവാസത്തിന്‍റെ അടരുകള്‍ യാത്രാനുഭവങ്ങളുമായി ചേര്‍ത്ത് മനോഹരമായി കഥ പറയുകയാണ് മുകുന്ദന്‍ പ്രവാസം എന്ന നോവലില്‍.സ്വാതന്ത്ര്യത്തിന് മുന്‍പുള്ള പ്രവാസം ബര്‍മ്മയിലേക്കായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തരം അത് ഗള്‍ഫിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കുമായി.ജീവിതം,സ്വപ്നങ്ങള്‍ എന്നിവ ഓരോ കാലഘട്ടത്തിലും മാറുന്നതിന്‍റെ ചിത്രങ്ങള്‍ നന്നായി വരച്ചു കാട്ടുന്നുണ്ട് കഥാകാരന്‍.
മാഹിയിലും തലശ്ശേരിയിലും ജീവിക്കുന്ന മനുഷ്യരുടെ ഭാഷയും നന്മതിന്മകളും ചരിത്രവും പറയുന്നതോടൊപ്പം കുമാരന്‍റെയും രാഷ്ട്രീയക്കാരനായ മകന്‍ ഗിരിയുടെയും ചെറുമകന്‍ അശോകന്‍റെയും യാത്രകളും അവരിലൂടെ വളരുന്ന നാടുകളും ഹൃദ്യമായി വിവരിക്കുന്നുണ്ട് കഥയില്‍. സുനന്ദയും കല്യാണിയും കതീശയുമൊക്കെ ശക്തമായ കഥാപാത്രങ്ങളാണ്.
രണ്ട് പ്രധാന കഥാകൃത്തുക്കള്‍,എസ്സ്.കെ.പൊറ്റെക്കാടും പിന്നെ ഇതെഴുതുന്ന മുകുന്ദനും കഥാപാത്രങ്ങളായി രംഗത്തുവരുന്നു. ഗള്‍ഫുകാരുടെ വികാരവിചാരങ്ങളും നന്നായി ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വര്‍ഗ്ഗീസ് കുറ്റിക്കാടനും കുടുംബവും വളരെ ടിപ്പിക്കലായ ഭൌതിക ജീവികളായി ഓര്‍മ്മയില്‍ നില്ക്കും. എം.മുകുന്ദന്‍റെ രചനയുടെ ഒഴുക്കും ഭാഷയുടെ കെല്പ്പും വായന രസകരമാക്കുന്നു.

ഡിസി ബുക്സ് പ്രസിദ്ധീകരണം, വില-240 രൂപ, 432 പേജ്. 

Wednesday, September 11, 2013

പഴയതും പുതിയതും

പഴയതും  പുതിയതും
ബലരാംപൂര്‍ എന്ന ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന്‍റെ കിരണങ്ങള്‍ എത്തിക്കാനായി ജീവിതം മാറ്റിവച്ച ഭട്ടാചാര്യ മശായി എന്ന പണ്ഡിത മശായിയുടെ കഥയാണ് പഴയതും പുതിയതും എന്ന നോവലില്‍ ബിമല്‍ മിത്ര പറയുന്നത്.ദിവസത്തില്‍ ഉറങ്ങാനുള്ള ചില മണിക്കൂറുകള്‍ ഒഴികെ മുഴുവന്‍ സമയവും സ്കൂളിന്‍റെ പുരോഗതിക്കായി മാറ്റി വച്ച ഈ സ്വാത്തികന്‍റെ മാനസിക സംഘര്‍ഷങ്ങള്‍ ബിമല്‍ മിത്ര കൃത്യമായി രേഖപ്പെടുത്തുന്നു.നിസ്വാര്‍ത്ഥമായ സേവനം അദ്ദേഹത്തിന് പലതും നഷ്ടമാക്കി.കുടുംബത്തെ ശ്രദ്ധിക്കാതിരുന്നതിനാല്‍ മകള്‍ പോയി,പേരക്കുട്ടി വഴിതെറ്റി സഞ്ചരിച്ചു.സത്യസന്ധതയും ആത്മാര്‍ത്ഥതയും മുറുകെ പിടിച്ചപ്പോള്‍ ശിഷ്യരുള്‍പ്പെടെ പുതുതലമുറ തള്ളിപ്പറഞ്ഞു.
സ്കൂളും കുട്ടികളും അവരുടെ വിദ്യഭ്യാസവും സ്കൂളിലെ സൌകര്യങ്ങള്‍ മെച്ചമാക്കലും എല്ലാം ഒരു ലഹരിയായി സിരകളില്‍ പടര്‍ന്ന ,ഒരു തരം മാനസിക വിഭ്രാന്തിയുടെ അവസ്ഥയിലെത്തിയ വ്യക്തിത്വമായിരുന്നു മശായിയുടേത്.ഇതെല്ലാം സഹിക്കേണ്ടി വന്ന ശിവാനി എന്ന കുടുംബ നാഥ,നിഷേധിയായ ചെറുമകന്‍ ഫടിക്,സ്കൂള്‍ സെക്രട്ടറി നരേന്‍ ചക്രവര്‍ത്തി,അയാളുടെ മകള്‍ എപ്പോഴും ശിവാനിക്കൊപ്പമുണ്ടാകുന്ന റാണി,സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഭവന്‍,പ്യൂണ്‍ ജനാര്‍ദ്ദനന്‍ തുടങ്ങി അനേകം കഥാപാത്രങ്ങള്‍ ഇഴചേരുന്നതാണ് നോവല്‍.
മകളുടെ മരണം അറിയുമ്പോഴും ഈ ക്ലാസ്സുകൂടി കഴിയട്ടെ എന്നു പറയുന്ന അധ്യാപകന്‍ മശായി നമ്മുടെ കണ്ണ് നനയിക്കും.സര്‍വ്വീസില്‍ നിന്നും പിരിഞ്ഞിട്ടും മശായിയുടെ ദിനങ്ങള്‍ സ്കൂളില്‍ തന്നെയായിരുന്നു.ഫീസ് കൂട്ടുന്നതിനും അഴിമതിക്കുമെതിരെ ശബ്ദിക്കുന്ന മശായി ഒടുവില്‍ ശിവാനിയുടെ മരണശേഷം നാടുവിടുന്നത് വേദന ഉളവാക്കും. അദ്ദേഹത്തിന്‍റെ മന്ത്രം എപ്പോഴും ഇതായിരുന്നു, ലൌകികങ്ങളായ നേട്ടങ്ങള്‍ക്കുവേണ്ടി വരം യാചിക്കുന്നവന്‍ വണിക്കാണ്.ഞാന്‍ നിഷ്ക്കാമ ഭക്തന്‍.എന്‍റെ ഹൃദയത്തില്‍ ഒരിക്കലും കാമനകള്‍ തലയുയര്‍ത്താതിരിക്കാനുള്ള വരം നല്കിയാലും.
കെ.രവിവര്‍മ്മ പരിഭാഷപ്പെടുത്തി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം വായന അര്‍ഹിക്കുന്നു. വില-110 രൂപ.   


Thursday, August 29, 2013



കുട്ടികളുടെ മനസ്സും സാഹിത്യവും
പ്രഭാകരന്‍ പഴശ്ശി അദ്ദേഹത്തിന്‍റെ ഡോക്ടറേറ്റിനുള്ള ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിലാക്കിയതാണ് കുട്ടികളുടെ മനസ്സും സാഹിത്യവുമെന്ന കൃതി.കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകമാക്കിയത്.
കുട്ടികളുടെ മനഃശാസ്ത്രം നാളിതുവരെ കൈകാര്യം ചെയ്ത മനഃശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് ഗവേഷണം ആരംഭിക്കുന്നത്.പരിവര്‍ത്തനം ചെയ്ത് കുഞ്ഞുങ്ങളായി തീര്‍ന്നെങ്കില്‍ മാത്രമെ മനുഷ്യന് ദൈവരാജ്യത്തിലേക്ക് പ്രവേശനം ലഭിക്കൂ എന്ന ബൈബിള്‍ വചനം തുടങ്ങി ആധുനിക മനഃശാസ്ത്രത്തിലെ പെരുമാറ്റ ശാസ്ത്രം,മാനസികാപഗ്രഥനം തുടങ്ങി വിവിധ മേഖലകളിലൂടെ പഠനം കടന്നുപോകുന്നു.ഗവേഷണമായതുകൊണ്ടുതന്നെ ചിലപ്പോള്‍ ഗവേഷണ കുതുകിയല്ലാത്ത വായനക്കാരന് വിരസതയും അനുഭവപ്പെടാം.ഫ്രോയിഡിന്‍റെ നിരീക്ഷണങ്ങള്‍ കാര്യമായി പ്രതിപാദിക്കുന്നുണ്ട് എഴുത്തുകാരന്‍.മനസ്സിന്‍റെ സവിശേഷതകള്‍ വ്യക്തമായി വിശദീകിക്കുന്നുമുണ്ട് ഗ്രന്ഥകാരന്‍.

സാഹിത്യാസ്വാദനം എന്ന രണ്ടാം ഭാഗം വായന രസകരമാക്കുന്നു.സാഹിത്യം എന്ന മൂന്നാം ഭാഗത്തില്‍ ബാലസാഹിത്യം,കുട്ടികള്‍ക്കുള്ള കവിത,കഥ,വൈജ്ഞാനിക സാഹിത്യം എന്നിവടെക്കുറിച്ച് പ്രതിപാദിക്കുന്നു.ബാലസാഹിത്യത്തിന്‍റെ പ്രയോജനങ്ങളും പുസ്തകം വിശദീകരിക്കുന്നുണ്ട്.കുട്ടികള്‍ക്കായി രചന നിര്‍വ്വഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ പുസ്തകം.  

Wednesday, August 21, 2013

Interesting    Times  by  Eric   Hobsbawm
പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ എറിക് ഹോബ്സ്വാമിന്‍റെ ഇന്‍ററസ്റ്റിംഗ് ടൈംമ്സ് എന്ന ആത്മകഥ ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രത്തിലൂടെയുള്ള ഒരോട്ടം കൂടിയാണ്.ബാല്യത്തിലെ ദുരിതങ്ങള്‍,ജൂതരുടെ സങ്കടങ്ങള്‍,ജര്‍മ്മനിയുടെ വിഭജനം,കമ്മ്യൂണിസ്റ്റായി ജീവിച്ചതിന്‍റെ അനുഭവങ്ങള്‍,കുടുംബജീവിതത്തിലെ സുഖദുഃഖങ്ങള്‍ തുടങ്ങിയവ പുസ്തകം വെളിവാക്കുന്നു.

യുദ്ധാനന്തര കാലത്തെ അമേരിക്ക-സോവിയറ്റ് ശീതയുദ്ധം,റഷ്യയിലെ അനുഭവങ്ങള്‍,അഞ്ചടി മൂന്നിഞ്ചുകാരന്‍ സ്റ്റാലിന്‍ ഉയര്‍ത്തിയ ഇംപാക്ട്,രാഷ്ട്രീയ നിരീക്ഷണങ്ങള്‍,ലാറ്റിന്‍ അമേരിക്കയിലെ യാത്രകള്‍ ഒക്കെ വിശദീകരിക്കുന്നുണ്ട് എഴുത്തുകാരന്‍. അനുഭവങ്ങളും ചരിത്രവും ഇഴചേര്‍ന്നുകൊണ്ടു പോകുന്ന എറിക്കിന്‍റെ രചന ചരിത്രരചനയുടെ രീതിയിലാണ്.അതുകൊണ്ടുതന്നെ ഒരു കഥ വായിക്കുന്ന താത്പ്പര്യത്തോടെ വായിച്ചുപോകാന്‍ കഴിയില്ല.എന്നാല്‍ ചരിത്രരചനയുടെ പൂര്‍ണ്ണതയുമില്ല.രണ്ടിനുമിടയിലുള്ള ഇതിന്‍റെ രചന രീതി ചിലപ്പോള്‍ വിരസമായി തോന്നാം.അത്തരം ഭാഗങ്ങള്‍ ഓടിച്ചു വായിച്ചുപോകാവുന്നതാണ്.ഗവേഷണ ഗ്രന്ഥങ്ങളുടെ സ്വഭാവത്തില്‍ ഒടുവില്‍ കുറിപ്പുകളും ഇന്‍ഡക്സും നല്‍കിയിട്ടുണ്ട്.445 പേജുള്ള പുസ്തകത്തിന്‍റെ വില 10.99 പൌണ്ടാണ്.അബാക്കസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Saturday, August 3, 2013

buddha influence in kerala

ബൌദ്ധസ്വാധീനം  കേരളത്തില്‍
കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്ന പവനനും മകന്‍ സി.പി.രാജേന്ദ്രനും ചേര്‍ന്നെഴുതിയ ഗ്രന്ഥമാണ് ബൌദ്ധസ്വാധീനം കേരളത്തില്‍. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പുസ്തകമാണിത്. ബുദ്ധന്‍,ബുദ്ധമതം,ബുദ്ധസന്ന്യാസിമാര്‍ എന്നിവരെകുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏതാണ്ടെല്ലാ പുസ്തകങ്ങളും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഈ വിഷയത്തില്‍ തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ ശ്രമം. കേരളത്തിലും തമിഴ്നാട്ടിലും ശൈവമതക്കാര്‍ പൂര്‍ണ്ണമായും നശിപ്പിച്ചുകളഞ്ഞ അഞ്ഞൂറുവര്‍ഷത്തെ ബുദ്ധമതസ്വാധീനം വെളിപ്പെടുത്താന്‍ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എത്ര നശിപ്പിച്ചാലും ഒരു തെളിവെങ്കിലും ബാക്കിയിടുമെന്നുപറയും പോലെ സൂചനകളും അവശിഷ്ടങ്ങളും ബുദ്ധമതസ്വാധീനം വിളിച്ചറിയിക്കുന്നു.അച്ഛന്‍ പാതിവഴി ഉപേക്ഷിച്ച പദ്ധതി പൂര്‍ത്തിയാക്കിയ മകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
          മലയാള സാഹിത്യത്തിലെ ബുദ്ധസങ്കല്‍പ്പങ്ങള്‍ സംബ്ബന്ധിച്ച ഒന്നാം ഭാഗം ശ്രീ.പവനന്‍റെ ഗൌരവമേറിയ വായനയുടെ പ്രതിഫലനമാണ്. കുമാരനാശാന്‍റെ രചനകളിലെ ബുദ്ധസ്വാധീനത്തെക്കുറിച്ച് പവനന്‍ ഏറെ പറയുന്നുണ്ട്. രണ്ടായിരത്തിയഞ്ഞൂറ് സംവത്സരം മുന്‍പ് ഈ ആര്യാവര്‍ത്തത്തില്‍ ഭഗവാന്‍ ഗൌതമബുദ്ധനും അദ്ദേഹം സ്ഥാപിച്ച സംഘവും സമ്മാനിച്ച അമൂല്യമായ പ്രബോധനങ്ങളും നിയമാവലിയും എല്ലാ ആധുനിക മതങ്ങളുടെയും വളര്‍ച്ചയെയും പരിണാമത്തെയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ബുദ്ധമതത്തിന്‍റെ പരമോന്നതങ്ങളായ തത്വങ്ങളും ധാര്‍മ്മിക സങ്കല്‍പ്പങ്ങളും മനുഷ്യരാശിയുള്ളിടത്തോളം പണ്ഡിതന്മാരെ ആഹ്ലാദിപ്പിച്ചും അത്ഭുതപ്പെടുത്തിയും എണ്ണമറ്റ ആത്മാക്കള്‍ക്ക് സന്തോഷവും സമാധാനവും പ്രധാനം ചെയ്തും വിരാജിച്ചുകൊണ്ടിരിക്കും “,ആശാന്‍റെ ഈ വാക്കുകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകും എന്നതില്‍ സംശയമില്ല. ഇന്ത്യയെ കണ്ടെത്തലില്‍ നെഹ്റു ഇതിന് പൂര്‍ണ്ണത നല്കുന്നു. ജനപ്രിയമാര്‍ജ്ജിച്ച മതങ്ങളെയും അവയെ പിടിച്ചുതൂങ്ങിക്കിടക്കുന്ന അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും പൌരോഹിത്യത്തെയും മറ്റു വ്യത്യസ്ത സ്ഥാപിത താത്പ്പര്യങ്ങളെയും കടന്നാക്രമിക്കാനുള്ള ധൈര്യം ബുദ്ധനുണ്ടായിരുന്നു.അതീത ഭൌതികമായതിനെയും ദൈവശാസ്ത്രപരമായ വീക്ഷണത്തെയും ദിവ്യാത്ഭുതങ്ങളെയും വെളിപാടുകളെയും പ്രകൃത്യാതീത ശക്തികളുമായുള്ള ഇടപാടുകളെയും അദ്ദേഹം അധിക്ഷേപിച്ചു. അദ്ദേഹം അവലംബിച്ചത് യുക്തിയെയും വിവേകത്തെയും അനുഭവത്തെയുമായിരുന്നു, അദ്ദേഹം ഉൌന്നിയത് സദാചാരത്തിന്മേലാണ്. അദ്ദേഹത്തിന്‍റെ വിശകലനം മനഃശ്ശാസ്ത്രപരമായിരുന്നു. അദ്ദേഹത്തിന്‍റെ മനോവിശകലനത്തില്‍ ആത്മാവിന് സ്ഥാനമുണ്ടായിരുന്നില്ല. അതീതഭൌതികതയുടെ അടിസ്ഥാനത്തിലുള്ള പ്രത്യൂഹങ്ങള്‍ ദുഷിപ്പിച്ച വായുവിന്‍റെ സ്ഥാനത്ത് ഗിരിപ്രദേശങ്ങളില്‍ നിന്നുയര്‍ന്ന ശുദ്ധവായു ശ്വസിക്കാന്‍ ലഭ്യമാക്കുന്ന ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്
ഇന്ന് ബുദ്ധമതം പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നു.മാനവികതയുടെ മഹാപുരുഷനെ കണ്ടെത്താന്‍ ഇനിയും ശ്രമം ആവശ്യമാണ്.യുക്തിപരമായ അടിത്തറയില്‍ നിന്നുയര്‍ന്ന ബുദ്ധമതത്തിനുപകരം വികാരപ്രധാനമായ ഭക്തി ജനമനസ്സില്‍ ഇടം നേടിയതോടെയാണ് ബുദ്ധമതത്തെ വിട്ട് അവര്‍ ഹിന്ദുമതത്തെ സ്വീകരിച്ചതെന്ന് പുസ്തകം വിലയിരുത്തുന്നു. കേരളത്തിലെ ഇടതുപക്ഷ സംസ്കാരത്തിന്‍റെയും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ സംസ്ക്കാരത്തിന്‍റെയും വേരുകള്‍ അന്വേഷിച്ചാല്‍ ബുദ്ധസിദ്ധാന്തങ്ങളില്‍ എത്തിച്ചേരുമെന്നും ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.  

സഹായഗ്രന്ഥങ്ങളുടെ സൂചിക ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഗുണം ചെയ്യും. 

Monday, July 15, 2013

The Arthshastra

അര്‍ത്ഥശാസ്ത്രം
എല്‍.എന്‍.രംഗരാജന്‍ എഡിറ്റിംഗും റീ അറേഞ്ചിംഗും നടത്തി വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച കൌടില്ല്യന്‍റെ അര്‍ത്ഥശാസ്ത്രം പെന്‍ഗ്വിന്‍ ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരണനിര്‍വ്വഹണം സംബ്ബന്ധിച്ച് കൌടില്ല്യന്‍ എഴുതിയത് വായിക്കുമ്ള്‍ ഒന്ന് നമ്മള്‍ മനസ്സിലാക്കും,രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് നാം മാറിയെങ്കിലും ഭരണകാര്യങ്ങളിലെ തുടര്‍ച്ച അത്ഭുതകരമാണ്. റവന്യൂ ശേഖരണം,നികുതി സംവിധാനം,ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലുള്ള സാമ്യത്തിനുപുറമെ അധികാര ശ്രേണികള്‍,ഇളവുകള്‍ എന്നിവയിലും സമാനതകള്‍ കാണാന്‍ കഴിയും. ഇന്നത്തെ പോലെ സുഖലോലുപരായിരുന്നു അന്നും സമ്പന്നര്‍.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം വളരെ വലുതായിരുന്നു. ചാതുര്‍ വര്‍ണ്ണ്യത്തിനുമപ്പുറം അടിമകളെപോലെ കഴിഞ്ഞ മനുഷ്യരുണ്ടായിരുന്നു എന്നതാണ് ഒരു വ്യത്യാസം. അഭിപ്രായ സ്വാതന്ത്യം ,സ്ത്രീ സ്വാതന്ത്യം തുടങ്ങി ജനാധിപത്യത്തിന്‍റെ ചില നന്മകള്‍ അന്നുണ്ടായിരുന്നില്ല എന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല.
മനുഷ്യന്‍റെ ജീവസന്ധാരണ പ്രക്രിയയാണ് അവന്‍റെ സ്വത്തെന്ന് കൌടില്ല്യന്‍ പറയുന്നു. ശക്തമായ ഖജനാവില്ലാത്ത രാജാവ് ജനങ്ങളെ കൊള്ളയടിക്കുമെന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു. ഖജനാവിലേക്ക് പണം കൃത്യമായി എത്താന്‍ സംവിധാനം വേണമെന്നും ജീവനക്കാര്‍ കൃത്യത പാലിക്കുന്നത് ഉറപ്പാക്കമമെന്നും അധികാര ദുരുപയോഗം തടയണമെന്നും കൌടില്ല്യന്‍ എഴുതിയിട്ടുണ്ട്. അര്‍ഹിക്കുന്ന ശിക്ഷകള്‍ നല്കുന്ന രാജാവിനെ ഏവരും മാനിക്കുമെന്നും ഗ്രന്ഥം പറയുന്നു. ബ്രാഹ്മണന് അനേകം സൌകര്യങ്ങള്‍ നല്കിയിരുന്ന വ്യവസ്ഥിതിയായിരുന്നു അന്നത്തേത്. ഇന്ന് സമ്പന്നര്‍ ആ ഗണത്തില്‍ എത്തിപ്പെട്ടിരിക്കുന്നു.
റോഡ് അഴുക്കാക്കുന്നവര്‍ക്ക് ഫൈന്‍ ചുമത്തിയിരുന്നു. അധികാരകേന്ദ്രങ്ങളും ചുമതലകളും കൃത്യമായി നിര്‍വ്വചിച്ചിരുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മറ്റൊരു വിശേഷം മദ്യശാലയും വ്യഭിചാരശാലയും സര്‍ക്കാര്‍ നേരിട്ടാണ് നടത്തിയിരുന്നത് എന്നതാണ്. മദ്യപിച്ചുകൊണ്ട് റോഡിലിറങ്ങാനോ യാത്ര ചെയ്യാനോ മദ്യം വീട്ടിലേക്ക് കൊണ്ടുപോകാനോ  അനുവദിച്ചിരുന്നില്ല. വേശ്യാലയ നടത്തിപ്പുകാരിക്ക് വലിയ അംഗീകാരവും ഉയര്‍ന്ന ശമ്പളവുമുണ്ടായിരുന്നു.
എന്നാല്‍ സദാചാര ചിന്തകള്‍ കര്‍ക്കശവുമായിരുന്നു. വിവാഹസമയം സ്ത്രീ കന്യകയായിരിക്കണം അല്ലെങ്കില്‍ പിഴയടക്കണം എന്ന് അര്‍ത്ഥശാസ്ത്രം നിഷ്കര്‍ഷിക്കുന്നു. ബലാല്‍സംഗത്തിന് കടുത്തശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഭരണാധികാരി പിതാവിനെപ്പോലെയാകണമെന്നും പ്രജകളെ മക്കളെ എന്നവണ്ണം നോക്കി നടത്തണമെന്നും ഉപദേശിച്ച് നന്നാക്കണമെന്നും കൌടില്ല്യന്‍ എഴുതുന്നു.
നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. വളരെ ലളിതമായും വ്യക്തതതയോടെയുമാണ് രംഗരാജന്‍ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.  


Sunday, July 14, 2013

N Mohanantae kathakal

എന്‍.മോഹനന്‍റെ   കഥകള്‍
എന്‍.മോഹനന്‍റെ  ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം 1989-ല്‍ പ്രസിദ്ധീകരിച്ചത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ്. വില 35 രൂപ.ജി.എന്‍.പണിക്കരുടെ പഠനവും ചേര്‍ത്ത് 225 പേജുള്ള സമാഹാരത്തിലെ കഥകള്‍ മിക്കവയും ലാളിത്യത്തിന്‍റെ പ്രതീകങ്ങളാണ്. കാരൂരിന്‍റെ കഥകള്‍ പോലെ മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കുന്ന കഥകള്‍ നിരവധി. മനുഷ്യബന്ധങ്ങളുടെ ഊടും പാവും വെളിവാക്കുന്നവയും  ദിവ്യപ്രണയത്തിന്‍റെ പ്രകാശം പരത്തുന്നവയുമായ കഥകള്‍. സ്വാതന്ത്യത്തിനു മുന്‍പും തുടര്‍ന്ന് അന്‍പതുകളിലും നിലനിന്ന ദാരിദ്ര്യം ,തൊഴിലില്ലായ്മ ഇവയൊക്കെ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഗവേഷണത്തിന്‍റെ ഈടുനല്കുന്ന കഥകളുണ്ട് ഇതില്‍.
ബാലവേലയ്ക്കെതിരെ നിയമം വരുന്നതിനുമുന്‍പ് , കുട്ടിക്കാലത്ത് പൂജാരിയാകേണ്ടിവന്ന ഒരുണ്ണിയുടെ കഥ പറയുന്ന കൊച്ചുതിരുമേനിയില്‍ ,അന്യം നിന്നുപോയ തൊട്ടുകൂടായ്മയുടെ പ്രേതം ഉള്ളിലുള്ള ഒരു കുട്ടിയുടെ സ്നേഹത്തിന്‍റെയും ഇഷ്ടങ്ങളുടെയും കഥയാണ് പറയുന്നത്. സ്വകാര്യ മാനേജ്മെന്‍റുകളുടെ പീഢനമേല്ക്കുന്ന കോളേജ് അധ്യാപകന്‍റെ കഥയാണ് ഒരധ്യാപകന്‍റെ മരണം. നമ്മള്‍  ആ  കാലത്തുനിന്നും ഇന്ന് എവിടെയെത്തി നില്ക്കുന്നു എന്നറിയാന്‍ ഈ കഥ വായിക്കേണ്ടതുണ്ട്. ആര്‍ക്കും വേണ്ടാതാകുന്ന അനാഥവും വേറിട്ടതുമായ ബാല്യത്തിന് സ്നേഹം നല്കുന്ന രാധയുടെ കഥയാണ് മിന്നാമിനുങ്ങ്. അതിരുകളും താത്പ്പര്യങ്ങളുമില്ലാത്ത  സ്നേഹം മോഹനന്‍ കഥകളുടെ പ്രത്യേകതയാണ്.
ഒരു കൊച്ചുകുട്ടിയുടെ വലിയ ആഗ്രഹം എന്ന കഥയില്‍ ഭാര്യഭര്‍തൃ ബന്ധത്തിന് ശൈഥില്യമുണ്ടാവാതിരിക്കാന്‍ വ്യക്തിത്വം പണയപ്പെടുത്തുന്ന ഉണ്ണിയെ നമുക്ക് കാണാം. ആരുമില്ലാത്ത  സഹോദരനെക്കാള്‍ എല്ലാമുള്ള അളിയനെ പ്രത്യേകമായി പരിഗണിക്കേണ്ടിവരുന്നതിന്‍റെ അപകര്‍ഷത തൊട്ടറിയാന്‍ കഴിയുന്ന കഥ.
ആഗ്രഹിച്ച പെണ്ണിനെ നേടാനൊരു നല്ല തൊഴില്‍, അപമാനിതമായ മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ഓട്ടം.ഒടുവില്‍ തിരികെയെത്തുമ്പോള്‍ സ്നേഹത്തിന്‍റെ പ്രതിരൂപമായ അമ്മയില്ല,കാമുകി വിവാഹിതയും.- ഇല കൊഴിഞ്ഞ കാലം പറയുന്ന കഥ. കുട്ടികളുടെ പിണക്കവും ഇണക്കവും സ്നേഹവും തുറന്നുകാട്ടുന്ന കഥയാണ് ബാലപാഠങ്ങള്‍.
നിന്‍റെ കഥ എന്‍റെയും പറയുന്നത് വെറുതെ രക്തസാക്ഷികളാകുന്ന മനുഷ്യരെകുറിച്ചാണ്. സ്വപ്നങ്ങള്‍ ചതഞ്ഞരയുന്ന സാധാരണക്കാരന്‍റെ, ഒരിരയായി മാറുന്ന വെറും മനുഷ്യന്‍റെ കഥ.ശാശ്വതമൊന്നേ ദുഃഖവും അമ്മായിയും പറയുന്നത് ബന്ധങ്ങളുടെ ശക്തി ദൌര്‍ബ്ബല്യങ്ങളാണ്. തിരുവനന്തപുരം എന്ന കഥയില്‍ ദാരിദ്ര്യത്തിന്‍റെ ഏറ്റവും ഭീകരമായ മുഖം നാം കാണുന്നു. ആ കഥയുടെ പേരില്‍ മാത്രമെ അഭിപ്രായ വ്യത്യാസമുള്ളു.
ഒരു കാലത്ത് സാധാരണമായിരുന്ന രണ്ട് വിവാഹങ്ങളും അതിലെ മക്കളും തമ്മിലുണ്ടാകുന്ന ആദ്യകാല ഇഷ്ടക്കേടും വളരുമ്പോള്‍ പകരുന്ന രക്തബന്ധ സൌഹൃദവും അനുജത്തി എന്ന കഥ വെളിപ്പെടുത്തുന്നു. പൊതുവായുള്ള മോഹനന്‍ കതകളില്‍ നിന്നും വ്യത്യസ്തമായ തലത്തിലുള്ള കഥയാണ് മിസ് മേരി തെരേസ്സ പോള്‍. നഗരജീവിതത്തിലെ പുത്തന്‍ മനഷ്യരുടെ ബന്ധങ്ങളാണ് അതില്‍ പറയുന്നത്. അഹല്യ പറയുന്നതും ബന്ധങ്ങളുടെ മനഃശ്ശാസ്ത്രമാണ്. പൂജയ്ക്കെടുക്കാത്ത പൂക്കള്‍ പിന്നീട് സിനിമയായി അവാര്‍ഡ് നേടിയ കഥയാണ്. ഒരു കാലത്ത് സ്ഥിരമായിരുന്ന ഒരു വ്യക്തിത്വമാണ് വീടിന്‍റെ ചുമതല ഏറ്റെടുക്കുന്ന മൂത്ത സഹോദരി/സഹോദരന്‍. ഒടുവില്‍ ആരുമില്ലാതെ ,വെറുക്കപ്പെട്ട് ഒരു ജന്മം.
തീവ്ര കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവം കൊണ്ടുവരാനായി ലടത്തിയ അട്ടിമറികളില്‍ എത്ര എത്ര പാവങ്ങള്‍, അവരുടെ സ്വപ്നങ്ങള്‍ ഇല്ലാതായി. വിപ്ലവം ഒട്ടുവന്നതുമില്ല. അതിന്‍റെ ചൂടുള്ള കഥയാണ് കത്താത്ത കാര്‍ത്തിക വിളക്ക്. എഴുത്തില്‍ മാറ്റം വന്ന ഒരുകാലത്ത് മോഹനന്‍റെ ശൈലിയില്‍ വന്ന മാറ്റമാണ് ഒരു കഥാപാത്രത്തിന്‍റെ കാല്‍പ്പാടുകള്‍. ബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത ലൈംഗികചോദനയുടെ പരാജയം ഇതില്‍ കാണാം. ഫാന്‍റസിയും തനിക്ക് വഴങ്ങും എന്നു കാണിക്കുന്നതാണ് ഒരു കഥ.
സര്‍ക്കാര്‍ എന്നും ഒരുപോലെയാണെന്നും ഉദ്യോഗസ്ഥരുടെ മനസ്സും കസേരയും ഈഗോയും മാറ്റമില്ലാത്തതാണെന്നും വഴി,പെരുവഴി പറയുന്നു. ജന്മിത്തം ഇല്ലാതാക്കാന്‍ മാവോവാദികള്‍ ചൈനയില്‍ കാട്ടിയ ക്രൂരതകളുടെ മറ്റൊരു രൂപം കേരളത്തില്‍ അരങ്ങേറിയതിന്‍റെ കഥയാണ് നരകത്തിലേക്കുള്ള വഴിയില്‍ പറയുന്നത്. മോഹനന്‍റെ തീക്ഷ്ണമായ കഥാപശ്ചാത്തലങ്ങളില്‍ നിന്നും വേറിട്ടുള്ള ഒന്നാണ് രസകരമായ തമാശകള്‍ നിറഞ്ഞ ഒരു ത്യാഗത്തിന്‍റെ ഇതിഹാസം.
ടിബറ്റുകാരുടെ വിശ്വാസങ്ങളുടെ മുറുക്കം അതിലളിതമായി കാണുന്ന ഒരു പത്രപ്രവര്‍ത്തകന്‍റെ സമീപനം വരുത്തിവയ്ക്കുന്ന ദുരന്തമാണ് ടിബറ്റിന്‍റെ വഴിയില്‍ പ്രതിപാദിക്കുന്നത്.

കഥാപരിസരത്തിന്‍റെ വര്‍ണ്ണന,ഹൃദയം വിങ്ങുന്ന സംഭാഷണം ഒക്കെ ചേര്ന്ന് എന്‍.മോഹനന്‍ കഥകള്‍ നമുക്ക് ഒരു വായനാവിരുന്ന് നല്കുന്നു.   

Thursday, July 4, 2013

anuradhayum muttathuvarkyum

അനുരാധയും മുട്ടത്തുവര്‍ക്കിയും
കൊല്ലം ആരോ ബുക്സ് പ്രസിദ്ധീകരിച്ച ഉണ്ണികൃഷ്ണന്‍  ഉളിയക്കോവിലിന്‍റെ ചെറുകഥകളുടെ സമാഹാരമാണ് അനുരാധയും മുട്ടത്തുവര്‍ക്കിയും. രാമചന്ദ്രാ,ഇത് തീക്കളിയാണ്,സുശീലയുടെ ദഃഖം,മഞ്ഞില്‍ നനയാത്ത പൂവുകള്‍,മൌനത്തിന്‍റെ നിറം,ആരവം,അശ്രദ്ധ,സര്‍പ്പസത്യം,അശാന്തിയുടെ ശാന്തിക്കാരന്‍,ചുവന്ന സ്മാരകം,അനുരാധയും മുട്ടത്തുവര്‍ക്കിയും, മൂഷിക പുരാണം,അനഘയുടെ യാത്രകള്‍ എന്നിവയാണ് കഥകള്‍. ബി.ആര്‍.പ്രസന്നകുമാര്‍ വളരെ വിശദമായ ഒരാസ്വാദനക്കുറിപ്പും എഴുതിയിട്ടുണ്ട്.വായനക്കാര്‍ കാണാത്ത പല തലങ്ങളും അര്‍ത്തങ്ങളും സൃഷ്ടിക്കാന്‍ ആസ്വാദകന് കഴിഞ്ഞിട്ടുണ്ട്. വളരെ ലളിതമായി കഥ പറയാനുള്ള ഒരു ഭാഷ ഉണ്ണികൃഷ്ണനുണ്ട്.ദുരൂഹതകളില്ലാതെ മനഃശ്ശാസ്ത്രപരമായ അപഗ്രഥനങ്ങള്‍ കഥകളില്‍ നടത്തുന്നുണ്ട്. ഭാര്യാ ഭര്‍തൃബന്ധത്തിന്‍റെ തീഷ്ണത, കാമുകീകാമുക ബന്ധത്തിന്‍റെ ഊഷ്മളത, നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുമ്പോള്‍ അതംഗീകരിക്കുന്ന മനുഷ്യന്‍റെ നിര്‍മ്മമത  ഒക്കെ കഥകളില്‍ കാണാവുന്നതാണ്. ചില സ്വാനുഭവ സാക്ഷ്യങ്ങളും ഉല്‍പ്പെടുന്നു കഥകളില്‍. ഒരു യാത്രയില്‍ വായിച്ചു തീര്‍ക്കാവുന്ന കഥകള്‍. സമാഹാരത്തിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഒരു തികഞ്ഞ പൈങ്കിളിയാണ് എന്നു കരുതുന്ന വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു കച്ചവടതന്ത്രം പ്രസാധകര്‍  ഇതില്‍  ഉപയോഗപ്പെടുത്തിയിരിക്കുന്നു

Tuesday, July 2, 2013

DEATH AT INTERVALS

DEATH  AT  INTERVALS

മരണം  മാറുന്ന  ഇടനേരത്ത്

പോര്‍ച്ചുഗീസ് നോവലിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനാണ് നോബല്‍ ജേതാവ് ഷൂസെ സരമാഗു. അദ്ദേഹത്തിന്‍റെ Death  at Intervals എന്ന നോവല്‍ ജോളി വര്‍ഗ്ഗീസ് വിവര്‍ത്തനം ചെയ്ത് ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ രസകരവും എന്നാല്‍ ചിന്തയെ ഉണര്‍ത്തി വിടുന്നതുമായ ഒരു നോവലാണിത്.  ഒരു പ്രദേശത്ത് മരണം കുറേ കാലം അവധിയില്‍ പ്രവേശിക്കുന്നത് ഒന്നോര്‍ത്തു നോക്കുക.അപകടം പിണഞ്ഞവരും വെന്‍റിലേറ്ററിലുള്ളവരുമൊക്കെ ചതഞ്ഞും അരഞ്ഞും വരാത്ത മരണത്തെ കാക്കുന്ന അവസ്ഥ. അവരെ നോക്കാന്‍ നിര്‍ബ്ബന്ധിതരാകുന്ന ബന്ധുക്കള്‍,ഭരണകൂടം. ജനസംഖ്യയില്‍ രോഗികളുടെയും ഒന്നിനും കൊള്ളാത്തവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിന്‍റെ ഭീകരത. തുടര്‍ന്ന് ഒറ്റ ദിവസം ഇവരെല്ലാം മരണം കൈയ്യേല്ക്കുന്നതിന്‍റെ മറ്റൊരു  ബീഭല്‍സത. അവിടെ നിന്നും മരണം എന്ന സ്ത്രീ തന്നെ തോല്പ്പിച്ച ചെല്ലോയിസ്റ്റിനെ കണ്ടെത്തുന്നു. അവരുടെ പകയും സ്നേഹവും അസൂയയും  കലരുകയാണ് നോവലില്‍. തികച്ചും വ്യത്യസ്തമായ ഒരിടപെടലാണ് സരമാഗു നിര്‍വ്വഹിക്കുന്നത്.
ഒരു കഥ പറയുന്നതിലുപരി മരണത്തെ അതിന്‍റെ സാംസ്ക്കാരിക സാമൂഹിക മനഃശ്ശാസ്ത്ര മേഖലകളിലൂടെ സമീപിക്കുന്ന നോവല്‍ എന്ന നിലയില്‍ രചനാ ഘടനയിലും ഒരു വേറിട്ടു നില്പ്പ് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഇടയ്ക്ക് മുഷിവ് തോന്നാമെങ്കിലും ഗൌരവ വായന അര്‍ഹിക്കുന്നതാണ് രചന. ചില പേജുകള്‍ വായിക്കാതെ പോയാലും പദാനുപദം വായിച്ചിട്ടില്ലെങ്കിലും ഇടവേളകളില്‍ എന്താണ് സംഭവിച്ചിരിക്കുക എന്നത് വായനക്കാരന് ബോധ്യമാകും. മൊഴിമാറ്റം ദോഷം ചെയ്തിട്ടുണ്ടോ എന്നറിയണണെങ്കില്‍ ഒറിജിനല്‍ വായിക്കേണ്ടതുണ്ട്. മരണം ഒളിച്ചുകളിക്കുമ്പോള്‍ എന്ന ടൈറ്റിലാണ് എനിക്ക് ഉചിതമായി തോന്നിയത്. 

Saturday, April 6, 2013

JULIO RIBEIRO- BULLET FOR BULLET



ബുള്ളറ്റ്  ഫോര്‍ ബുള്ളറ്റ്

പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച ജുലിയോ റിബെയ്റോയുടെ ആത്മകഥയാണ് ബുള്ളറ്റ് ഫോര്‍ ബുള്ളറ്റ്-മൈ ലൈഫ് അസ് എ പോലീസ് ഓഫീസര്‍. മഹാത്മാഗാന്ധിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ വളരെ അപൂര്‍വ്വം ആത്മകഥകളിലെ അത്മപ്രശംസ തീരെ ഇല്ലാതെയുള്ളു. ഉദ്യോഗസ്ഥരുടെ രചനകളില്‍ ആത്മപ്രശംസയുടെ അളവ് കൂടിയിരിക്കും. എന്നാല്‍ റിബെയ്റോ ആത്മപ്രശംസ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്  എന്നത് അഭിനന്ദനാര്‍ഹമാണ്. എന്നുമാത്രമല്ല ലളിതമായ ഭാഷയില്‍ അനുഭവങ്ങളും തത്വചിന്തകളും ചേര്‍ത്ത് ഒരു നോവല്‍ പോലെ വായിക്കാവുന്നവിധമാണ് അദ്ദേഹം സ്വന്തം കഥ പറയുന്നത്. ഐപിഎസ്സില്‍ ജോയിന്‍ ചെയ്ത കാലം മുതലുള്ള സര്‍വ്വീസ് സ്റ്റോറി ,പോലീസും രാഷ്ട്രീയക്കാരും അധോലോകവുമായുള്ള ബന്ധം,സത്യസന്ധതയും ആത്മാര്‍ത്ഥതയുമുള്ള പോലീസ്സുകാര്‍ മുതല്‍ ഏറ്റവും ഹീനരായ പോലീസ്സുകാര്‍ വരെ സര്‍വ്വീസിലുള്ളവരെ കുറിച്ചുള്ള വിലയിരുത്തലുകള്‍,ജനക്കൂട്ടത്തെ കൈകാര്യം ചെയ്യേണ്ട രീതികള്‍, പ്രശ്ന പരിഹാരത്തില്‍ കമ്മ്യൂണിക്കേഷനുള്ള ശക്തി എന്നിവ നന്നായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. ബോംബെയില്‍ ശിവസേനയുടെ വളര്‍ച്ച,അധോലോകത്തിന്‍റെ ആധിപത്യം,പഞ്ചാബിലെ ഭീകരപ്രവര്‍ത്തനത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും എല്ലാം വിശദീകരിക്കുന്ന ഈ പുസ്തകം ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്‍റെ കഥ പറയുന്നു എന്നു പറയാം.
തീര്‍ത്തും വായന അര്‍ഹിക്കുന്ന പുസ്തകം, പ്രത്യേകിച്ചും പോലീസ് സര്‍വ്വീസിലുള്ളവര്‍ വായിച്ചിരിക്കേണ്ട പുസ്തകമെന്ന് എടുത്തുപറയാം.  

Wednesday, March 20, 2013

netoor madam by Malayatoor


മലയാറ്റൂര്രാമകൃഷ്ണന്റെ പ്രസിദ്ധമായ നോവലാണ് നെട്ടൂര്മഠം. ബ്രാഹ്മണ സമൂഹത്തിലെ ശരി തെറ്റുകളും ജീവിത രീതികളും സാമൂഹിക മാറ്റങ്ങളും പ്രതിപാദിക്കുന്ന നോവല്‍ 399 പേജുകളിലായാണ് നിറയുന്നത്. കലാകൌമുദിയിലാണ് സീരിയലൈസ് ചെയ്തതെന്നാണ് ഓര്മ്മ. അന്ന് തുടര്ച്ചയായി വായിച്ചുവോ എന്നറിയില്ല,എങ്കിലും അന്നേ ചര്ച്ച ചെയ്യപ്പെട്ട നോവലാണ് നെട്ടൂര്മഠം. ഗോവിന്ദന്‍ ,അന്നപൂര്ണ്ണി എന്നീ വേറിട്ട ചിന്തകളുള്ള ഭാര്യാ ഭര്ത്താക്കന്മാരും പിച്ചന്എന്ന വിപ്ലവകാരിയായ പട്ടരും വാസുദേവ അയ്യരും  കഥയില്ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. ബ്രാഹ്മണ സമൂഹത്തില്നാം കേട്ടും കണ്ടും അറിഞ്ഞ സഹനത്തിന്റെ മുദ്രയുള്ള ശിവകാമി എന്ന നന്മയുടെ പ്രതീകവും പ്രതാപത്തിന്റെ ഉയര്ച്ചയും താഴ്ചയുടെ ഗര്ത്തവും കണ്ട ദൊരസാമി ദീക്ഷിതരും ഉപകഥാപാത്രങ്ങളായ ശാമു അയ്യരും വിച്ചുവും എച്ചുമിയും ഒക്കെ ചേര്ന്നാണ് കഥ കൊണ്ടുപോകുന്നത്. നെട്ടൂര്മഠം കഥയിലെ കേന്ദ്രമല്ലെങ്കിലും  നോവലിന് പേരിട്ടതിന് കാരണം എന്തെന്നറിയില്ല.
മൂന്നു തലമുറകളുടെ കഥ പറയുന്ന  നോവല്ഇപ്പോള്വായിക്കുമ്പോള്ഒരെഡിറ്ററുടെ കത്രിക അറിയാതെ വിടരുന്നു. സത്യത്തില്പ്രസിദ്ധീകരിക്കും മുന്പ്  ഓരോ രചനയ്ക്കും എഡിറ്റിംഗ് ആവശ്യമാണെന്ന് ഞാന്വിശ്വസിക്കുന്നു. ചാനലുകാര്തീരെ മോശമായ കഥകളാണ്  സീരിയലൈസ് ചെയ്യുന്നത് ഇത് അവസാനിപ്പിച്ച് ഇത്തരം നോവലുകള്സീരിയലുകളാക്കിയിരുന്നെങ്കില്എന്നും ആഗ്രഹിച്ചു പോയി