Sunday, May 24, 2015

chuzhikku pinpae chuzhi

ചുഴിക്ക്  പിമ്പേ ചുഴി

ഉറൂബ് എഴുതിയ  ഒരു ലഘു നോവലാണ്  ചുഴിക്ക് പിമ്പേ ചുഴി. ശേഖരന്‍ എന്ന കോളേജ് ലക്ചറര്‍,ഭാര്യ ലക്ഷ്മി,സഹോദരി ഇന്ദിര, ശേഖരന്‍റെ സുഹൃത്തായ കവി,കല്പ്പണിക്കാരനും സഹൃദയനുമായ പെരച്ചന്‍,ഇന്ദിരയുടെ കൂട്ടുകാരി സാറാമ്മ,കോളേജിലെ ഗോപി മാസ്റ്റര്‍, വിവാഹാലോചനയുമായി വരുന്ന സുകുമാരന്‍,മാത്ത്സ് അയ്യര്‍ എന്ന സ്കൂള്‍ മാസ്റ്റര്‍,ശേഖരന്‍റെ മകന്‍ മോഹനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. നിയതമായ ജീവിതചര്യകള്‍ക്കപ്പുറത്ത് ജീവിക്കുന്ന കവിയുടെ ,ശേഖരനെ കാണാനുള്ള വരവിലാണ് കഥ തുടങ്ങുന്നത്. അവരുടെ കണ്ടുമുട്ടലും വര്‍ത്തമാനവുമെല്ലാം ദാര്‍ശനിക തലത്തിലുള്ളതാണ്. തുടര്‍ന്ന് ചുമടെടുത്ത് സഹായിക്കുന്ന പെരച്ചന്‍,ശക്തമായ വ്യക്തിത്വമുള്ള ഇന്ദിര എന്നിവരിലൂടെ കഥ വളരുമ്പോള്‍ ആദ്യം തോന്നിയ ആസ്വാദന സുഖം എവിടെയോ ചോര്‍ന്നുപോയപോലെ തോന്നി. ജീവിതത്തെ ഓരോരുത്തരും ഓരോ നിലയില് കാണുന്നതിന്‍റെ കൃത്യമായ ഫ്രെയിമുകളിലൂടെയാണ് കഥ തുടരുന്നത്. മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടെന്നുവയ്ക്കുന്ന സ്ത്രീകഥാപാത്രങ്ങളില്‍ മറ്റൊരുവളായി ഇന്ദിര മാറുന്നിടത്ത് കഥ അവസാനിക്കുന്നു. പുസ്തകം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്  പൂര്‍ണ്ണ ബുക്ക്സാണ്.