ബൌദ്ധസ്വാധീനം
കേരളത്തില്‍
കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്ന പവനനും
മകന്‍ സി.പി.രാജേന്ദ്രനും ചേര്‍ന്നെഴുതിയ ഗ്രന്ഥമാണ് ബൌദ്ധസ്വാധീനം കേരളത്തില്‍.
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പുസ്തകമാണിത്. ബുദ്ധന്‍,ബുദ്ധമതം,ബുദ്ധസന്ന്യാസിമാര്‍
എന്നിവരെകുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏതാണ്ടെല്ലാ പുസ്തകങ്ങളും ഈ
ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഈ വിഷയത്തില്‍ തുടര്‍പഠനം നടത്താന്‍
ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ ശ്രമം. കേരളത്തിലും
തമിഴ്നാട്ടിലും ശൈവമതക്കാര്‍ പൂര്‍ണ്ണമായും നശിപ്പിച്ചുകളഞ്ഞ അഞ്ഞൂറുവര്‍ഷത്തെ
ബുദ്ധമതസ്വാധീനം വെളിപ്പെടുത്താന്‍ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എത്ര
നശിപ്പിച്ചാലും ഒരു തെളിവെങ്കിലും ബാക്കിയിടുമെന്നുപറയും പോലെ സൂചനകളും
അവശിഷ്ടങ്ങളും ബുദ്ധമതസ്വാധീനം വിളിച്ചറിയിക്കുന്നു.അച്ഛന്‍ പാതിവഴി ഉപേക്ഷിച്ച
പദ്ധതി പൂര്‍ത്തിയാക്കിയ മകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
മലയാള സാഹിത്യത്തിലെ ബുദ്ധസങ്കല്‍പ്പങ്ങള്‍ സംബ്ബന്ധിച്ച ഒന്നാം ഭാഗം
ശ്രീ.പവനന്‍റെ ഗൌരവമേറിയ വായനയുടെ പ്രതിഫലനമാണ്. കുമാരനാശാന്‍റെ രചനകളിലെ
ബുദ്ധസ്വാധീനത്തെക്കുറിച്ച് പവനന്‍ ഏറെ പറയുന്നുണ്ട്. “രണ്ടായിരത്തിയഞ്ഞൂറ്
സംവത്സരം മുന്‍പ് ഈ ആര്യാവര്‍ത്തത്തില്‍ ഭഗവാന്‍ ഗൌതമബുദ്ധനും അദ്ദേഹം സ്ഥാപിച്ച
സംഘവും സമ്മാനിച്ച അമൂല്യമായ പ്രബോധനങ്ങളും നിയമാവലിയും എല്ലാ ആധുനിക മതങ്ങളുടെയും
വളര്‍ച്ചയെയും പരിണാമത്തെയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നത്
നിസ്തര്‍ക്കമാണ്. ബുദ്ധമതത്തിന്‍റെ പരമോന്നതങ്ങളായ തത്വങ്ങളും ധാര്‍മ്മിക സങ്കല്‍പ്പങ്ങളും
മനുഷ്യരാശിയുള്ളിടത്തോളം പണ്ഡിതന്മാരെ ആഹ്ലാദിപ്പിച്ചും അത്ഭുതപ്പെടുത്തിയും
എണ്ണമറ്റ ആത്മാക്കള്‍ക്ക് സന്തോഷവും സമാധാനവും പ്രധാനം ചെയ്തും
വിരാജിച്ചുകൊണ്ടിരിക്കും “,ആശാന്‍റെ ഈ വാക്കുകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകും
എന്നതില്‍ സംശയമില്ല. ഇന്ത്യയെ കണ്ടെത്തലില്‍ നെഹ്റു ഇതിന് പൂര്‍ണ്ണത നല്കുന്നു. “ജനപ്രിയമാര്‍ജ്ജിച്ച മതങ്ങളെയും അവയെ പിടിച്ചുതൂങ്ങിക്കിടക്കുന്ന
അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും പൌരോഹിത്യത്തെയും മറ്റു വ്യത്യസ്ത സ്ഥാപിത
താത്പ്പര്യങ്ങളെയും കടന്നാക്രമിക്കാനുള്ള ധൈര്യം ബുദ്ധനുണ്ടായിരുന്നു.അതീത
ഭൌതികമായതിനെയും ദൈവശാസ്ത്രപരമായ വീക്ഷണത്തെയും ദിവ്യാത്ഭുതങ്ങളെയും
വെളിപാടുകളെയും പ്രകൃത്യാതീത ശക്തികളുമായുള്ള ഇടപാടുകളെയും അദ്ദേഹം അധിക്ഷേപിച്ചു.
അദ്ദേഹം അവലംബിച്ചത് യുക്തിയെയും വിവേകത്തെയും അനുഭവത്തെയുമായിരുന്നു, അദ്ദേഹം
ഉൌന്നിയത് സദാചാരത്തിന്മേലാണ്. അദ്ദേഹത്തിന്‍റെ വിശകലനം മനഃശ്ശാസ്ത്രപരമായിരുന്നു.
അദ്ദേഹത്തിന്‍റെ മനോവിശകലനത്തില്‍ ആത്മാവിന് സ്ഥാനമുണ്ടായിരുന്നില്ല.
അതീതഭൌതികതയുടെ അടിസ്ഥാനത്തിലുള്ള പ്രത്യൂഹങ്ങള്‍ ദുഷിപ്പിച്ച വായുവിന്‍റെ
സ്ഥാനത്ത് ഗിരിപ്രദേശങ്ങളില്‍ നിന്നുയര്‍ന്ന ശുദ്ധവായു ശ്വസിക്കാന്‍ ലഭ്യമാക്കുന്ന
ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്“
ഇന്ന് ബുദ്ധമതം
പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നു.മാനവികതയുടെ മഹാപുരുഷനെ കണ്ടെത്താന്‍
ഇനിയും ശ്രമം ആവശ്യമാണ്.യുക്തിപരമായ അടിത്തറയില്‍ നിന്നുയര്‍ന്ന ബുദ്ധമതത്തിനുപകരം
വികാരപ്രധാനമായ ഭക്തി ജനമനസ്സില്‍ ഇടം നേടിയതോടെയാണ് ബുദ്ധമതത്തെ വിട്ട് അവര്‍
ഹിന്ദുമതത്തെ സ്വീകരിച്ചതെന്ന് പുസ്തകം വിലയിരുത്തുന്നു. കേരളത്തിലെ ഇടതുപക്ഷ
സംസ്കാരത്തിന്‍റെയും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ സംസ്ക്കാരത്തിന്‍റെയും
വേരുകള്‍ അന്വേഷിച്ചാല്‍ ബുദ്ധസിദ്ധാന്തങ്ങളില്‍ എത്തിച്ചേരുമെന്നും ഗ്രന്ഥകാരന്‍
പറയുന്നുണ്ട്.
സഹായഗ്രന്ഥങ്ങളുടെ സൂചിക ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഗുണം
ചെയ്യും.