ഡോണ്‍
ശാന്തമായൊഴുകുന്നു
പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ മിഖായേല്‍ ഷോളഖോവിന്‍റെ “
ഡോണ്‍ ശാന്തമായൊഴുകുന്നു “എന്ന കൃതി സാര്‍ ചക്രവര്‍ത്തിയുടെ
കാലം,ഒന്നാം ലോക മഹായുദ്ധം,യുദ്ധത്തെത്തുടര്‍ന്നുള്ള ആഭ്യന്നതര യുദ്ധം
എന്നിവയിലൂടെ കടന്നുപോകുന്ന പ്രസിദ്ധമായ നോവലാണ്. രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം
ഗ്രാമത്തിലെ കര്‍ഷക ജീവിതം,പ്രണയം,കലഹം,പക,ക്രൂരത എന്നിവയൊക്കെയും മനോഹരമായി
ചിത്രീകരിക്കുന്ന ഒരു രചനയാണിത്.
നോവലിന്‍റെ ആദ്യ ഭാഗങ്ങള്‍ ഡോണ്‍ നദിയുടെ
തീരത്തുള്ള ഗ്രാമത്തിന്‍റെ മനോഹരമായ വിവരണത്തിലൂടെയും അവിടത്തെ കര്‍ഷക ജീവിതത്തിന്‍റെ
വര്‍ണ്ണനകളിലൂടെയും അതീവഹൃദ്യമായ ഒരനുഭവം വായനക്കാരന് നല്കുന്നു. മിഖായല്‍
1928ലാണ് “And Quiet Flows The Don” എഴുതിയത്. ഒക്ടോബര്‍
വിപ്ലവത്തിനെ തുടര്‍ന്നുണ്ടായ ഭീകരമായ സഹനത്തിന്‍റെ കഥയാണ് അവസാനഭാഗം.
ആത്മകഥാംശം നിലനില്ക്കുന്ന ഒരു നോവലാണിത്. ഡോണ്‍
സമതലത്തിലെ വിയഷെന്‍സ്കാ ഗ്രാമത്തിലാണ് മിഖായേല്‍ 1905ല്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ
അമ്മവീട്ടുകാര്‍ ടര്‍ക്കിയില്‍ നിന്നുള്ള യുദ്ധത്തടവുകാരായിരുന്നു. ഒന്നാം
ലോകമഹായുദ്ധകാലത്തെ ജര്‍മ്മനാക്രമണം താറുമാറാക്കിയ വിദ്യാഭ്യാസം,തുടര്‍ന്ന്
യുദ്ധത്തിലുള്ള സജീവ ഇടപെടല്‍, പതിനാറാം വയസ്സില്‍ സമരത്തിനിറങ്ങി. ഒക്ടോബര്‍
വിപ്ലവത്തിന് ശേഷം നടന്ന ആഭ്യന്തര കലാപകാലത്ത് ലഹളക്കാരെ അടിച്ചമര്‍ത്താനും
മിഖായല്‍ ഉണ്ടായിരുന്നു. ഡോണ്‍ കൊസാക്കുകളുടെ ജീവിതമാണ് നോവലിന്‍റെ തന്തു. 14 വര്‍ഷം
കൊണ്ടാണ് രചന നടത്തിയത്. വിപ്ലവകാലത്ത് പെട്രോഗ്രാഡിനെതിരായി നടന്ന ആക്രമണങ്ങളില്‍
കൊസാക്കുകളുടെ പങ്കാളിത്തം നന്നായി ചിത്രീകരിച്ചിട്ടുണ്ട് നോവലില്‍. റഷ്യയുടെയും
ടാര്‍ട്ടാര്‍ ഭൂമികളുടെയും ഇടയിലെ തര്‍ക്കഭൂമിയില്‍
ഇരുകൂട്ടര്‍ക്കും വഴങ്ങാതെ ,സൌകര്യം കിട്ടുന്നവരെ കൊള്ളയടിച്ചുകൊണ്ട്
സ്വതന്ത്രരായി വിഹരിച്ചിരുന്ന സമൂഹമാണ് കൊസാക്കുകള്‍.ശത്രുവിനെ നേരിടാന്‍ അതിസമര്‍ത്ഥരായിരുന്നു
ഇവര്‍.എന്നാല്‍ സ്വതന്ത്രചിന്താഗതിക്കാരായ ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്ന
സാഹചര്യത്തില്‍ സര്‍ക്കാര്‍ അമര്‍ച്ച ചെയ്തു. പലരേയും നാടുകടത്തി.സാമൂഹ്യസമത്വം
നഷ്ടപ്പെട്ട ഇവരുടെയിടയില്‍ ജന്മിത്വസമ്പ്രദായം നിലവില്‍ വന്നു. സാധാരണ
കൊസാക്കുകള്‍ കൂലിപ്പാട്ടാളക്കാരായി മാറി. പൊതു ഉടമയിലുള്ള ഭൂമിയില്‍
കൃഷിചെയ്യുന്നതിന് ഇവര്‍ക്ക് നികുതി കൊടുക്കേണ്ടിയിരുന്നില്ല. പകരം
അടിയന്തിരഘട്ടങ്ങളില്‍ യുദ്ധം ചെയ്യാന്‍ പോകേണ്ടിവന്നു. ജനകീയ പ്രക്ഷോഭങ്ങള്‍
അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കൊസാക്കുകളെ ഉപയോഗിച്ചു . 1905ലും 1914-18ലും നടന്ന
യുദ്ധങ്ങള്‍ കഥാകാരന്‍ വിവരിക്കുന്നുണ്ട്.
ഗ്രിഗര് മെല്‍ക്കോവും സ്റ്റീഫന്‍റെ ഭാര്യയായ
അക്സീനിയയും തമ്മിലുള്ള പ്രേമമാണ് നോവലിന്‍റെ നട്ടെല്ല്. അവസാനഭാഗത്ത് പ്രണയം
യുദ്ധത്തിന് വഴിമാറുന്നു. 1914-1917ലെ റൂസ്സോ-ജര്‍മ്മന്‍ സമരവും തുടര്‍ന്നുണ്ടായ
ഒക്ടോബര്‍ വിപ്ലവും 1918-21ലെ ആഭ്യന്തര സമരവുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. മലയാളി
വായനക്കാര്‍ക്ക് അപരിചിതമായ ഒരു മേഖലയില്‍ നടന്ന യുദ്ധം എന്ന നിലയില്‍ ഈ ഭാഗം
വായിച്ചു മനസ്സിലാക്കാന്‍ കുറച്ചുപ്രയാസമാണ്.
1941ല്‍ നാസികള്‍ റഷ്യ ആക്രമിച്ചപ്പോള്‍ ഒരു
സമരലേഖകനായി ഷൊളോഖോവ് മുന്നണിയിലുണ്ടായിരുന്നു. ഗ്രാമവസതിയില്‍ താമസിച്ചിരുന്ന
സ്വമാതാവ് ,ശത്രുവിന്‍റെ ബോംബിനിരയായ വസ്തുത സമരമുഖത്തുവച്ചാണ് അദ്ദേഹം
അറിയുന്നത്. അതെല്ലാം നോവലിന്‍റെ രചന തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നായാട്ടും മീന്‍പിടുത്തവും ഗ്രാമീണ ജീവിതവും
സഹജീവിസ്നേഹവും ഒത്തുചേര്‍ന്ന എഴുത്തുകാരന്‍റെ ,രചനയിലും അവയുടെ വിവരണങ്ങള്‍
നമുക്ക് കാണാന്‍ കഴിയും.
മാത്യൂ ലൂക്കാണ് വിവര്‍ത്തനം
ചെയ്തിരിക്കുന്നത്. പുതിയ കാല വിവര്‍ത്തനങ്ങളേക്കാള് മനോഹരമാണ് ലൂക്കിന്‍റെ രചനാ രീതി. സാഹിത്യ
പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
