Sunday, July 14, 2013

N Mohanantae kathakal

എന്‍.മോഹനന്‍റെ   കഥകള്‍
എന്‍.മോഹനന്‍റെ  ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം 1989-ല്‍ പ്രസിദ്ധീകരിച്ചത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ്. വില 35 രൂപ.ജി.എന്‍.പണിക്കരുടെ പഠനവും ചേര്‍ത്ത് 225 പേജുള്ള സമാഹാരത്തിലെ കഥകള്‍ മിക്കവയും ലാളിത്യത്തിന്‍റെ പ്രതീകങ്ങളാണ്. കാരൂരിന്‍റെ കഥകള്‍ പോലെ മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കുന്ന കഥകള്‍ നിരവധി. മനുഷ്യബന്ധങ്ങളുടെ ഊടും പാവും വെളിവാക്കുന്നവയും  ദിവ്യപ്രണയത്തിന്‍റെ പ്രകാശം പരത്തുന്നവയുമായ കഥകള്‍. സ്വാതന്ത്യത്തിനു മുന്‍പും തുടര്‍ന്ന് അന്‍പതുകളിലും നിലനിന്ന ദാരിദ്ര്യം ,തൊഴിലില്ലായ്മ ഇവയൊക്കെ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഗവേഷണത്തിന്‍റെ ഈടുനല്കുന്ന കഥകളുണ്ട് ഇതില്‍.
ബാലവേലയ്ക്കെതിരെ നിയമം വരുന്നതിനുമുന്‍പ് , കുട്ടിക്കാലത്ത് പൂജാരിയാകേണ്ടിവന്ന ഒരുണ്ണിയുടെ കഥ പറയുന്ന കൊച്ചുതിരുമേനിയില്‍ ,അന്യം നിന്നുപോയ തൊട്ടുകൂടായ്മയുടെ പ്രേതം ഉള്ളിലുള്ള ഒരു കുട്ടിയുടെ സ്നേഹത്തിന്‍റെയും ഇഷ്ടങ്ങളുടെയും കഥയാണ് പറയുന്നത്. സ്വകാര്യ മാനേജ്മെന്‍റുകളുടെ പീഢനമേല്ക്കുന്ന കോളേജ് അധ്യാപകന്‍റെ കഥയാണ് ഒരധ്യാപകന്‍റെ മരണം. നമ്മള്‍  ആ  കാലത്തുനിന്നും ഇന്ന് എവിടെയെത്തി നില്ക്കുന്നു എന്നറിയാന്‍ ഈ കഥ വായിക്കേണ്ടതുണ്ട്. ആര്‍ക്കും വേണ്ടാതാകുന്ന അനാഥവും വേറിട്ടതുമായ ബാല്യത്തിന് സ്നേഹം നല്കുന്ന രാധയുടെ കഥയാണ് മിന്നാമിനുങ്ങ്. അതിരുകളും താത്പ്പര്യങ്ങളുമില്ലാത്ത  സ്നേഹം മോഹനന്‍ കഥകളുടെ പ്രത്യേകതയാണ്.
ഒരു കൊച്ചുകുട്ടിയുടെ വലിയ ആഗ്രഹം എന്ന കഥയില്‍ ഭാര്യഭര്‍തൃ ബന്ധത്തിന് ശൈഥില്യമുണ്ടാവാതിരിക്കാന്‍ വ്യക്തിത്വം പണയപ്പെടുത്തുന്ന ഉണ്ണിയെ നമുക്ക് കാണാം. ആരുമില്ലാത്ത  സഹോദരനെക്കാള്‍ എല്ലാമുള്ള അളിയനെ പ്രത്യേകമായി പരിഗണിക്കേണ്ടിവരുന്നതിന്‍റെ അപകര്‍ഷത തൊട്ടറിയാന്‍ കഴിയുന്ന കഥ.
ആഗ്രഹിച്ച പെണ്ണിനെ നേടാനൊരു നല്ല തൊഴില്‍, അപമാനിതമായ മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ഓട്ടം.ഒടുവില്‍ തിരികെയെത്തുമ്പോള്‍ സ്നേഹത്തിന്‍റെ പ്രതിരൂപമായ അമ്മയില്ല,കാമുകി വിവാഹിതയും.- ഇല കൊഴിഞ്ഞ കാലം പറയുന്ന കഥ. കുട്ടികളുടെ പിണക്കവും ഇണക്കവും സ്നേഹവും തുറന്നുകാട്ടുന്ന കഥയാണ് ബാലപാഠങ്ങള്‍.
നിന്‍റെ കഥ എന്‍റെയും പറയുന്നത് വെറുതെ രക്തസാക്ഷികളാകുന്ന മനുഷ്യരെകുറിച്ചാണ്. സ്വപ്നങ്ങള്‍ ചതഞ്ഞരയുന്ന സാധാരണക്കാരന്‍റെ, ഒരിരയായി മാറുന്ന വെറും മനുഷ്യന്‍റെ കഥ.ശാശ്വതമൊന്നേ ദുഃഖവും അമ്മായിയും പറയുന്നത് ബന്ധങ്ങളുടെ ശക്തി ദൌര്‍ബ്ബല്യങ്ങളാണ്. തിരുവനന്തപുരം എന്ന കഥയില്‍ ദാരിദ്ര്യത്തിന്‍റെ ഏറ്റവും ഭീകരമായ മുഖം നാം കാണുന്നു. ആ കഥയുടെ പേരില്‍ മാത്രമെ അഭിപ്രായ വ്യത്യാസമുള്ളു.
ഒരു കാലത്ത് സാധാരണമായിരുന്ന രണ്ട് വിവാഹങ്ങളും അതിലെ മക്കളും തമ്മിലുണ്ടാകുന്ന ആദ്യകാല ഇഷ്ടക്കേടും വളരുമ്പോള്‍ പകരുന്ന രക്തബന്ധ സൌഹൃദവും അനുജത്തി എന്ന കഥ വെളിപ്പെടുത്തുന്നു. പൊതുവായുള്ള മോഹനന്‍ കതകളില്‍ നിന്നും വ്യത്യസ്തമായ തലത്തിലുള്ള കഥയാണ് മിസ് മേരി തെരേസ്സ പോള്‍. നഗരജീവിതത്തിലെ പുത്തന്‍ മനഷ്യരുടെ ബന്ധങ്ങളാണ് അതില്‍ പറയുന്നത്. അഹല്യ പറയുന്നതും ബന്ധങ്ങളുടെ മനഃശ്ശാസ്ത്രമാണ്. പൂജയ്ക്കെടുക്കാത്ത പൂക്കള്‍ പിന്നീട് സിനിമയായി അവാര്‍ഡ് നേടിയ കഥയാണ്. ഒരു കാലത്ത് സ്ഥിരമായിരുന്ന ഒരു വ്യക്തിത്വമാണ് വീടിന്‍റെ ചുമതല ഏറ്റെടുക്കുന്ന മൂത്ത സഹോദരി/സഹോദരന്‍. ഒടുവില്‍ ആരുമില്ലാതെ ,വെറുക്കപ്പെട്ട് ഒരു ജന്മം.
തീവ്ര കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവം കൊണ്ടുവരാനായി ലടത്തിയ അട്ടിമറികളില്‍ എത്ര എത്ര പാവങ്ങള്‍, അവരുടെ സ്വപ്നങ്ങള്‍ ഇല്ലാതായി. വിപ്ലവം ഒട്ടുവന്നതുമില്ല. അതിന്‍റെ ചൂടുള്ള കഥയാണ് കത്താത്ത കാര്‍ത്തിക വിളക്ക്. എഴുത്തില്‍ മാറ്റം വന്ന ഒരുകാലത്ത് മോഹനന്‍റെ ശൈലിയില്‍ വന്ന മാറ്റമാണ് ഒരു കഥാപാത്രത്തിന്‍റെ കാല്‍പ്പാടുകള്‍. ബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത ലൈംഗികചോദനയുടെ പരാജയം ഇതില്‍ കാണാം. ഫാന്‍റസിയും തനിക്ക് വഴങ്ങും എന്നു കാണിക്കുന്നതാണ് ഒരു കഥ.
സര്‍ക്കാര്‍ എന്നും ഒരുപോലെയാണെന്നും ഉദ്യോഗസ്ഥരുടെ മനസ്സും കസേരയും ഈഗോയും മാറ്റമില്ലാത്തതാണെന്നും വഴി,പെരുവഴി പറയുന്നു. ജന്മിത്തം ഇല്ലാതാക്കാന്‍ മാവോവാദികള്‍ ചൈനയില്‍ കാട്ടിയ ക്രൂരതകളുടെ മറ്റൊരു രൂപം കേരളത്തില്‍ അരങ്ങേറിയതിന്‍റെ കഥയാണ് നരകത്തിലേക്കുള്ള വഴിയില്‍ പറയുന്നത്. മോഹനന്‍റെ തീക്ഷ്ണമായ കഥാപശ്ചാത്തലങ്ങളില്‍ നിന്നും വേറിട്ടുള്ള ഒന്നാണ് രസകരമായ തമാശകള്‍ നിറഞ്ഞ ഒരു ത്യാഗത്തിന്‍റെ ഇതിഹാസം.
ടിബറ്റുകാരുടെ വിശ്വാസങ്ങളുടെ മുറുക്കം അതിലളിതമായി കാണുന്ന ഒരു പത്രപ്രവര്‍ത്തകന്‍റെ സമീപനം വരുത്തിവയ്ക്കുന്ന ദുരന്തമാണ് ടിബറ്റിന്‍റെ വഴിയില്‍ പ്രതിപാദിക്കുന്നത്.

കഥാപരിസരത്തിന്‍റെ വര്‍ണ്ണന,ഹൃദയം വിങ്ങുന്ന സംഭാഷണം ഒക്കെ ചേര്ന്ന് എന്‍.മോഹനന്‍ കഥകള്‍ നമുക്ക് ഒരു വായനാവിരുന്ന് നല്കുന്നു.   

No comments:

Post a Comment