അനുഭവങ്ങളെ
,നന്ദി
എൻ.എൻ.സത്യവ്രതൻ
എന്ന പത്രപ്രവര്ത്തകൻറെ ഓര്മ്മക്കുറിപ്പുകളാണ് അനുഭവങ്ങളെ,നന്ദി. അസുഖം ബാധിച്ച്
കിടന്ന കാലത്താണ് അദ്ദേഹം പറഞ്ഞുകൊടുത്ത് ഈ പുസ്തകം എഴുതിച്ചത്.അതുകൊണ്ടുതന്നെ
ചിതറിയ ഓര്മ്മകളുടെ ആത്മാംശം ഉള്ക്കൊണ്ട കുറച്ചു ചീളുകള് മാത്രമാണ് ഇതിലുള്ളതെന്നു
പറയാം.അസുഖത്തിൻറെ തീഷ്ണതയില് നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുന്ന
ഭാഗത്താണ് ഓര്മ്മകള് തുടങ്ങുന്നത്.
കുമ്പളങ്ങിയിലെ
ബാല്യം,ബാല്യകാല വികൃതികള്,നാട്ടിലെ പ്രമാണിയായ അച്ഛൻ ശ്രീ നാരായണ ഗുരുവിനെ
കുമ്പളങ്ങിയില് കൊണ്ടുവരുന്ന സംഭവം ഒക്കെ വിവരിക്കുന്നു എഴുത്തുകാരൻ.കെ.രാമചന്ദ്രൻ
എന്ന സുഹൃത്ത് വഴി മാതൃഭൂമിയില് എത്തി.കോഴിക്കോട്ട് താമസമാക്കി.അവിടെ തുടരുന്ന
കാലം വി.പി.രാമചന്ദ്രൻ എഡിറ്ററായെത്തി.
മുനിസിപ്പാലിറ്റി
കേസുകള് നോക്കുന്ന ,കളക്ടറുടെ നോമിനിയായ മജിസ്ട്രേറ്റായി ഇടയ്ക്ക് കൊച്ചുകോടതിയില്
പോയിരുന്ന സത്യവ്രതനെ സൈക്കിളില് ലൈറ്റില്ലാതിരുന്നതിന് പോലീസ് പിടിച്ച കഥയാണ്
മജിസ്ട്രേറ്റ് പോലീസിൻറെ പിടിയില് എന്നത്.ഇടുക്കി പദ്ധതിയുടെ വിവിധ ഘട്ടങ്ങള് കണ്ട
സംഭവങ്ങളുടെ ചിമിഴാണ് കുറവനും കുറത്തിയും.
ടി.വേണുഗോപാല്,ടി.കെ.ജി.നായര്
എന്നിവരെ പരിചയപ്പെടുത്തുന്നതാണ് പത്രഭാഷയുടെ ഗുരു. “എഴുതിയത് രണ്ടുപ്രാവശ്യം വായിച്ചാലെ മനസ്സിലാകൂ
എന്നുണ്ടെങ്കില് അത് വെട്ടിക്കളയുക”എന്ന ഹരോള്ഡ്
ഇവാൻസിൻറെ വാചകവും ഇതില് കൊടുത്തിട്ടുണ്ട്.പത്രപ്രവര്ത്തക പത്മജ മേനോനെ
പരിചയപ്പെടുത്തുന്ന ഭാഗമാണ് പുലിമടയിലെ മലയാളി കുട്ടി.
വാര്ത്തകളുടെ
കാര്യത്തില് ഒത്തുതീര്പ്പില്ലാത്ത വിപിആറിനെയും അവതരിപ്പിക്കുന്നുണ്ട്
പുസ്തകത്തില്. മാതൃഭൂമിയില് നിന്നും മാനേജ്മെൻറിനോട് പിണങ്ങി
വിട്ടുപോരേണ്ടിവന്നപ്പോള് ആ ദിവസം ശ്രീധരൻ നായര് ചോദിച്ചു,”എന്നാ ഇനി ഇങ്ങോട്ട്” മറുപടി ഇങ്ങനെ.”ജീവകാലമില്ല”
പത്രമോഫീസിലെ പാര വര്ഗ്ഗീസ് എന്ന പത്രപ്രവര്ത്തകനെ മാതൃഭൂമിയില് നിന്നും
പുറത്താക്കിയതും അയാളുടെ കഴിവ് അയാളെ മനോരമയില് എത്തിച്ചതും സരസമായി വിവരിക്കുന്നു
മറ്റൊരോര്മ്മയില്. സൗമ്യപ്രകൃതിയായ കെ.രാമചന്ദ്രൻ എന്ന പത്രപ്രവര്ത്തകൻ ഖാദി
കമ്മീഷൻ ചെയര്മാനും ഗാന്ധിയനുമായ ജി.രാമചന്ദ്രൻറെ ആഡംബര ജീവിതത്തെക്കുറിച്ച് പത്രസമ്മേളനത്തില് നിശിതമായി വിമര്ശിച്ച
കാര്യവും എഴുതിയിട്ടുണ്ട്.ശരിക്കും പത്ര ധര്മ്മം.
മികച്ച പത്രപ്രവര്ത്തകനായിരുന്ന ഉമാശങ്കര് നശിച്ച കഥയും വേദനയോടെ
എൻ.എൻ.എഴുതുന്നു.പത്രപ്രവര്ത്തകൻ അധികാരകേന്ദ്രത്തില് നിന്നും പാലിക്കേണ്ട അകലം
കൃത്യമായി ഇതില് പറയുന്നു.ഭാഗ്യക്കുറി നടത്തി എറണാകുളം പ്രസ് ക്ലബ്ബുണ്ടാക്കിയ കഥ
പുതിയ തലമുറ അറിയേണ്ടതാണ്.രാഷ്ട്രീയക്കാര്ക്കും പത്രക്കാര്ക്കും ആശ്രയമായിരുന്ന എംപി
കൃഷ്ണപിള്ള ,അന്ന് യൂത്ത് നേതാക്കളായിരുന്ന വയലാര് രവി,ഏ.കെ.ആൻറണി എന്നിവരുടെ
ജീവിതവും പരാമര്ശിക്കുന്നു. കേരള കൗമുദി ലേഖകനായിരുന്ന പെരുന്ന തോമസിൻറെ മരണവുമായി
ബന്ധപ്പെട്ട കുറിപ്പ് ചിരിയും
സങ്കടവുമുണ്ടാക്കുന്നതാണ്.രാമനാഥൻ,രാമസ്വാമി,പി.എ.കൃഷ്ണൻ എന്നീ പത്രപ്രവര്ത്തകര്
അനുഭവിച്ച ദുരിതങ്ങളും വിവരിക്കുന്നുണ്ട്. അഖിലേന്ത്യ പത്രപ്രവര്ത്തക സംഘടനയില്
നിന്നും കെ.എം.റോയ് ലേഖകനെ സസ്പെൻറ് ചെയ്തതും രസകരമായി വിവരിക്കുന്നുണ്ട്.
പ്രശസ്തമായ മൈനതെരുവില് കൊലക്കേസ് പ്രതിയായി ചിത്രീകരിക്കപ്പെട്ട ഫാദര്
ബെനഡിക്ടിൻറെ ഒരു പ്രസ്താവന ആരും ശ്രദ്ധിക്കാതെ പോയ കാര്യവും ഇതില് പറയുന്നു.”ഞാൻ കുറ്റവാളിയല്ല,വലിയ
ചില കൈകളാണ് കൊലപാതകത്തിനു പിന്നില് “
നാലപ്പാടിൻറെ മാതൃഭൂമി പ്രവേശനവും തുടര് സംഭവങ്ങളും സവിസ്തരം
പ്രദിപാതിക്കുന്നു ജീവിതകഥാകാരൻ.കൗമുദിയിലെ ജ്യേഷ്ടാനുജ തര്ക്കകഥയും ഇതില്
വായിക്കാം.പ്രസ് അക്കാദമിയില് നിന്നുള്ള പടിയിറക്കവും വേദനയോടെ പറയുന്നുണ്ട് എൻഎൻ.
പാമോയില് സ്റ്റോറിയും താത്പ്പര്യമുളവാക്കുന്നതാണ്. ബള്ഗേറിയൻ
യാത്ര,കൗമുദിയിലെ ജീവിതം,സെബാസ്റ്റ്യൻ പോള്,കെബിആര് പിള്ള തുടങ്ങിയ ചില
സുഹൃത്തുക്കളെക്കുറിച്ചുള്ള ഓര്മ്മകള്,ലീലാവതി ടീച്ചര് മലയാളമെടുത്തു പഠിച്ച കഥ ,
അങ്ങിനെ അനേകം നുറുങ്ങുകള് ചേര്ത്തുവച്ച നല്ലൊരു സദ്യയാണീ പുസ്തകം.
ഇല പ്രസിദ്ധീകരണം .വില-70 രൂപ

No comments:
Post a Comment