ദസ്തയേ്വ്സ്കി-
ജീവിതം,ദര്‍ശനം,കത്തുകള്‍
പരിഭാഷ- പി.വിജയലക്ഷ്മി
വില-180 രൂപ
ഒലീവ് പബ്ളിക്കേഷന്‍സ്
ഫ്യോദോര്‍ ദസ്തയേവ്സ്കി അദ്ദേഹത്തെ വിലയിരുത്തുന്നത്
ഇങ്ങനെയാണ്. “അവരെന്നെ
മനശാസ്ത്രജ്ഞന്‍ എന്നു വിളിക്കുന്നു. അത് സത്യമല്ല.ശരിയായ അര്‍ത്ഥത്തില്‍ ഞാനൊരു
യാഥാര്‍ത്ഥ്യവാദിയാണ്. അതായത് മനുഷ്യാത്മാവിന്‍റെ ആഴങ്ങളെ ഞാന്‍ ചിത്രീകരിക്കുന്നു.” എഴുത്തുകാരില്‍ നിന്നെന്തെങ്കിലും പഠിക്കേണ്ട ഒരേയൊരു മനശാസ്ത്രജ്ഞന്‍
എന്ന് ജര്‍മ്മന്‍ ദാര്‍ശനികനായ ഫ്രെഡറിക് നീഷേ,പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ കാള്‍മാക്സ്
എന്ന് ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബര്‍ട്ട് കാമ, ഏതൊരു ശാസ്ത്രജ്ഞനിലുപരി വിജ്ഞാനം
പകരുന്ന ശാസ്ത്രകാരന്‍ എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്നിവര്‍ വിശേഷിപ്പിച്ച
വിശ്വസാഹിത്യകാരനായ ദസ്തയേവിസ്കിയുടെ ജീവചരിത്രം ഈ പുസ്തകം പറയുന്നു. എഴുത്തും
ജീവിതവും ഇഴപിരിക്കാന്‍ കഴിയാത്തവിധം ചേര്‍ന്നുപോകുന്ന വ്യക്തിത്വമായിരുന്നു
അദ്ദേഹം. ലോകത്ത് ആവശ്യം നിലനില്ക്കേണ്ട വ്യക്തികള്‍ തമ്മിലുള്ള പരസ്പ്പര
വിശ്വാസവും സാഹോദര്യവുമാണ് അദ്ദേഹത്തിന്‍റെ സൃഷ്ടികളെ വ്യത്യസ്തമാക്കുന്നത്.
ശക്തമായ തൂലികയുടെ
ഉടമയും മികച്ച പത്രപ്രവര്‍ത്തകനും ധാരാളം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ
പത്രാധിപരുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്‍റെ
ജനനം,ബാല്യം,വിദ്യാഭ്യാസം,മാതാപിതാക്കള്‍ ,സഹോദരങ്ങള്‍ തുടങ്ങിയ ഒരു വിവരണം ആദ്യം
തന്നെ പുസ്തകം നല്കുന്നു. 1844ലാണ് ആദ്യ കഥ “പുവര്‍ ഫോക്ക് “പ്രസിദ്ധീകരിക്കുന്നത്.
അതിന് നല്ല സ്വീകരണം കിട്ടി.തുടര്‍ന്ന് “ദ
ഡബിള്‍” പ്രസിദ്ധീകരിച്ചു.അതിനെ വിമര്‍ശകര്‍
ഗൌരവമായെടുത്തില്ല. തുടര്‍ന്നും സൃഷ്ടികള്‍ നടത്തിയെങ്കിലും കുറേക്കാലം
രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1849 ഏപ്രില്‍ 23ന് ജയിലിലായി. മരണ ശിക്ഷ
വിധിച്ചു. എങ്കിലും ശിക്ഷ നടപ്പിലാക്കിയില്ല. 4 വര്‍ഷത്തെ സൈബീരിയന്‍ ജയില്‍
ജീവിതം യഥാതഥമായി അവതരിപ്പിച്ച നോവലാണ് “പരേതരുടെ
ഭവനം”.”ദ
ലിറ്റില്‍ ഹീറോയിലും” പരാമര്‍ശമുണ്ട്.
കുറ്റവാളി എന്ന
നിലയില്‍ ഓംസ്ക് കോട്ടയിലെ ജീവിതാനുഭവം “നോട്ട്സ്
ഫ്രം ഹൌസ് ഓഫ് ദി ഡെഡില്‍ “പ്രതിപാദിക്കുന്നു.മരണ
ശിക്ഷ വിശദമാക്കുന്നത് “ദി ഇഡിയറ്റിലാണ്”.
ഒരു പട്ടാള
മേധാവിയുടെ ഭാര്യയായിരുന്ന മറിയ ഡിമിട്രിയേവ്നയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
എന്നാല്‍ ഒരു സന്നിരോഗിയാണ് ദസ്തയേവ്സ്കി എന്നത് അവരെ വല്ലാതെ ഉലച്ചു. അപസ്മാര
ബാധയ്ക്ക് മുന്‍പായി അദ്ദേഹം ഒരു തരം ആനന്ദമൂര്‍ച്ച അനുഭവിച്ചിരുന്നു. “സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന് എന്നെ
വലിച്ചെടുക്കുന്നതായി എനിക്കു തോന്നി. സത്യം പറഞ്ഞാല്‍ എനിക്ക് ദൈവത്തെ കാണാനും
അദ്ദേഹത്തില്‍ ലയിക്കാനും കഴിഞ്ഞു. അപസ്മാര ബാധയുടെ സമയത്ത് ഞാന്‍
പറുദീസയിലായിരുന്നതുപോലെയാണ്.ഈ ലോകത്തിലെ മറ്റു സുഖങ്ങളെല്ലാം തരാമെന്ന് പറഞ്ഞാലും
ഈ പറുദീസ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല”, അദ്ദേഹം എഴുതി.
1859ല്‍
പുറത്തുവന്ന “സ്റ്റെപ്പാന്‍
ചിക്കാവോ ഗ്രാമവും അതിലെ താമസക്കാരും”
എന്ന നോവലും “അമ്മാവന്‍റെ
സ്വപ്നം “എന്ന കഥയും ശ്രദ്ധേയമായില്ല. എഴുത്തുകാരന്‍
എന്ന നിലയില്‍ പ്രശസ്തി തിരിച്ചെടുക്കാനും എഴുത്ത് ജീവിതോപാധിയാക്കാനും അദ്ദേഹം
ഏറെ പരിശ്രമിച്ചു. അങ്ങിനെ “നിന്ദിതരും
പീഡിതരും” , “പരേതരുടെ ഭവനം “എന്നീ കൃതികള്‍
പ്രസിദ്ധീകരിച്ചു.
സാമ്പത്തിക
വിഷമങ്ങള്‍ക്കിടയിലും പണം കടം വാങ്ങി പോളിന സുസ്ലോവ എന്ന റഷ്യന്‍ യുവതിക്കൊപ്പം
യൂറോപ്പില്‍ പോയി ചൂതാട്ടം നടത്തുക പതിവായിരുന്നു. തുടര്‍ന്ന് ഒളിവിലെ കുറിപ്പുകള്‍
എഴുതി.മറിയ 1864 ഏപ്രില്‍ 14ന് മരിച്ചു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട
വ്യക്തിത്വമായിരുന്നു ദസ്തയേവ്സ്കി. അത് പലപ്പോഴും ജീവിതത്തില്‍ നിന്നുള്ള
ഒളിച്ചോട്ടവുമായിരുന്നു.” ദ ഗാംബ്ലര്‍ “ചൂതാട്ടത്തിന്‍റെ കഥയാണ് പറയുന്നത്. “കുറ്റവും ശിക്ഷയും” എഴുതുന്ന കാലം കടുത്ത സമ്മര്‍ദ്ദത്തിന്‍റേതായിരുന്നു. കടബാദ്ധ്യതകളും
രോഗവും ശരിക്കും ഗ്രസിച്ച കാലം. എഴുത്തില്‍ സഹായിക്കാന്‍ വന്ന പകര്‍ത്തെഴുത്തുകാരിയായ
അന്ന ഗ്രിഗറോയേവ്ന പിന്നീട് ഭാര്യയായി മാറി. അവര്‍ തമ്മില്‍ 22 വയസ്സിന്‍റെ
പ്രായവ്യത്യാസമുണ്ടായിരുന്നു. എഴുത്തിന് കിട്ടിയ മുന്‍കൂര്‍ തുകയെല്ലാം
ചൂതാട്ടത്തില്‍ നശിപ്പിച്ച അദ്ദേഹത്തിന്‍റെ കളിഭ്രാന്ത് , ചുഴലി, പ്രായോഗിക
കാര്യങ്ങളിലെ പ്രാപ്തിക്കുറവ് എന്നിവ അതേയര്‍ത്ഥത്തില്‍ അന്ന ഉള്‍ക്കൊണ്ടിരുന്നു.
1872ലാണ് “ദ ഡെവിള്‍സ് “പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് “ദ
അഡോളസന്‍റ് “ഇറങ്ങി.
ദസ്തയേവ്സ്ക്കിയുടെ
ഏറ്റവും ശ്രേഷ്ഠമായ കൃതി “കാരമസോവ്
സഹോദരന്മാരാണ്”. കലാപരമായ
പക്വത,അദ്ദേഹം വിശ്വസിച്ച ആശയങ്ങള്‍,തിരിച്ചറിവുകള്‍,സംശയങ്ങള്‍ എന്നിവയുടെ
സങ്കലനം ഇതൊക്കെയാണ് ആ നോവല്‍. ഇതിലെ കേന്ദ്ര കഥാപാത്രമായ ഡമിത്രി അദ്ദേഹം
സൃഷ്ടിച്ചവയില്‍ ഏറ്റവും ഉജ്വലമായ കഥാപാത്രമാണ്. 1880ലാണ് റഷ്യന്‍ ചരിത്രത്തിലെ
ഏറ്റവും മികച്ച പ്രസംഗം എന്നു പറയാവുന്ന പുഷ്കിന്‍ അനുസ്മരണം നടത്തിയത്. കുട്ടികളെ
കഥാപാത്രമാക്കി ഒരു നോവല്‍ രചിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതിനുമുന്‍പ് ആ ജീവന്‍
പൊലിഞ്ഞു.
പുസ്തകത്തിന്‍റെ
രണ്ടാം ഭാഗത്തില് അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങള്‍ വിശദീകരിക്കുന്നു. “മഹത്തായ മതദ്രോഹ വിചാരകന്‍റെ ഇതിഹാസം” കാരമസോവ് സഹോദരന്മാരിലെ ഗദ്യകവിതയാണ്
രേഖപ്പെടുത്തുന്നത്.കാരമസോവിലെ തന്നെ “വിപ്ലവം
“എന്ന ഭാഗം തുടര്‍ച്ചയായി നല്കുന്നു.
ഇഡിയറ്റിലെ അന്ത്യഭാഗത്തു വരുന്ന “ക്രിസ്തുലോകത്തിലെ
പരാജയവും “ഇവിടെ വായിക്കാം. “ഭൂമിക്കടിയിലെ ജനങ്ങളുടെ പ്രര്‍ത്ഥനാഗീതം” കാരമസോവിന്‍റെ വാക്കുകളാണ്.”ഉള്ളിയും” കാരമസോവില്‍ നിന്നും എടുത്തിട്ടുള്ള ഭാഗമാണ്.
തുടര്‍ന്ന്
കത്തുകള് എന്ന മൂന്നാം ഭാഗം വരുന്നു. ചില കത്തുകള്‍ ശ്രദ്ധേയങ്ങളാണ് എങ്കിലും
എല്ലാമൊന്നും വായനാസുഖം നല്കുന്നതല്ല. വിവര്‍ത്തനം എത്രമാത്രം മികച്ചതാണ് എന്നു
പറയുക വയ്യ എങ്കിലും വായന ആവശ്യപ്പെടുന്ന ഒരു പുസ്തകമാണിത്.

No comments:
Post a Comment