Sunday, December 15, 2013

India - Amarthya sen



ഇന്ത്യ- സാമ്പത്തിക വികസനവും സാമൂഹികാവസരവും
ഴാങ്ങ് ദ്രേസ്, അമര്‍ത്യ സെന്‍
വിവര്‍ത്തനം- ഇഗ്നേഷ്യസ് കാക്കനാടന്‍
പബ്ളിഷര്‍- കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്










ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക വികസനത്തെ അടിസ്ഥാന വിദ്യാഭ്യാസം,ആരോഗ്യ സേവനങ്ങള്‍,ഉടമാവകാശ രീതികള്‍,സാമൂഹിക വര്‍ഗ്ഗീകരണം, ലിംഗ ബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകമാണിത്. പ്രധാനമായും കേരളം,പശ്ചിമ ബംഗാള്‍,ഉത്തര്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സാമൂഹികാവസ്ഥയുടെ താരതമ്യത്തിലൂടെയാണ് പഠനം നടത്തിയിട്ടുള്ളത്. കേരളത്തിന്‍റെ ഈ രംഗത്തെ വളര്‍ച്ചയെ ചൈനയുമായും മറ്റ് വികസിത വികസ്വര രാഷ്ട്രങ്ങളുമായും തുലനം ചെയ്ത് പരിശോധിക്കുന്നുണ്ട്.
ദാരിദ്ര്യവും അജ്ഞതയും രോഗവും അവസര സമത്വമില്ലായ്മയും അവസാനിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന് 1947 ആഗസ്റ്റ് 14 ന് നെഹ്റു പ്രഖ്യാപിച്ചെങ്കിലും കേരളം പോലെ അപൂര്‍വ്വം ചിലയിടങ്ങളിലെ അത് സാധിതമായുള്ളു എന്ന് ധനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.1943-ല്‍ 20 ലക്ഷത്തിലേറെ പേര്‍ മരിച്ച ബംഗാളിലെ ക്ഷാമം പോലെയൊന്നും സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെങ്കിലും പട്ടിണി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
ഇന്ത്യയില്‍ ഇന്നു കാണുന്ന സാമൂഹികമായ പിറകോട്ടടികള്‍ക്ക് കാരണം വിദ്യാഭ്യാസം പ്രധാന അജണ്ടയായി കാണാത്ത ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് അവര്‍ പറയുന്നു.സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള കേരളം സാമൂഹിക സുരക്ഷയില്‍ യൂറോപ്പിന്‍റെ ഇന്‍ഡക്സില്‍ എത്തിയത് ഉദാഹരണമായി പറയുന്നുണ്ട്. ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 60 വയസ്സും ചൈനയിലേത് 69-ം ആകുമ്പോള്‍ കേരളത്തില്‍ ഇത് 72 ആണ്.ശിശുമരണം ഇന്ത്യയില്‍ 1000ന് 79-ം ചൈനയില്‍ 31-ം ആകുമ്പോള്‍ കേരളത്തില്‍ 17 മാത്രമാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സാമൂഹികമായ ഈ ചലനം ഒരിക്കലും സാമ്പത്തിക ഉന്നമനത്തിന് സഹായിച്ചിട്ടില്ല. മലയാളികള്‍ അന്യ ദേശങ്ങളില്‍ ചേക്കേറി നാട്ടിലേക്ക് പണമയിച്ചില്ലായിരുന്നെങ്കില്‍ കേരള മാതൃക മറ്റൊരു തരത്തിലായേനെ.
സാമ്പത്തിക വികസനത്തില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഇന്ത്യ അവഗണിക്കുന്നതാണ് നാടിന്‍റെ പുരോഗതിക്ക് തടസ്സമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ ഏത് ഇന്‍ഡക്സിലും ആന്തരിക വൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം 91-92 ല്‍ 5583 രൂപയായിരുന്നപ്പോള്‍ പഞ്ചാബില്‍ 9643-ം ഹരിയാനയില്‍ 8690-ം ആയിരുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഇന്ത്യയില്‍ 45 ശതമാനമായിരുന്നപ്പോള്‍ പഞ്ചാബില്‍ ഇത് 21-ം ഹരിയാനയില്‍ 23-ം ആയിരുന്നു. എന്നാല്‍ ബീഹാറിലും ഒറീസ്സയിലും ഇത് 66 ശതമാനമായിരുന്നു. സാക്ഷരതയുടെ നിരക്കിലും ഇത് കാണാം. രാജസ്ഥാനില്‍ സാക്ഷര വനിതകള്‍ 20 ശതമാനമാകുമ്പോള്‍ കേരളത്തില്‍ 86 ശതമാനമായിരുന്നു. 91-ല്‍ കേരളത്തിലെ സന്താനോത്പ്പാദന നിരക്ക് 1.8 ആയിരുന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ 5.1 ആയിരുന്നു.സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ഈ അന്തരം പ്രകടമാണ്. കേരളത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകരില്‍ മൂന്നില്‍ രണ്ട് സ്ത്രീകളാണ്, എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് 18 ശതമാനം മാത്രമാണ്.അതിക്രൂരമായ ലിംഗാധിഷ്ടിത ബന്ധമാണ് മിക്ക വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ളത്.
പബ്ളിക് സര്‍വ്വീസുകള്‍ നല്കുന്നതില്‍ കേരളം കൈവരിച്ച നേട്ടത്തിലേക്ക് ഉത്തര്‍പ്രദേശ് എത്തുക എളുപ്പമല്ലെന്ന സ്ഥിതിയാണുള്ളത്. സാക്ഷരത രാഷ്ട്രീയത്തിലും സാമൂഹിക കാര്യങ്ങളിലും സജീവ പങ്ക് വഹിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കിയതാണ് ഈ നേട്ടത്തിന് കാരണം. ഉത്തര്‍പ്രദേശ് ഗ്രാമത്തില്‍ സര്‍ക്കാര്‍ ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിന് പ്രബലനായ ജന്മി മനപ്പൂര്‍വ്വം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥ നിലനില്ക്കുന്നു. ജോലിക്കാരെ അടിമകളാക്കി നിലനിര്‍ത്താനുള്ള സ്വാര്‍ത്ഥമാണ്  അവരിലുള്ളത്. എന്നാല്‍ കേരളത്തില്‍ ഈ സാഹചര്യമല്ല എന്നത് ശ്രദ്ധേയമാണ്. ബംഗാളിലും അവശ വര്‍ഗ്ഗങ്ങളുടെ രാഷ്ട്രീയ സംഘാടനം രാഷ്ട്രീയാധികാരത്തിന്‍റെ ബലാബലത്തില്‍ സുപ്രധാനമായ മാറ്റം വരുത്തുന്നതില്‍ വിജയം വരിച്ചിട്ടുണ്ട്.
ക്ഷമാശീലനായ മനുഷ്യന്‍റെ കോപം സൂക്ഷിക്കുക എന്ന 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍ ഡ്രൈഡന്‍ നല്കിയ മുന്നറിയിപ്പ് ഇന്ത്യന്‍ ഭരണാധികാരികള്‍ മനസ്സിലാക്കുന്നത് തെരഞ്ഞെടുപ്പു കാലത്താണ്. ചാഞ്ചാടുന്ന സര്‍ക്കാര്‍ നയത്തിലൂടെ പ്രവര്‍ത്തിക്കാതെ അനന്തര ഫലങ്ങളെ സ്വാധീനിക്കാന്‍ ബഹുജനപ്രവര്‍ത്തനത്തിന് കഴിയും. കേരളത്തില്‍ ലിംഗാധിഷ്ടിത പക്ഷപാതത്തിനെതിരായ സാംസ്ക്കാരികാന്തരീക്ഷം സൃഷ്ടിക്കാന്‍ പൊതുചര്‍ച്ചകള്‍ക്ക് കഴിഞ്ഞത് ഇതിനാലാണ്. ജനന നിയന്ത്രണത്തിന്‍റെ പ്രയോജനം പ്രചരിപ്പിക്കുന്നതിലും ഈ ചര്‍ച്ചകള്‍ പങ്ക് വഹിച്ചതായി കാണാന്‍ കഴിയും. തദ്ദേശ ജനാധിപത്യം വികസിച്ചിട്ടുള്ള ഇടങ്ങളില്‍ വികസനം മെച്ചമായിട്ടുള്ളതിന്‍റെ ഉദാഹരണങ്ങളും പുസ്തകത്തില്‍ പറയുന്നു.
സ്വാതന്ത്യാനന്തര കാലത്ത് സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തില്‍ വളരെ കുറച്ച് ശ്രദ്ധമാത്രമെ പതിപ്പിക്കുന്നുള്ളു എന്നതില്‍ എന്തോ ദുരൂഹത അടങ്ങിയിട്ടുണ്ടെന്ന് എഴുത്തുകാര്‍ കരുതുന്നു. വിദ്യാഭ്യാസത്തോടുള്ള അശ്രദ്ധ സര്‍ക്കാര്‍ വൃത്തങ്ങളില്‍ ഒതുങ്ങി നില്ക്കുന്നില്ല. രാഷ്ട്രീയ കക്ഷികളുടെയും തൊഴിലാളി യൂണിയനുകളുടെയും വിപ്ലവ സംഘടനകളുടെയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും പൊതുമനോഭാവവും ഇതുതന്നെ. ഭരണഘടനയുടെ 45ആം വകുപ്പ് 14 വയസ്സുവരെ സൌജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം നല്കണമെന്ന നിര്‍ദ്ദേശം നല്കുന്നു. ഇത് ഉത്കൃഷ്ടമായ ലക്ഷ്യമായിരുന്നു.പക്ഷെ വേണ്ടവിധം നടപ്പിലാക്കിയില്ല. പദ്ധതികള്‍ ഏറെയാണെങ്കിലും ഫലം തരുന്നില്ല എന്നതാണ് സത്യം.
ലിംഗാധിഷ്ടിതമായ അസമത്വമാണ് ഇന്ത്യയുടെ മറ്റൊരു സാമൂഹിക പ്രശ്നമെന്ന് എഴുത്തുകാര്‍ വിലയിരുത്തുന്നു. സ്ത്രീ പുരുഷ അനുപാതം ശ്രദ്ധേയമായ ഒരു വിഷയമാണ്. ഹരിയാനയില്‍ 0.87,പഞ്ചാബ്,ഉത്തര്‍ പ്രദേശ്-0.88,രാജസ്ഥാന്‍-0.91 എന്ന നിരക്കിലാവുമ്പോള്‍ തമിഴ് നാട്,ആന്ധ്ര പ്രദേശ് -0.97-ം കര്‍ണ്ണാടക-0.96-ം കേരളത്തില്‍ 1.04 ആണെന്നുകാണാം. കേരളം ഈ നിലയില്‍ യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും തുല്യമായ നിലയിലാണ്. സമത്വരഹിതമായ ലിംഗാധിഷ്ടിത ബന്ധങ്ങളുടെ അറിയപ്പെടുന്ന മാതൃകകളാണ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. സാമ്പത്തിക വളര്‍ച്ചയുടെ സാര്‍ത്ഥകതയിലും ആ വളര്‍ച്ചയുടെ പങ്കാളിത്ത സ്വഭാവത്തിന്‍റെ പ്രാധാന്യത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഇവര്‍ അധിപ്രായപ്പെടുന്നു.
ലോകത്ത് നിലവിലുള്ള തീസിസ് മാമൂലുകളുടെ രീതിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. ആവര്‍ത്തനങ്ങളും പരത്തിപ്പറച്ചിലും പഠനം നടത്തുന്ന ഇക്കണോമിസ്റ്റുകള്‍ക്ക് ആവശ്യമായേക്കാമെങ്കിലും അന്‍പത് പേജില്‍ ഒതുങ്ങുന്ന ഒരു ലേഖനത്തിലൂടെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിന്‍റെ കാമ്പ്. മനോഹരമായ വിവര്‍ത്തനമാണ് കാക്കനാടന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. വായന അര്‍ഹിക്കുന്ന പുസ്തകമാണിത്.
വില -130 രൂപ, പേജ്- 376

2 comments:

  1. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക വികസനത്തെ അടിസ്ഥാന വിദ്യാഭ്യാസം,ആരോഗ്യ സേവനങ്ങള്‍,ഉടമാവകാശ രീതികള്‍,സാമൂഹിക വര്‍ഗ്ഗീകരണം, ലിംഗ ബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന ഈ പുസ്തകത്തിന്റെ ഈ അവലോകനം വളരെ നന്നായിക്കുറിച്ചു, അൻവർ ഹുസൈൻറെ പേജിൽ നിന്നും ഇവിടെയെത്തി. പുസ്തകം ലഭ്യമാകുന്ന വിലാസവും ഒപ്പം ചേര്ക്കുക.
    മാഷേ ഇവിടെ പല പോസ്റ്റിലും പോയി നോക്കി, കമന്റുകൾ കാണാനില്ല, ഒരുപക്ഷെ ഇത് അനേകരിലേക്കു എത്താൻ വൈകുന്നത് തന്നെ കാരണം എന്ന് തോന്നുന്നു നിരവധിപേർ അറിയേണ്ട നിരവധി കാര്യങ്ങളുടെ സംഗ്രഹം ഇവിടെയുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും സുഹൃത്തുക്കൾ വഴിയും മറ്റും ഇത് അനെകരിലേക്ക് എത്തേണ്ടതുണ്ട്/ ആശംസകൾ
    ബ്ലോഗിൽ ചേർന്നു,
    വീണ്ടും കാണാം

    ReplyDelete
  2. ​PS: ഇവിടെയുള്ള വേർഡ്‌ verification എടുത്തു മാറ്റുക
    അത് കമന്റു ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും
    നന്ദി ​

    ReplyDelete