പഴയതും പുതിയതും
ബലരാംപൂര്‍ എന്ന
ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന്‍റെ കിരണങ്ങള്‍ എത്തിക്കാനായി ജീവിതം മാറ്റിവച്ച
ഭട്ടാചാര്യ മശായി എന്ന പണ്ഡിത മശായിയുടെ കഥയാണ് പഴയതും പുതിയതും എന്ന നോവലില്‍
ബിമല്‍ മിത്ര പറയുന്നത്.ദിവസത്തില്‍ ഉറങ്ങാനുള്ള ചില മണിക്കൂറുകള്‍ ഒഴികെ മുഴുവന്‍
സമയവും സ്കൂളിന്‍റെ പുരോഗതിക്കായി മാറ്റി വച്ച ഈ സ്വാത്തികന്‍റെ മാനസിക സംഘര്‍ഷങ്ങള്‍
ബിമല്‍ മിത്ര കൃത്യമായി രേഖപ്പെടുത്തുന്നു.നിസ്വാര്‍ത്ഥമായ സേവനം അദ്ദേഹത്തിന്
പലതും നഷ്ടമാക്കി.കുടുംബത്തെ ശ്രദ്ധിക്കാതിരുന്നതിനാല്‍ മകള്‍ പോയി,പേരക്കുട്ടി
വഴിതെറ്റി സഞ്ചരിച്ചു.സത്യസന്ധതയും ആത്മാര്‍ത്ഥതയും മുറുകെ പിടിച്ചപ്പോള്‍
ശിഷ്യരുള്‍പ്പെടെ പുതുതലമുറ തള്ളിപ്പറഞ്ഞു.
സ്കൂളും കുട്ടികളും
അവരുടെ വിദ്യഭ്യാസവും സ്കൂളിലെ സൌകര്യങ്ങള്‍ മെച്ചമാക്കലും എല്ലാം ഒരു ലഹരിയായി
സിരകളില്‍ പടര്‍ന്ന ,ഒരു തരം മാനസിക വിഭ്രാന്തിയുടെ അവസ്ഥയിലെത്തിയ വ്യക്തിത്വമായിരുന്നു
മശായിയുടേത്.ഇതെല്ലാം സഹിക്കേണ്ടി വന്ന ശിവാനി എന്ന കുടുംബ നാഥ,നിഷേധിയായ ചെറുമകന്‍
ഫടിക്,സ്കൂള്‍ സെക്രട്ടറി നരേന്‍ ചക്രവര്‍ത്തി,അയാളുടെ മകള്‍ എപ്പോഴും
ശിവാനിക്കൊപ്പമുണ്ടാകുന്ന റാണി,സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഭവന്‍,പ്യൂണ്‍ ജനാര്‍ദ്ദനന്‍
തുടങ്ങി അനേകം കഥാപാത്രങ്ങള്‍ ഇഴചേരുന്നതാണ് നോവല്‍.
മകളുടെ മരണം
അറിയുമ്പോഴും ഈ ക്ലാസ്സുകൂടി കഴിയട്ടെ എന്നു പറയുന്ന അധ്യാപകന്‍ മശായി നമ്മുടെ
കണ്ണ് നനയിക്കും.സര്‍വ്വീസില്‍ നിന്നും പിരിഞ്ഞിട്ടും മശായിയുടെ ദിനങ്ങള്‍
സ്കൂളില്‍ തന്നെയായിരുന്നു.ഫീസ് കൂട്ടുന്നതിനും അഴിമതിക്കുമെതിരെ ശബ്ദിക്കുന്ന
മശായി ഒടുവില്‍ ശിവാനിയുടെ മരണശേഷം നാടുവിടുന്നത് വേദന ഉളവാക്കും. അദ്ദേഹത്തിന്‍റെ
മന്ത്രം എപ്പോഴും ഇതായിരുന്നു, ലൌകികങ്ങളായ നേട്ടങ്ങള്‍ക്കുവേണ്ടി വരം
യാചിക്കുന്നവന്‍ വണിക്കാണ്.ഞാന്‍ നിഷ്ക്കാമ ഭക്തന്‍.എന്‍റെ ഹൃദയത്തില്‍ ഒരിക്കലും
കാമനകള്‍ തലയുയര്‍ത്താതിരിക്കാനുള്ള വരം നല്കിയാലും.
കെ.രവിവര്‍മ്മ
പരിഭാഷപ്പെടുത്തി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം വായന അര്‍ഹിക്കുന്നു.
വില-110 രൂപ.

No comments:
Post a Comment