കെ.കേളപ്പന്‍
രചയിതാവ്—കെ.ശ്രീകുമാര്‍
പ്രസിദ്ധീകരണം--- കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
കേരള നവോത്ഥാന ശില്പ്പികള്‍ എന്ന ജീവചരിത്ര പരമ്പരയില്‍ ഉള്‍പ്പെടുത്തി
പ്രസിദ്ധീകരിച്ച ലഘുജീവചരിത്രമാണ് കെ.കേളപ്പന്‍.കേരള ഗാന്ധി എന്നറിയപ്പെടുന്ന
സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്ക്കര്‍ത്താവുമായ കേളപ്പന്‍റെ ജീവിതം
കുട്ടികള്ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയും വിധമാണ് ശ്രീകുമാര്‍
എഴുതിയിരിക്കുന്നത്. എല്ലാ സൌകര്യങ്ങളുമുള്ള ,സര്‍വ്വതന്ത്ര സ്വതന്ത്രമായ നാട്ടില്‍
ജീവിക്കുന്ന കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടുന്ന പല വിവരങ്ങളും ഈ ജീവചരിത്ര ഗ്രന്ഥം
നല്കുന്നു. നാട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ ജീവിതം ഉഴിഞ്ഞുവച്ച ഗാന്ധിജി ഉള്‍പ്പെടെയുള്ള
മഹത് വ്യക്തികള്‍ക്ക് അവരുടെ ജീവിതാവസാനം ലക്ഷ്യസാക്ഷാത്കാരമുണ്ടാവാതിരുന്നതിന്‍റെ
നിരാശ സ്വാഭാവികം. കേളപ്പനും അതനുഭവിക്കേണ്ടിവന്നതിന്‍റെ കഥകള്‍ വായിക്കുമ്പോള്‍
ശരിക്കും വിഷമം തോന്നും. മറ്റൊരു കാര്യം ജ്യോതിഷം സംബ്ബന്ധിച്ചാണ്. അന്ധവിശ്വാസമെന്ന്
പൊതുവെ എഴുതിത്തള്ളുന്ന ആ ശാസ്ത്രത്തില്‍ വിദഗ്ധനായ പണിക്കര്‍ കുട്ടി
മിടുക്കനാകുമെങ്കിലും വീടുവിട്ട് ഇരന്നു നടക്കാനാണ് യോഗമെന്നു പറയുന്നതും അത്
തന്നെ സംഭവിക്കുന്നതും അത്ഭുതത്തോടെയേ വായിക്കാന്‍ കഴിയൂ. അധ്യാപകരുടെ
കണ്ണിലുണ്ണിയായ, കണക്കില്‍ ബഹുമിടുക്കനായ കുട്ടി ,ഒടുവില്‍ എത്തിച്ചേരുന്നത്
സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലും സമുദായ പരിഷ്ക്കരണത്തിലും സാമൂഹിക
സമത്വത്തിനായുള്ള പോരാട്ടത്തിലുമാണ്. മാതാപിതാക്കളോടും ഭാര്യയോടും അങ്ങേയറ്റം
സ്നേഹമുണ്ടായിട്ടും അവരെയൊന്നും വേണ്ടവിധം നോക്കാന്‍ കഴിയാതെ ലോകം നന്നാക്കാന്‍
ശ്രമിക്കയായിരുന്നു കേളപ്പന്‍. അദ്ദേഹം നേതൃത്വം നല്കിയ ഗുരുവായൂര്‍ സത്യാഗ്രഹവും
മലബാറിലെ ഉപ്പുസത്യാഗ്രഹവുമൊക്കെ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. നാട്
സ്വതന്ത്രമായപ്പോള്‍ വിശാലകേരളത്തിനുള്ള ശ്രമം നടത്തി അദ്ദേഹം. ജനാധിപത്യ കാലത്ത്
സ്വാര്‍ത്ഥരായ നേതാക്കളുടെ സമീപനം അദ്ദേഹത്തെ വേദനിപ്പിച്ചതും ശ്രീകുമാര്‍
വിവരിക്കുന്നുണ്ട്. ഒടുവില്‍ കോണ്‍ഗ്രസ്സ് വിട്ടതും സര്‍വ്വോദയ പ്രസ്ഥാനം,ഭൂദാന
പ്രസ്ഥാനം തുടങ്ങി പല പരിഷ്ക്കരണ പ്രസ്ഥാനങ്ങളില്‍ ഇടപെട്ട് പ്രവര്ത്തിച്ചതും
പുസ്തകത്തില് പറയുന്നു.സ്വന്തം സ്വത്തും കുടുംബസ്വത്തുമെല്ലാം വിശാലമായ
കാഴ്ച്ചപ്പാടോടെ നാടിന് നല്കിയ ഈ മനുഷ്യന്‍ ഇന്നത്തെ നേതാക്കളില്‍ പുച്ഛമാകും
രസിപ്പിക്കുക. ഇവരുടെ ഊര്‍ജ്ജവും രക്തവുമാണ് നാമിന്നുകാണുന്ന ലോകമെന്ന്
മനസ്സിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കേണ്ടതുണ്ട്. അനുബന്ധമായി
കൊടുത്തിട്ടുള്ള , ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അനുസ്മരണം കണ്ണുനനയിക്കും.

No comments:
Post a Comment