കസന്‍ദ് സാക്കീസ്
ജീവചരിത്രം/ കത്തുകള്‍/പഠനം
പാപ്പിയോണ്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്‍റെ സമാഹരണം നൌഷാദാണ് നടത്തിയിട്ടുള്ളത്. നിക്കോസ് കസന്‍ദ് സാക്കീസ് ജീവിതവും രചനയുമെന്നൊരു പുസ്തകം 1989-ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഈ പുസ്തകം എന്ന് നൌഷാദ് തുടക്കത്തില്‍ പറയുന്നു്ട്. ഒന്നാം ഭാഗത്തില്‍ ജീവചരിത്രവും രചനകളെ കുറിച്ചുള്ള സംക്ഷിപ്തവും നല്കുയിട്ടുള്ളത് സാക്കിസിനെയും രചനകളെയും കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കും.
ക്രിസ്തുവിന്‍റെ അന്ത്യപ്രലോഭനം,ഗ്രീക്ക് പാഷന്‍(ക്രിസ്തു വീണ്ടും കുരിശ്ശില്‍), റിപ്പോര്‍ട്ട് ടു ഗ്രെക്കോ, ഭ്രാത്രുഹത്യ, ദൈവ രക്ഷകന്‍, ആത്മീയ വ്യായാമങ്ങള്‍, സ്വാതന്ത്രൃം അല്ലെങ്കില്‍ മരണം എന്നീ കൃതികള്‍ വായനക്കാരെ പരിചയപ്പെടുത്തുന്നു ഇവിടെ.
രണ്ടാം ഭാഗത്ത് അദ്ദേഹം എഴുതിയ കത്തുകളാണ് നല്കിയിട്ടുള്ളത്. കത്തുകളുടെ ഒരു നൈര്‍മ്മല്യമുണ്ട് ആ ഭാഗത്തിന്. പിന്നെ ഒരെഴുത്തുകാരന്‍ ,അച്ഛന്‍,അമ്മ,സഹോദരി,ഭാര്യ,സുഹൃത്ത് റാഹേല്‍ എന്നിവര്‍ക്കുള്ള കത്തുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നാം ഭാഗത്ത് പഠനങ്ങളും ആസ്വാദനങ്ങളുമാണുള്ളത്. വൈക്കം മുരളി എഴുതിയ അതിരുകളില്ലാത്ത ആത്മകഥ, ഓഷോ എഴുതിയ സോര്‍ബ എന്‍റെ പ്രേമഭാജനം, ആര്‍.എല്‍.ഹരിലാലിന്‍റെ സോര്‍ബ കടലിരമ്പവും തുളുമ്പും ചഷകവും, അജയ്.പി.മങ്ങാട്ടിന്‍റെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏകാന്തതയുടെ രഹസ്യങ്ങളിലേക്ക്, ഡോ.പി.കെ.പോക്കറുടെ കുരിശ്ശിലെ ആര്‍ത്ത നാദം , ആഷാ മേനോന്‍റെ ഗ്രീസിന്‍റെ ബലരേഖകള്‍, , എം.കൃഷ്ണന്‍ നായരുടെ കസന്‍ദ് സാക്കിസിന്‍റെ മാസ്റ്റര്‍ പീസ്, പി.കെ .രാജീവിന്‍റെ പീഢിതരുടെ ഉയര്‍ത്തെഴുന്നേല്പ്പ്, പീറ്റര്‍ ബീനിന്‍റെ കസന്‍ദ് സാക്കീസും സ്ത്രീകളും , വൈക്കം മുരളിയുടെ കസന്‍ദ് സാക്കീസ് കണ്ട റഷ്യ, പി.എന്‍.ദാസിന്‍റെ സെയ്ന്‍റ് ഫ്രാന്‍സിസ് വേദനയുടെ വെളിച്ചം, ഓഷോയുടെ നിക്കോസ് കസന്‍ദ് സാക്കിസ് നമ്മെ പ്രതിനിധീകരിക്കുന്നു എന്നിവയാണ് ഈ ഭാഗത്തുള്ളത്.
നാലാം ഭാഗത്ത് കൃതികളില്‍ നിന്നും എടുത്തിട്ടുള്ള ഭാഗങ്ങളാണ്. സോര്‍,ബ, കൂട്ടക്കൊല, ലിയോണ് ദാസിന്‍റെ ഡയറി, തോഡാ റാബ, നിങ്ങള്‍ അവനെ കൊന്നു- നിങ്ങള് എന്നിവയാണിവ. ഈ ഭാഗം പുസ്തകത്തില്‍ അനാവശ്യമായിരുന്നു എന്നു പറയാതെ വയ്യ. നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ ആദിമദ്ധ്യാന്തമില്ലാത്തതും മനസ്സിലാക്കാന്‍ കഴിയാത്തതുമായ ഒന്നായി. സത്യത്തില്‍ നോവലുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയല്ല, മറിച്ച് വിരസമാവുമോ വായന എന്ന ആശങ്കയാണ് അതുളവാക്കുന്നത്. എന്നാല്‍ ടോള്‍സ്റ്റോയിയും ദസ്തയെവിസ്ക്കിയും , എഴുത്തും ദേശവും , അമ്മ, റിപ്പോര്‍ട്ട് ടു ഗ്രെക്കോയുടെ പിറവി എന്ന ഹെലന കസന്‍ദ് സാക്കിസിന്‍റെ രചന എന്നിവ ഗംഭീരമായ അനുഭവങ്ങള്‍ പകര്‍ന്നു നല്കുന്നു. ഏതായാലും വായന അര്‍ഹിക്കുന്ന ഒരു പുസ്തകമാണ് കസന്‍ദ് സാക്കിസ്.
No comments:
Post a Comment