അര്ജുന്
പ്രശസ്തനായ ബംഗാളി
എഴുത്തുകാരനാണ് സുനില്‍ ഗംഗോപാധ്യായ. 1934-ല്‍ ബംഗ്ലാദേശിലെ ഫരീദ്പൂരില്‍ ജനിച്ച്
കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം
നേടിയ സുനിലിന്റെ പ്രസിദ്ധ കൃതികളില്‍ ഒന്നാണ് അര്ജുന്.സത്യജിത് റായ്
സിനിമയാക്കിയിട്ടുള്ള ഈ നോവല്‍ പറയുന്നത് ബംഗ്ലാദേശില്‍ നിന്നും പശ്ചിമ
ബംഗാളിലെത്തിയ അഭയാര്‍ത്ഥികളുടെ കഥയാണ്.അര്ജുന് റായ് ചൌധരിക്ക് പുറമെ അവന്റെ
അമ്മ ശാന്തി പിഷി,ലാബി,അവളുടെ അമ്മ,സുകന്,ദബ്യ,മുത്തച്ഛന്
നിഷി,നാരു,ജെതിമാ,ശുക്ല,അംജദ് അലി എന്ന ഹെഡ്മാസ്റ്റര്,മകന് യാക്കൂബ് തുടങ്ങിയവര്‍
പ്രധാന കഥാപാത്രങ്ങളായി വരുന്നു.
അര്ജുന് ഏറെ
പ്രിയപ്പെട്ട അമലാതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെടുന്ന ഭാഗത്ത്
സുനില്‍ ഇങ്ങനെ പറയുന്നു,”ഈ ലോകത്ത് ചിലരുണ്ട്,ഭംഗിയുള്ള ഒന്നിനെയും അവര്‍
നിലനില്ക്കാനനുവദിക്കില്ല.സൌന്ദര്യമെന്നാല്‍ അവര്‍ക്ക് നശിപ്പിക്കപ്പെടേണ്ട
ഒന്നാണ്.” പ്രകൃതിയോടായും ജീവികളോടായാലും മനുഷ്യനോടായാലും ഒരുകൂട്ടം
ദുഷ്ടബുദ്ധികളുടെ സമീപനം ഇതല്ലെ എന്ന് ഈ അവസരത്തില്‍ നമ്മള് ഓര്‍ത്തുപോകും.ഇന്ത്യ
വിഭജനത്തെ തുടര്‍ന്ന് മുസ്ലീങ്ങളുമായി സൌഹൃദമില്ലാതായ ഹിന്ദുക്കളുടെ യാതനാ നിര്‍ഭരമായ
യാത്ര സുനില്‍ വിവരിക്കുന്നുണ്ട്. സ്വാനുഭവത്തിന്റെ ചൂരുള്ള എഴുത്ത്. വിധവയായ
അമ്മയെ കഴുകന്മാരില് നിന്നും രക്ഷിച്ച് കല്‍ക്കത്തയിലെത്തിക്കുന്ന ഭാഗം
ഉദ്യോഗജനകമാണ്. “നിങ്ങള്‍ പാടേ
തകര്ന്നുപോയാല്,മരണത്തെപോലും നിങ്ങള്‍ക്ക് ഭയമില്ലാതാകും” എന്ന് സുനില്‍ ഓര്‍മ്മപ്പെടുത്തുന്നു.
അഭയാര്‍ത്ഥികളില്‍
വീര്യം നഷ്ടപ്പെടുക സ്വാഭാവികമാണ്. അവര്‍ ഭിക്ഷ തെണ്ടിയും താഴെത്തട്ടിലുള്ള
തൊഴിലെടുത്തും കടത്തിണ്ണകളില്‍ ഉറങ്ങിയും ജീവിതം തള്ളി നീക്കും. ഇവിടെ ബിരാജ്
ഠാക്കൂര്‍ എന്ന ഒരു കണ്ണിന് അന്ധതയുള്ള
മനുഷ്യന് അവര്‍ക്ക് കൈത്താങ്ങാവുന്നു. അവരെ ഡംഡമിലെ ഒഴിഞ്ഞുകിടന്ന വീടുകള്‍
കൈയ്യേറി താമസിക്കാന്‍ പ്രേരിപ്പിക്കുന്നു. ജീവിതം മെല്ലെ പച്ചപിടിക്കുമ്പോള്‍,അര്ജുന്
പഠനം തുടരുന്നു. ലാബിയും പഠിക്കാനിഷ്ടപ്പെടുന്നു.അവള്‍ക്ക് പൂര്‍ണ്ണസഹായം
നല്‍കുന്നത് അര്‍ജ്ജുനാണ്. എന്നാല്‍ അവളില്‍ കണ്ണുവച്ച് നടക്കുകയാണ് സുകന്. അവള്‍ക്കവനെ
ഇഷ്ടമല്ല താനും. സുകനെയും ദിബ്യയെയും വിലയ്ക്കെടുക്കുന്ന കേള്‍സിംഗ് എന്ന പ്ലൈവുഡ്
ഫാക്ടറി ഉടമയ്ക്ക് അതിഗൂഢ ലക്ഷ്യങ്ങുളുണ്ട്. സാവധാനം കോളനിവാസികളെ ഒഴിവാക്കി
ഫാക്ടറി വിപുലീകരിക്കണം. അതിന് എതിരു നില്‍ക്കുന്നവരെ അവരുടെ ഇടയില്‍ നിന്നുള്ളവരെകൊണ്ടുതന്നെ
നശിപ്പിക്കണം. കോളനിക്കാര്‍ അര്‍ജുന്റെ വാക്കുകള്‍ വിശ്വസിക്കുകയും കൂടെ
നില്‍ക്കുകയും ചെയ്യുന്നതില്‍ പകയുള്ളവനാണ് ദിബ്യ .അവന് കിട്ടുന്ന അവസരങ്ങളിലെല്ലാം
അര്‍ജുനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഗവേഷണം നടത്തുന്ന അര്‍ജുനും
പ്രൊഫസര്‍ അബനിഷദയും സഹോദരി ശുക്ലയും സുഹൃത്തുക്കളും ചേര്‍ന്ന ഒരു
ലോകത്തെക്കുറിച്ചും സുനില്‍ പറയുന്നുണ്ട്.
ആദ്യം അഞ്ച്
വീട്ടുകാരെ ഒഴിപ്പിക്കാനാണ് കേള്‍സിംഗ് ലക്ഷ്യമിടുന്നത്. വഴങ്ങുന്നില്ല എന്നുകണ്ട്
ആ വീടുകള്‍ക്ക് തീയിടുന്നു. സുകനെ വിവാഹം ചെയ്യാന്‍ ലാബിയെ ദിബ്യ നിര്ബ്ബന്ധിക്കുമ്പോള്
വഴങ്ങാതിരുന്ന അവളെ അതിക്രൂരമായി ദിബ്യ ബലാത്സംഗം ചെയ്യുന്നു.സംഘര്‍ഷം മുറ്റിയ
അന്തരീക്ഷത്തില്‍ കത്തിയ വീടുകളുടെ ഭാഗത്ത്
കേള്‍സിംഗ് മതിലുകെട്ടുന്നു. ഇതിനെ എതിര്‍ക്കുന്ന അര്‍ജുനെയും കൂട്ടരെയും
ദിബ്യയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ക്കുന്നു. ബോധംകെട്ട് ആസ്പത്രിയിലാകുന്ന അര്‍ജുന്റെ
ഓര്‍മ്മകളിലൂടെയാണ് ഇവിടെ കഥ പറയുന്നത്.
പ്ലസ് ടു
അധ്യാപികയായ കെ.കെ.റസീനയാണ് പരിഭാഷ നടത്തിയിരിക്കുന്നത്. ചിന്ത പബ്ലിഷേഴ്സ്
ഇറക്കിയ പുസ്തകത്തിന് 115 രൂപയാണ് വില.

ബംഗാളിനോവലുകളുടെ പരിഭാഷ ആവേശത്തോടെ വായിച്ചിരുന്നു. ചിന്തയുടെ പുസ്തകങ്ങള്‍ കിട്ടാനാണ് പാട്..
ReplyDelete