തുലാവര്‍ഷം
പെയ്തൊഴിഞ്ഞപ്പോള്‍
മനസ്സില്‍
അനുഭവങ്ങളും കാഴ്ചകളും വന്നുനിറഞ്ഞ് വീര്‍പ്പുമുട്ടുമ്പോഴാണ് എഴുത്തുകാരനില്‍
നിന്ന് അത് സൃഷ്ടിയായി പുറത്തേക്ക് വരുന്നത്. അതിശക്തമായ ഒരു ലാവാ പ്രവാഹമോ
പ്രളയമായി മാറുന്ന ഒരു കുത്തൊഴുക്കോ ആയത് മാറാം. ചിലപ്പോള്‍ ശാന്തമായൊഴുകുന്ന ഒരു
നദിയുടെ രീതിയാകാം അതിലുണ്ടാവുക. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളില്‍ നമ്മള്‍ ആ
ശാന്തത കാണാറുണ്ട്. ജലോപരിതലത്തിലും ഉള്ളിലുമുള്ള ഓരോ വസ്തുവും വ്യക്തതയോടെ
നമുക്ക് കാണാന്‍ കഴിയും. ഒരു ദാര്‍ശനിക ഭാവം ആ എഴുത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍
ഉറൂബിന്‍റെ രചനകളില്‍ തീവ്രമായ സംഘര്‍ഷങ്ങള്‍ വായനക്കാര്‍ അനുഭവിച്ചറിയും.അത്
ഉള്ളില്‍ കിടന്നുനീറും.സാമൂഹിക പ്രശ്നങ്ങളും അതില് അറിഞ്ഞോ അറിയാതെയോ കക്ഷി ചേരേണ്ടിവരുന്ന
വ്യക്തികളും ഈ സംഘര്‍ഷത്തിന്‍റെ ഭാഗമായി തീരുന്നു. എം.മുകുന്ദന്‍റെ രചനകളിലും
വ്യക്തിസംഘര്‍ഷം ഗൌരവമായിത്തന്നെ വായനക്കാര്‍ക്ക് അനുഭവപ്പെടും.കേന്ദ്രകഥാപാത്രം
മെല്ലെ മെല്ലെ വായനക്കാരിലേക്ക് സന്നിവേശിക്കുന്ന ഒരു രീതിയുണ്ട് അതില്‍.എംടിയുടെ
രചനകളിലെ ധിക്കാരിയായ ചെറുപ്പക്കാരനും ആ കാലഘട്ടത്തില്‍ നിലനിന്ന സംവിധാനങ്ങളെ
വെല്ലുവിളിക്കുകയാണുണ്ടായത്.
എല്ലാ
എഴുത്തുകാരും അവരുടെ ആത്മാശം ചാലിച്ച് കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോള് താന്‍
എന്നോ കണ്ടുപരിചയിച്ച പല വ്യക്തികളുടെ ഒരു നിറക്കൂട്ടുതന്നെ മിശ്രിതമാക്കുകയും
രചനയ്ക്ക് ഉപയുക്തമാക്കുകയുമാണ് ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ ഓര്‍മ്മകളില്‍
തങ്ങിക്കിടക്കുന്ന ബിംബങ്ങള്‍ പേനത്തുമ്പിലൂടെ പ്രവഹിക്കുന്നു എന്നുപറയുന്നതാവും
ഏറെ ശരി.സന്ദര്ഭങ്ങളും കഥാപാത്രങ്ങളും ആവര്‍ത്തിച്ചുവരുന്ന ജീവന്‍റെ തനിയാവര്‍ത്തനങ്ങളാണ്
ഭൂമിയുടെ സംഭാവന എന്നു പറയാം.ആദി കവിയുടെ കഥ മുതല്‍ ഏറ്റവും ആധുനികമായ കഥ വരെ ഉയര്‍ത്തിക്കാട്ടുന്ന
മൂല്യങ്ങളും ധര്‍മ്മങ്ങളും അധാര്‍മ്മികതയും അധികാരവും അടിച്ചമര്‍ത്തലുമെല്ലാം
സമാനതയുള്ളവയാണ്. അവ അവതരിപ്പിക്കുന്ന രീതിയിലാണ് ,ശൈലിയിലാണ് മാറ്റം
കാണുന്നത്.കാവാലം മാധവന്‍കുട്ടിയുടെ “തുലാവര്ഷം പെയ്തൊഴിഞ്ഞപ്പോള്” എന്ന നോവലും ഇതിനൊരപവാദമല്ല.
തീവ്രമായ
ജീവിതാനുഭവങ്ങളും ജന്മത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതമായ യാത്രയും മനോഹരമായി
ചിത്രീകരിക്കുന്ന ഒരു നോവലാണ് തുലാവര്‍ഷം പെയ്തൊഴിഞ്ഞപ്പോള്‍. ഇതിലെ
കേന്ദ്രകഥാപാത്രം തന്നെയാണ് കഥ പറയുന്നയാള്‍. അതുകൊണ്ടുതന്നെ ആ വ്യക്തിക്ക്
പേരില്ല. പേരിനും അപ്പുറം ഉയര്‍ന്നു നില്ക്കുന്ന ഒരു ശില്പ്പമായി അയാളെ വളര്‍ത്തിയെടുക്കാന്‍
നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ജീവിതം മുള്ളുനിറഞ്ഞ ഒരു ദുര്‍ഘട പാതയാണെന്നും
എപ്പോഴും കൊത്താന്‍ തയ്യാറായി നില്ക്കുന്ന വിഷപ്പാമ്പുകള്‍
പാതയ്ക്കിരുവശവുമുണ്ടെന്നും ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളെയും അവിടെ ആശ്വാസമഴയായി
വന്നുചേരുന്ന കുറെ വ്യക്തിത്വങ്ങളെയും കോര്‍ത്തിണക്കിയാണ് നോവലിസ്റ്റ് കഥ
പറയുന്നത്. ചെയ്യാത്ത തെറ്റിന് അവഹേളിക്കപ്പെട്ട് വീടും നാടും ഉപേക്ഷിക്കേണ്ടി
വരുന്ന ഒരു യുവാവിനുണ്ടാകുന്ന വ്യഥകള്‍, പ്രിയ കാമുകിയെ ഉപേക്ഷിക്കേണ്ടി വരുന്ന
ഒരു പ്രണയാതുരന്‍റെ നൊമ്പരങ്ങള്‍,തുടര്‍ന്നുള്ള
ജീവിതം നല്കുന്ന പാഠങ്ങള്‍ ഒക്കെയും വായനയുടെ രസച്ചരടുപൊട്ടാതെ
അവതരിപ്പിക്കുന്നുണ്ട് എഴുത്തുകാരന്‍. ആശ്രമത്തില്‍ എത്തപ്പെടുന്ന മുഹൂര്‍ത്തത്തില്‍
നിന്നും പിറകോട്ടുള്ള സഞ്ചാരമായാണ് കഥ
പറയുന്നത്. നന്മയുള്ള ഒരുപാട് മനുഷ്യരെയും സന്ദര്ഭങ്ങളെയും നോവലിസ്റ്റ്
വിവരിക്കുന്നുണ്ട്. കാലം കൈയ്യൊപ്പുചാര്‍ത്തിയ അനുഭവങ്ങള്‍ക്ക് നിറം പിടിപ്പിച്ച
ആലങ്കാരികതകളില്ലാതെ , ചിന്തേരിടാതെ ,സത്യസന്ധമായ വിവരണം നല്കാനാണ് മാധവന്‍കുട്ടി
ശ്രമിച്ചിട്ടുള്ളത്. അതില്‍ വിജയിക്കുകയും ചെയ്തു.
മാധവന്‍കുട്ടി
എഴുതിയ ഗുരുദേവന്‍റെ ജീവിതം പ്രമേയമായ നോവല്‍ “കാലത്തിന്റെ കൈയ്യൊപ്പ്” മഹാനായ ഒരു ദാര്ശനികന്
എങ്ങിനെ ഒരു സാധാരണ മനുഷ്യനില്‍ നിന്നും ഉയിര്ത്തെഴുന്നേറ്റു എന്ന് നമ്മെ അറിയിക്കുന്നുണ്ട്. ആ ദര്ശനം ഇവിടെയും നമുക്ക് കാണാന്‍ കഴിയും. മനഃശാസ്ത്രപരമായും ആധ്യാത്മികമായും ദാര്ശനികമായും വ്യക്തിജീവിതത്തെ
മനസിലാക്കി അപഗ്രഥിച്ച് നോവലിലൂടെ പ്രകാശിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലി
കാവാലം മാധവന്‍കുട്ടി ഇവിടെ സമര്‍ത്ഥമായി നിര്‍വ്വഹിച്ചിരിക്കുന്നു. ഭാഷയുടെ
ലാളിത്യവും കഥാസന്ദര്‍ഭങ്ങള്‍ ഉണര്‍ത്തുന്ന ഉദ്യോഗവുമാണ് ഈ സൃഷ്ടിയുടെ
പ്രത്യേകതകള്‍. വായിച്ചുകഴിയുമ്പോള്‍
കേന്ദ്രകഥാപാത്രം നമുക്കൊപ്പം സഞ്ചരിക്കാന് തുടങ്ങുന്നു എന്നതുതന്നെ
നോവലിന്‍റെ ശക്തിയായി കാണാവുന്നതാണ്.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് വളരെ തെളിമയുള്ള എഴുത്താണ് മാധവന്‍കുട്ടിയുടേത്.
റാക്കമ്മയും ദേവയാനിയും കാര്‍ത്ത്യായനിയും അമ്മാളുവമ്മയുമെല്ലാം പച്ചയായ
മനുഷ്യരാണ്. കാമം,ക്രോധം,സ്നേഹം,വാത്സല്യം ഒക്കെയും ചേര്ന്നാണ് സൃഷ്ടിയെന്നും
അതിനെ അതിജീവിക്കാന്‍ അപൂര്‍വ്വംപേര്‍ക്കെ കഴിയൂ എന്നും എഴുത്തുകാരന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.പാരായണസുഖം
നല്കുന്ന ഒരു നല്ല സൃഷ്ടിതന്നെയാണ് കാവാലം മാധവന്‍കുട്ടിയുടെ “തുലാവര്ഷം പെയ്തൊഴിഞ്ഞപ്പോള്”.
No comments:
Post a Comment