കെടാത്ത ചിത--- ഒരു ദുരന്തത്തിന്‍റെ ബാക്കിപത്രം
--- കല്ലറ അജയന്‍
ദുരന്തങ്ങള്‍ ആത്യന്തിക വിശകലനത്തില്‍ അതിന്നിരയാകുന്നവരുടെ മാത്രം പ്രശ്നമാണ്. ചിലപ്പോള്‍ ആ ഇരകളെ ആശ്രയിച്ചുജീവിക്കുന്ന ബന്ധുക്കളുണ്ടെങ്കില്‍ മറ്റൊരു ആശ്രയകേന്ദ്രം ലഭിക്കുന്നതുവരെ അവരെയും ദുരന്തം വേട്ടയാടും. സമൂഹമാകട്ടെ ദുരന്തത്തെ ആഘോഷിച്ചു തീര്‍ക്കുകയാണ് പതിവ്. പര്‍വ്വതീകരിച്ച വാര്‍ത്തകളും കണക്കുകളുമായി അവര്‍ ഓരോ ദൂരന്തത്തെയും ആഘോഷമാക്കുന്നു. തുടര്‍ന്ന് അടുത്ത ദുരന്തത്തിനായി ആവേശതേതോടെ കാത്തിരിക്കുന്നു. ഏതൊരു സംഭവത്തെയും ദുരന്ത പരിവേഷം നല്കി ആഘോഷമാക്കാന്‍ സമൂഹത്തിനുള്ള വ്യഗ്രത അതിന്‍റെ സഹജ ഭാവമാണ്. ജീവിതത്തിന്‍റെ മടുപ്പുകളെയും മുരടിപ്പുകളെയും സമൂഹം മറികടക്കുന്നത് അങ്ങനെയാണ്.
ഒരു ദുരന്തം നടന്നുകഴിയുന്പോള്‍ സഹതാപത്തിന്‍റെ മേലങ്കിയണിഞ്ഞെത്തുന്ന സമൂഹം ദുരന്തശേഷം എന്തുണ്ടായി എന്നന്വേഷിക്കാറേയില്ല. തകര്‍ന്നടിഞ്ഞ ജീവിതങ്ങളെക്കുറിച്ച് അലസമായിപ്പോലും ആരും തിരക്കാറില്ല. ദുരന്തങ്ങളില്‍ പരുക്കേറ്റുകിടക്കുന്ന പലരുടെയും സ്ഥിതി മരിച്ചവരോട് അസൂയ തോന്നിക്കുന്ന വിധത്തില്‍ ദയനീയമായിരിക്കും. ജീവച്ഛവങ്ങളായി കിടക്കുന്ന ഇത്തരക്കാരെ കുടുംബാംഗങ്ങള്‍ തനിച്ച് പേറേണ്ടീ വരുന്നു. അവിടേക്ക് സമൂഹത്തിന്‍റെ സഹായ ഹസ്തങ്ങളെത്തുന്നത് അപൂര്‍വ്വമായി മാത്രം.
ഒരു മഹാദുരന്തത്തിനു ശേഷം അതില്‍ എരിഞ്ഞുതീര്‍ന്നവര്‍ക്കും ബന്ധുക്കള്‍ക്കും പിന്നെന്തുണ്ടായി എന്ന് അന്വേഷിക്കാന്‍ വി.ആര്‍.അജിത്കുമാര്‍ നടത്തിയ ശ്രമത്തിന്‍റെ അനന്തര ഫലമാണ് ചെറുതെങ്കിലും ശ്രദ്ധേയമായ കെടാത്ത ചിത ഏന്ന നോവല്‍. ഡല്‍ഹി ഉപഹാര്‍ തിയറ്ററില്‍ ഒരിക്കലുണ്ടായ അഗ്നിബാധയെക്കുറിച്ച് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞ നോവലിസ്റ്റ് ദുരന്തശേഷം ഒരു കുടുംബത്തിലുണ്ടായതോ ഉണ്ടാകാനിടയുള്ളതോ ആയ ശൂന്യതയിലും വേദനയിലും കൂടി നടത്തിയ ആത്മയാനത്തിനൊടുവിലാണ് കെടാത്ത ചിത വാര്‍ന്നു വീണത്.
നോവല്‍ ഒരു പടിഞ്ഞാറന്‍ സാഹിത്യരൂപമാണ് എന്നതും വ്യവസായവിപ്ളവത്തിന്‍റെ ഒരുപോല്പ്പന്നമായാണത് രൂപപ്പെട്ടത് എന്നതും പരക്കെ അറിവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അതിന്‍റെ ശില്പ്പത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്പോളെല്ലാം നമ്മള്‍ പടിഞ്ഞാറോട്ട് നോക്കുന്നു. പടിഞ്ഞാറിനെ അനുകരിച്ചാണ് മലയാളത്തില്‍ നോവല്‍ ആരംഭിച്ചതെങ്കിലും മഹാപ്രതിഭകളായ പലരും അതില്‍ കേരളീയമായ ഒരു സൌന്ദര്യ ശാസ്ത്രം സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. നോവല്‍ മലയാളത്തിന്‍റെ തായ് വേരില്‍ ഉയര്‍ന്നു നില്ക്കാന്‍ നടത്തിയ ശ്രമം വിജയിച്ചുവെന്നാണ് സിവി മുതല്‍ എംടി വരെയുള്ള എഴുത്തുകാരില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. സിവിയുടെ നോവലുകളും അപ്പന്‍ തന്പുരാന്‍റെ ഭൂതരായരും തുടങ്ങി തകഴി, ദേവ്,പൊറ്റക്കാട്, ഉറൂബ്, പി.കെ.ബാലകൃഷ്ണന്‍(പി.കെ.ബാലകൃഷ്ണന് എടുത്തുപറയാന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന ഒരു നോവല്‍ മാത്രമേയുള്ളുവെങ്കിലും ഭാഷാപരമായും ശില്പ്പപരമായും അസാധാരണ ഔന്നത്യം ആ നോവലിനുണ്ട്. ) എംടി. പുനത്തില്‍ കുഞ്ഞബ്ദുള്ള , ടിവി കൊച്ചുബാവ എന്നിവരില്‍ നമ്മുടെ നോവല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വല്ലപ്പോഴും വരുന്ന ആനന്ദിന്‍റെ ചില കൃതികളൊഴിച്ചാല്‍ എടുത്തു പറയത്തക്ക ഒരു കൃതിയും മലയാളത്തിലുണ്ടാകുന്നില്ല. കൊച്ചുബാവയുടെ വൃദ്ധസദനമാണ് മലയാള നോവലിലെ എടുത്തുപറയത്തക്ക അവസാന കൃതി. അതുകഴിഞ്ഞ് ഒരു നീണ്ട നാളത്തെ വളര്‍ച്ചയിലൂടെ മലയാളനോവല്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്.
ഒരേ അച്ചില്‍ വാര്‍ന്നു വീഴുന്ന ചെറുകഥകളും നോവലുകളും കൊണ്ട് ദുര്‍ഭരഗര്‍ഭം പേറിയിരിക്കുകയാണ് ഇന്നുമലയാള സാഹിത്യം. ഗതാനുഗതികത്വം ഇന്ത്യന്‍ മനസ്സുകളുടെ ഒരു പൊതുസ്വഭാവമാണെന്നു വേണമെങ്കില്‍ പറയാം. പെട്ടെന്നൊന്നും മാറ്റത്തെ സ്വാഗതം ചെയ്യുന്നതല്ല ഭാരതത്തിന്‍റെ മനസ്സ്. ഒരേ ഉള്ളടക്കത്തിന്‍റെ വ്യത്യസ്തങ്ങളായ ആവിഷ്ക്കാരങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട കൃതികള്‍ മിക്കവയും. രാമായണ കഥ തന്നെ എത്ര രൂപത്തില്‍ പുനരവതരിച്ചു. എന്നിട്ടും മൂവായിരത്തോളം വര്‍ഷം നമ്മള്‍ അതുകൊണ്ടുതന്നെ കഴിഞ്ഞുകൂടി. ഇടയ്ക്കുണ്ടായ പല സ്ഫുലിംഗങ്ങളേയും നമ്മള്‍ ഊതിക്കെടുത്തി. അല്ലെങ്കില്‍ അവഗണിച്ചു. അസ്തിത്വദുഖം ഇതിവൃത്തമാക്കി മലയാളത്തില്‍ എത്ര നോവലുകള്‍ ഉണ്ടായി. ഒരെഴുത്തുകാരന്‍ തന്നെ ഒരേ ഇതിവൃത്തത്തില്‍ നാലും അഞ്ചും കൃതികളെഴുതി. കാക്കനാടന്‍റെ തന്നെ സാക്ഷി, തുലാവര്‍ഷം.അജ്ഞതയുടെ താഴ്വര , ഉഷ്ണമേഖല ,ഇവയെല്ലാം ആത്യന്തികവിശകലനത്തില്‍ ഒരു പ്ളോട്ടിന്‍റെ വ്യത്യസ്താവിഷ്ക്കരണങ്ങള്‍ തന്നെ. മുകുന്ദന്‍റെ ഡല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , ഈ ലോകം അതിലൊരു മനുഷ്യന്‍ , ആവിലായിലെ സൂര്യോദയം , എല്ലാം അസ്തിത്വദുഖം പേറുന്ന നായകന്‍റെ ഏകാന്തദൈന്യത തന്നെ. ഓ.വി.വിജയന്‍റെ രവിയും കുഞ്ഞുണ്ണിയും ഇതേ അസ്തിത്വ വ്യഥ പേറുന്നവര്‍ തന്നെ. ഇനിയുമെത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. എന്നിട്ടും ഈ ഒരേ തൂവല്‍പക്ഷികളെ ഒരു നിരൂപകനും തുറന്നുകാട്ടിയില്ല. ഇടയ്ക്കൊന്നു വഴിമാറി ചവിട്ടാന്‍ ശ്രമിച്ചവരെ കാക്ക കവണക്കല്ലിനെ നോക്കുന്നതുപോലെയാണ് നമ്മുടെ നിരൂപകരും ആസ്വാദകരും വീക്ഷിച്ചത്. കടുത്ത അവജ്ഞയും തമസ്ക്കരണവും വഴി അവരെ നിരുത്സാഹപ്പെടുത്തി.
ഇത്തരത്തില്‍ യൂണിഫോമിട്ട സ്കൂള്‍ കുട്ടികളെപ്പോലെ നമ്മുടെ മുന്‍പിലെത്തിയ കൃതികളെ കണ്ടുമടുത്തവരുടെ മുന്‍പിലേക്ക്, വ്യത്യസ്തമായ ഒരനുഭവ തലം പകര്‍ന്നുനല്കാനുള്ള ശ്രമമാണ് അജിത് കുമാറിന്‍റെ കെടാത്ത ചിത. ആവിഷ്ക്കാരത്തില്‍ വലിയ പുതുമയ്ക്കുവേണ്ടി നോവലിസ്റ്റ് ശ്രമിക്കുന്നില്ല. എന്നാല്‍ ഇതിവൃത്തം മലയാളത്തില്‍ കണ്ടുമടുത്തത് അല്ലതന്നെ. ആവിഷ്ക്കാരത്തില്‍ പുതുമയ്ക്ക് ശ്രമിക്കുന്നില്ല എങ്കിലും സ്ഥിരം കാണുന്ന രീതിയില്‍ സംഭവങ്ങളുടെ ഒരു നേര്‍രേഖാ ചലനം നമ്മളിവിടെ കാണുന്നില്ല. ഗതകാലത്തില്‍ നിന്നും അനുക്രമമായി വര്‍ത്തമാനത്തിലേക്ക് വരുകയല്ല അദ്ദേഹമിവിടെ ചെയ്യുന്നത്. പോയകാലത്തെയും വര്‍ത്തമാനത്തെയും മാറിമാറി അവതരിപ്പിച്ചുകൊണ്ട് സ്ഥിരം ആവിഷ്ക്കാര തന്ത്രങ്ങളെ മറികടക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആവിഷ്ക്കാരത്തിലും ഒരു ഗതാനുഗതികത്വം നമുക്കനുഭവപ്പെടുന്നില്ല.
ഇതിവൃത്തത്തിന് ആനന്ദിലൊക്കെ കാണൂന്നതുപോലെ ഒരു ഉത്തരേന്ത്യന്‍ പരിവേഷമുണ്ട്. ഡല്‍ഹിയില്‍ നടന്ന ഒരു ദുരന്തത്തെ അവതരിപ്പിക്കുന്പോള്‍ അതിന് ഒരുത്തരേന്ത്യന്‍ കുടുംബത്തെ പശ്ചാത്തലമാക്കുന്നതാകും ഉചിതം എന്ന് നോവലിസ്റ്റ് കരുതിയിട്ടുണ്ടാവും. തീര്‍ച്ചയായും മലയാളിത്തം മണക്കാതെ നമുക്കാ ദുരന്തത്തെ അനുഭവിച്ചറിയാനാകുന്നുണ്ട്.
ഗണേശ് ശര്‍മ്മയാണ് ദുരന്തത്തിന്‍റെ ജീവിച്ചിരിക്കുന്ന ഇര. ദൂഖപൂര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് തന്മയീഭവിക്കുന്ന ഒരു ഹൃദയം നോവലിസ്റ്റിന് ഉണ്ട് എന്നതിന്‍റെ തെളിവാണ് ഇത്രമാത്രം ഭാരം നെഞ്ചിലേറ്റേണ്ടിവരുന്ന ഒരു കഥാപാത്രത്തിനെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. പക്ഷെ ഒരു ദുരന്തത്തിനും തകര്‍ത്തെറിയാനാവുന്നതല്ല മനുഷ്യന്‍റെ അദമ്യമായ ജീവിതാവേശം. ഗുജറാത്തിലെ ഭുജിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും സുനാമി കശക്കിയെറിഞ്ഞ തീരഭൂമികളിലും ജീവിതം വീണ്ടും തളിര്‍ക്കുന്നത് ദുഖസ്മൃതികളോടെ നമ്മള്‍ കണ്ടുനിന്നതാണ്. ഗണേശ് ശര്‍മ്മയുടെ ജീവിതവും തളിര്‍ക്കുകയാണോ? അതും വന്ധ്യമെന്നാല്ലാരുമെണ്ണുന്ന വാര്‍ദ്ധക്യത്തിന്‍റെ വൈകുന്നേരത്തില്‍ . നോവലിസ്റ്റ് അര്‍ദ്ധോക്തിയിലോ അവ്യക്തതയിലോ അഭയം തേടുന്ന അന്ത്യവും ശ്രദ്ധേയം തന്നെ.
Tuesday, February 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment