
നര്‍ത്തകിയും നൃത്തസംവിധായികയും എഴുത്തുകാരിയുമായ മൃണാളിനി സാരാഭായ് എഴുതിയ നോവലാണ് The Warrior Women. പനന്പിള്ളി അരവിന്ദാക്ഷ മേനോന്‍ "തോക്കേന്തിയ വനിത " എന്ന പേരില്‍ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇന്ത്യാ ചരിത്രത്തിന്‍റെ ഭാഗമായി തീര്‍ന്ന ഐഎന്‍എ യിലെ വനിത ബറ്റാലിയന്‍ അനുഭവിച്ച ദുരന്തങ്ങളുടെ കഥയാണ് ഇതിലൂടെ മൃണാളിനി അനാവരണം ചെയ്യുന്നത്. അക്കാലത്തെ ഒരു മലബാര്‍ ഗ്രാമത്തിന്‍റെ നിര്‍മ്മമതയില്‍ വളര്‍ന്നൊരു പെണ്‍കുട്ടി അന്ന് സാധാരണമായ ചിന്തകളെ മറികടന്ന് സിംഗപ്പൂരില്‍ പോയി പഠിക്കുന്നതും സ്വാതന്ത്യസമരത്തിലേക്ക്, അതിന്‍റെ തീവ്രവാദസമീപനങ്ങളിലേക്ക് എടുത്തു ചാടുന്ന കഥയാണ് ഇതില്‍ വിവരിക്കുന്നത്. ആശാലത എന്ന ഈ വിപ്ളവകാരി തീവ്രപീഢനങ്ങള്‍ക്ക് വിധേയയാകുന്പോള്‍ അനുജത്തി വനിത ഒരു ഒതുങ്ങിയ ജീവിതം നയിക്കുന്നു.
ഐഎന്‍എ പരാജയമായി തീര്‍ന്നതിന്‍റെ കഥയാണിത് എന്നുവേണമെങ്കിലും പറയാം. ജപ്പാന്‍റെയും ബ്രിട്ടന്‍റെയും ക്രൂരസമീപനങ്ങള്‍ക്കിടയില്‍പെട്ട ഒരു ജനതയുടെ വേദന ഇതില്‍ കാണാന്‍ കഴിയും. സാധാരണ സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്ത ലത ഒടുവില്‍ ഏകാന്തമായ ഒരവസ്ഥയില്‍ അലന്‍ എന്ന പട്ടാളക്കാരന്‍റെ സൌഹൃദത്തിലേക്ക് അലിഞ്ഞു ചേരുന്പോള്‍ അവള്‍ തന്‍റെ വ്യത്യസ്തമായ സ്വഭാവരീതികളില്‍ നിന്നു മാറി ഒരു സാധാരണ സ്ത്രീയായി മാറുന്നതു കാണാം. പ്രകൃതി നിശ്ഛയിച്ച നിയോഗങ്ങളിലേക്ക് ഒതുങ്ങുന്ന അവസ്ഥ. സ്വന്തക്കാരുടെയും കൂട്ടുകാരുടെയും മരണങ്ങള്‍ക്ക് സാക്ഷിയാകുന്ന അവള്‍ യുദ്ധരംഗം മടുത്ത് പിന്‍വാങ്ങുകയാണ്. ഒടുവില്‍ എല്ലാറ്റില്‍ നിന്നും ഒളിച്ചോടുന്ന ഒരു വ്യക്തിയായി അവള്‍ മാറുന്നു. മനസ്സുഖത്തിനായി ആശ്രമത്തില്‍ പോയി താമസിക്കുകയും അവിടെ നിന്നു മടങ്ങുന്പോഴും അലന്‍റെ ചിന്ത അവളെ വേട്ടയാടുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
ഐഎന്‍എയുടെ കാലഘട്ടം നോവലിസ്റ്റ് നന്നായി വരച്ചിട്ടുണ്ട് ഈ നോവലില്‍. യൂദ്ധരംഗത്ത് പങ്കെടുത്ത ഒരാളിന്‍റെ തീവ്രതയോടെയാണ് ആ രംഗങ്ങള്‍ വിവരിക്കുന്നത്. ഒരു പക്ഷേ , ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സഹോദരി എന്ന നിലയില്‍ അവര്‍ പറഞ്ഞ അനുഭവങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ടാകാം. പനന്പിള്ളി അരവിന്ദാക്ഷമേനോന്‍റെ വിവര്‍ത്തനവും നന്നായിട്ടുണ്ട്.
No comments:
Post a Comment