കഥകള്‍ ഓര്‍മ്മകള്‍
വി,ആര്‍.അജിത് കുമാര്‍
കഥകള്‍ പലപ്പോഴും ഓര്‍മ്മയില്‍ മറഞ്ഞുകിടക്കുന്ന ദൃശ്യങ്ങളാണ്. എപ്പോഴെങ്കിലും തീവ്രതയോടെ അവ പുറത്തേക്ക് വരുന്നു, ഏഴുത്തുകാരനെ പ്രലോഭിപ്പിക്കുന്നു. അത്തരത്തിലുള്ള കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ് ചന്ദ്രപ്രകാശിന്‍റെ "കഥകള്‍ ഓര്‍മ്മകള്". സത്യങ്ങളും വിഭ്രാന്തികളും മിത്തുകളും ഫാന്‍റസിയും കുടികലര്‍ന്നൊരു ചിത്രമാകും വിധമാണ് ചന്ദ്രപ്രകാശിന്‍റെ കഥകള്‍ ഏറെയും. നിയതമായ ചട്ടക്കൂടിന് വെളിയിലേക്ക് ഇറങ്ങിനില്ക്കുന്ന കഥാപാത്രങ്ങളാണ് കഥകളില്‍ ഏറെയും. മഴയും നഷ്ടപ്പെടലും അശാന്തിയും സംശയവും കഥകളുടെ ഊര്‍ജ്ജമാകുന്നു. "തിരക്കഥ"യിലെ കഥാപാത്രങ്ങള്‍ മിക്കവരും സമൂഹത്തിന്‍റെ നിയമങ്ങള്‍ ധിക്കരിക്കുന്നവരാണ്. ഒരു ഫിലിമിന്‍റെ റഷസ് പോലെയുണ്ട് ആ കഥ. "യുദ്ധം അവസാനിക്കുന്നു" എന്ന കഥയിലും സ്വപ്നജീവിതമാണ് മുരുകന്‍റേത്. നമ്മള്‍ നിശ്ഛയിച്ചുറപ്പിച്ച മൊറാലിറ്റിക്കപ്പുറത്താണ് "സംഗീത"ത്തിലെ കഥാപാത്രങ്ങള്‍."ദുര്‍ഗ്ഗാദേവി"യിലും ഫാന്‍റസിയുടെ പട്ടം ഉയര്‍ന്നു പറക്കുന്നതുകാണാം. "നിശാശലഭങ്ങളുടെ സംഗീതം" വളരെ വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്. തീവ്രമായ യാഥാര്‍ത്ഥ്യവുമായുള്ള സംഘട്ടനം ഇതിലുണ്ട്. "സര്‍പ്പവിജയം" മനുഷ്യന്‍റെ ദ്വദ്ദ്വത്തെ ഉപയോഗപ്പെടുത്തിയ കഥയാണ്. "മാസ്റ്റര്‍പീസ്" എന്ന കഥ കാമുകിക്ക് ചെവി മുറിച്ചു നല്കിയ വാന്‍ഗോഗിനെ ഓര്‍മ്മപ്പെടുത്തുന്നു. "എലികളി"ല്‍ കഥ പെട്ടന്നൊരന്ത്യത്തില്‍ എത്തിയപോലെ തോന്നി. "ആശാദ്വീപ് "ശരിക്കും ആശാദീപാണ്. ദീപ് ഏന്നാല്‍ വെളിച്ചം എന്നര്‍ത്ഥം. കഥയില്‍ അതൊരു പോരായ്മയായി തോന്നി. "തിരക്കഥ"യിലും "ആശാദീപി"ലും വഴിയില്‍ ഭിക്ഷതെണ്ടുന്ന കുട്ടി ഒരു സമാനത സൃഷ്ടിക്കുന്നുണ്ട്. "ഷെമല്‍" എന്ന ഗള്‍ഫുകഥ അറിയാത്തൊരിടം പരിചയപ്പെടുത്തുന്നതിന്‍റെ സുഖം നല്കുന്നുണ്ട്. "കുഞ്ഞാമിന"യിലെ നര്‍മ്മം മനോഹരം. "ഇടപാട് "എന്ന കഥ പച്ചയായ മനുഷ്യരുടെ വൃത്തികേടുകളും ഗതികേടുകളും തുറന്നുകാട്ടുന്നു. മാനസിക വിഭ്രാന്തി ബാധിച്ച കുട്ടിയുടെ കഥ പറയുന്ന" കൈലാസദുര്‍ഗ്ഗ"യും വ്യത്സ്തമായ കഥയാണ്. "ചന്ദ്രന്‍ പുഷ്പ്പിച്ചു, മേഘം ആലിപ്പഴം പൊഴിച്ചു" എന്ന കഥ വേണ്ടവിധമായില്ലെന്നു തോന്നി.
ഓര്‍മ്മകളില്‍പറയുന്ന ഗള്‍ഫ് അനുഭവങ്ങള്‍ കഥപോലെ സുന്ദരമാണ്. അനിത വീണ്ടും എഴുതുന്നു, രാജ്യമില്ലാത്തവന്‍റെ പ്രാര്‍ത്ഥന, നിലാവെന്നാല്‍ ചന്ദ്രനാണോ,അരവിന്ദേട്ടന്‍ എന്ന മന്ത്രവാദി , മരുഭുമിയിലെ കേരളം . പ്ളാവിലകള്‍ സ്വപ്നം കാണുന്ന പാത്തുമ്മ, അറബിക്കഥപോലെ ഒരു ജീവിതം , മരുഭൂമിയുടെ തടവുകാരന്‍, അബ്രയിലെ യക്ഷി, ജീവിതവൃക്ഷത്തിലെ ദുരിതകാണ്ഡങ്ങള്‍ , രണനായകെയുടെ കഥ-റോസിന്‍റെയും , അറബിക്കഥയിലെ അപസര്‍പ്പകനായകന്‍ എന്നിവയാണ് ഓര്‍മ്മകള്‍. മരുഭൂമിയുടെ തടവുകാരന്, പ്ളാവിലകള്‍ സ്വപ്നം കാണുന്ന പാത്തുമ്മ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
Saturday, January 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment