ഓര്‍മ്മായനം
ഉറൂബിന്റെ ജീവിതം,ദര്‍ശനം,നര്‍മ്മം,എഴുത്തിന്റെ
വഴികള്‍,സൌഹൃദങ്ങള്‍ തുടങ്ങി അറിയുന്നതും അറിയപ്പെടാത്തുമായ ഒരുപാട്
വഴികളിലൂടെ നമ്മെ ഒരു സഞ്ചാരത്തിന്
ക്ഷണിക്കുകയാണ് “ഓര്മ്മായന”ത്തിലൂടെ
മകന് ഇ.സുധാകരന്. പൊന്നാനി പരുത്തുള്ളി ചാലപ്പുറം മേനോന് തറവാട്ടിലെ
കാരണവന്മാരെ പരിചയപ്പെടുത്തിയാണ് എഴുത്ത് തുടങ്ങുന്നത്.തുടര്‍ന്ന് വലിയച്ഛനായ
ഇടശ്ശേരിയെയാണ് അവതരിപ്പിക്കുന്നത്. ഉറൂബും ഇടശ്ശേരിയും തമ്മിലുള്ള അടുപ്പം,കുടുംബ സൌഹൃദം,വ്യക്തി പ്രത്യേകതകള്‍
ഒക്കെയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ദൌര്‍ബ്ബല്യത്തെ ഇടശ്ശേരി
ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സുകുമാരന്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം കര്‍മ്മത്തിന്റെ
ഫലം അനുഭവിക്കണം,വിട്ടുവീഴ്ചയുടെ കാര്യമില്ല,മാപ്പിരക്കുന്നവനും കൊടുക്കുന്നവനും
ദുര്‍ബ്ബലനാണ് എന്നിങ്ങനെ പോകുന്നു ഇടശ്ശേരിയുടെ ദര്‍ശനങ്ങള്‍. ഇത് ബുദ്ധദര്‍ശനമാണ്
എന്നും പറയുന്നുണ്ട്.
ഉണ്ണികൃഷ്ണന് പുതൂരിനെയും കവി
പി.കുഞ്ഞിരാമന് നായരെയും പരിചയപ്പെട്ട ഗുരുവായൂര്‍ ഓര്‍മ്മകളാണ് തുടര്‍ന്നുള്ള”
ആത്മാവിലേക്കൊന്നു നോക്കട്ടെ ഞാന്‍” എന്ന അദ്ധ്യായം പറയുന്നത്. ജോണ്‍ എബ്രഹാമിന്റെ
പ്രത്യേകത കൂടി ഒരൊറ്റ സന്ദര്‍ഭത്തിലൂടെ വെളിവാക്കുന്നുണ്ട്. ഉറൂബ് പിയെക്കുറിച്ച്
എഴുതി, “അഗ്നി പര്‍വ്വതത്തില്‍
നിന്നും തള്ളിയൊഴുകുന്ന ലാവയില്‍ ,ഭൂമിയിലെ വിലപിടിപ്പുള്ള പല ധാതുപദാര്‍ത്ഥങ്ങള്‍
ഉള്‍ച്ചേര്‍ന്നിരിക്കുന്ന പോലെ കുഞ്ഞിരാമന് നായരുടെ കവിതയില്‍ ദേശീയ സ്വഭാവമുള്ള
എല്ലാം അലിഞ്ഞുചേര്‍ന്നിരിക്കുന്നു.”
വ്യവസ്ഥാപിതത്വത്തിനും നീതിനിഷേധത്തിനുമെതിരെ
പോരാടിയിരുന്ന ഉറൂബിന്റെയും എന്‍ പി മുഹമ്മദിന്റെയും സാദൃശ്യങ്ങള്‍
വിവരിക്കുന്നതാണ് മാഹമ്മദം. ഇഷ്ടപ്പെട്ട നാട്ടുനടപ്പുകളെ സ്വാശീകരിക്കുന്നതോടൊപ്പം
എതിര്‍ക്കപ്പെടേണ്ടതെന്ന് കരുതുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാനും അവര്‍ മുതിര്‍ന്നിരുന്നു.
നീലക്കുയിലിന്റെ തിരക്കഥ എഴുതിയ
കാലത്തെ കുറിച്ചാണ് കുയിലിന്റെ കാലം പറയുന്നത്. പഥേര്‍ പാഞ്ചാലിക്കും ഒരു വര്‍ഷം
മുന്‍പാണ് നീലക്കുയില്‍ ഇറങ്ങിയത് എന്നതും ശ്രദ്ധേയമാണ്.നമ്മള് അറിയാത്ത പല
സംഭവങ്ങളും സുകുമാരന്‍ ഇടയ്ക്കിടെ അറിയിച്ചു പോകുന്നു എന്നത് രചനയുടെ
പ്രത്യേകതയാണ്.
പി.ഭാസ്ക്കരന്‍ എന്ന അതുല്യ
പ്രതിഭയെക്കുറിച്ചാണ് ഭാസ്ക്കരമ്മാമയില് പറയുന്നത്. അനുഭവങ്ങള്‍ ഹൃദയത്തില്‍
തിളയ്ക്കുമ്പോള്‍,ഊര്ധ്വതമാകുന്നതാണ് ഭാസ്ക്കരന്റെ കവിതയെന്ന് ഉറൂബ് .
അവരുടെ കത്തുകളും ശ്രദ്ധേയങ്ങളാണ്.
ആകാശവാണി ജീവിതത്തിലെ ഗുണദോഷങ്ങള്‍
വിവരിക്കുന്നതാണ് അമരവാണീകാലം.ഉറൂബ് നല്ലൊരു നടനായിരുന്നുവെന്നതും കോഴിക്കോട്ടുകാരുടെ നാടക പ്രേമവും
വ്യക്തമാക്കുന്നതാണ് നാടകക്കാലം.
കോടതി കയറി മുഷിഞ്ഞ കാലമാണ് കഴുകന്
ചിറകിന്റെ നിഴലില്‍ എന്ന ഭാഗത്ത് പരാമര്‍ശിക്കുന്നത്.എഴുത്തുകാരുടെ മദ്യസദസ്സുകള്‍
പ്രസിദ്ധമാണെങ്കിലും അച്ഛന് ലഹരി കണ്ടത് കവിതയിലായിരുന്നു ,അതുകൊണ്ട് അച്ഛന്
ഒരിക്കലും മദ്യിപിച്ചില്ല എന്ന് മകന് എഴുതുന്നു.
അക്കിത്തത്തെ കുറിച്ചുള്ള അനുഭവ
സാക്ഷ്യമാണ് അക്കിത്തമ്മാമ.പുരസ്ക്കാരങ്ങള്‍ക്ക് പിന്നാലെ ഓടുന്നവരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന
കാല്‍ച്ചിലമ്പ് തകര്‍ത്തു കുലുക്കി ഓടുന്നോരെയില് ഈ വാചകം ശ്രദ്ധേയം. ഉറൂബ്
പറയുമത്രെ,”ഞാണിന്മേല് എത്ര കളിച്ചാലും
സമ്മാനം താഴെ വന്നേയുള്ളു”
എന്ന്.ദാരിദ്ര്യവും ബുദ്ധിമുട്ടും ഉണ്ടെങ്കിലും
പ്രസാധകരോട് അദ്ദേഹം പറയുമായിരുന്നു, “പണവും കണക്കുമൊക്കെ അവിടെ നില്ക്കട്ടെ, മാര്‍ക്കറ്റില്‍ എപ്പോഴും എന്റെ പുസ്തകമുണ്ടായിരിക്കണം.” എന്നാല്‍
അദ്ദേഹത്തിന്റെ മരണശേഷം മനഃപൂര്‍വ്വമെന്നവണ്ണം
അദ്ദേഹത്തിന്റെ രചനകളെ വിസ്മരിക്കാന്‍ ഒരു ശ്രമം നടന്നിരുന്നു എന്ന് നമ്മള്
മനസ്സിലാക്കുന്നു.
കടവനാട് കുട്ടികൃഷ്ണന്,നാഗവള്ളി,ഓഎന്‍വി
എന്നിവരുമായുള്ള സൌഹൃദവും എഴുതുന്നുണ്ട്
സുകുമാരന്‍ ഈ പുസ്തകത്തില്‍. ഉറൂബിന്റെ മ്യൂസിയം സ്ഥാപിക്കപ്പെട്ടതും നശിച്ചതും
വായിക്കുമ്പോള്‍ വിഷമം തോന്നും. ഉറൂബിന്റെ ചില കഥാപാത്രങ്ങള്‍ ജീവനോടെയുള്ളത്
എടുത്തുകാട്ടുമ്പോള്‍ എഴുത്തുകാരന്റെ കഥാപാത്രങ്ങളെ കണ്ടെത്തുന്ന വൈഭവം നമുക്ക്
ബോധ്യമാവും.
എസ്.കെ.പൊറ്റക്കാടുമായുള്ള
സൌഹൃദം,പൊറ്റക്കാടും സുകുമാരനുമായുണ്ടായിരുന്ന വ്യക്തിബന്ധത്തിലെ ഇഴയടുപ്പങ്ങളും
അകലങ്ങളും എന്നിവയും പരാമര്‍ശിക്കുന്നു അടുത്ത അധ്യായത്തില്‍.
ജ്യേഷ്ടന് കരുണാകരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍
വൈകാരികമാണ്.വളരെ വ്യത്യസ്തരായ മക്കളാണ് ഉറൂബിനുണ്ടായിരുന്നതെന്ന് വായനക്കാര്‍
ഇതിലൂടെ മനസ്സിലാക്കുന്നു.ഇടശ്ശേരിയുടെ മകന് ഹരികുമാറിനെയും നമ്മള് സുകുമാരന്റെ
കാഴ്ചയിലൂടെ കാണുന്നുണ്ട്.
എംടിയെക്കുറിച്ച് പറയുന്നിടത്തെല്ലാം
ഒരു കൊളുത്ത് നമുക്ക് കാണാം. രണ്ട് എഴുത്തുകാരെ ഒരു ത്രാസിന്റെ രണ്ട് തട്ടില്‍
വച്ച് തുലനം ചെയ്യാന്‍ കഴിയില്ലല്ലോ. ചിലര്‍ അവരുടെ സമയം കൊണ്ട് പ്രസിദ്ധിയിലേക്ക്
ഉയരും,മറ്റു ചിലര്‍ ആഴങ്ങളിലെ തമസിലേക്ക് താഴ്ത്തപ്പെടും എന്നു മാത്രം.
ഉയിര്ത്തെഴുനേല്പ്പുകള് ഉണ്ടാകാറുണ്ട്.കാഫ്കയെപ്പോലെ ഉദാഹരണങ്ങള്‍ ഏറെ.
നന്തനാരും ബഷീറും വികെഎന്നും
കോവിലനുമൊക്കെ ചില വാക്കുകളിലൂടെയും സംഭവങ്ങളിലൂടെയും നമ്മുടെ മുന്നില്‍
അവതരിക്കുന്നുണ്ട്. ഉറൂബിന്റെ മരണം വിവരിക്കുന്ന ഭാഗം വേദനയുണര്‍ത്തുന്നു.
സാഹിത്യത്തിലെ ഈ അതികായന് നമ്മെ വിട്ടുപോകില്ല എന്ന് സുന്ദരികളും സുന്ദരന്മാരും
നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ഓര്‍മ്മായനം
അടച്ചു വയ്ക്കുമ്പോള്‍ നാം സ്മരിക്കുന്നു. തികച്ചും വായന അര്‍ഹിക്കുന്ന പുസ്തകം.
ഡിസി ബുക്സ്---- 140 രൂപ.

അറിയാത്തൊരു പുസ്തകത്തെ പരിചയപ്പെടുത്തിയതിന് നന്ദി...
ReplyDelete